തിയേറ്ററില്‍ കൊടുംങ്കാറ്റായി കളക്ഷന്‍ റെക്കോഡുകള്‍ തൂത്തുവാരുകയാണ് നെല്‍സണ്‍ സംവിധാനം ചെയ്ത ജയിലര്‍ 2. തമിഴകത്തിന്റെ സ്റ്റാര്‍ഡത്തിന്റെ അവസാന വാക്കായ രജിനികാന്ത് നായകനായ ചിത്രം ഏഴ് ദിവസത്തിനുള്ളില്‍ അഞ്ഞൂറ് കോടി പിന്നിടുകയും തമിഴ്നാട്ടിലെ പുതിയ ഇന്‍ഡസ്ട്രി ഹിറ്റായി മാറുകയും ചെയ്തിരുന്നു. തമിഴ്നാടിന് പുറമെ സൗത്ത് ഇന്ത്യയിലെ തെലുങ്ക്, കന്നഡ, മലയാളം ടെറിട്ടറികളില്‍ നിന്നും അമ്പത് കോടി പിന്നിടുന്ന ചിത്രമായും ഇതിനോടകം ജയിലര്‍ 2 മാറിയിട്ടുണ്ട്.

ജയിലര്‍ 2. Photo: X.com

കന്നഡയില്‍ നിന്നും ശിവരാജ്കുമാറും മലയാളത്തില്‍ മോഹന്‍ലാലും ഒപ്പം ജാക്കി ഷ്‌റോഫ്, ഹൃത്വിക് റോഷന്‍, വിദ്യാ ബാലന്‍ തുടങ്ങി ഇന്ത്യയിലെ പല ഇന്‍ഡസ്ട്രികളിലുള്ള വമ്പന്‍മാര്‍ അണിനിരന്നതോടെയാണ് ചിത്രത്തിന് കേരളത്തിന് പുറത്ത് നിന്നും വലിയ സ്വീകാര്യത ലഭിച്ചത്. മോഹന്‍ലാലിന് പുറമെ സുരാജ് വെഞ്ഞാറമൂട്, ഹക്കീം ഷാ, ഷംന കാസിം, കോട്ടയം നസീര്‍ തുടങ്ങി ഒട്ടനവധി മലയാളി അഭിനേതാക്കളും ചിത്രത്തില്‍ വേഷമിട്ടിരുന്നു. ഇതോടെ കേരളത്തിലും വലിയ കളക്ഷനായിരുന്നു ലഭിച്ചത്. അമ്പത് കോടിയും കഴിഞ്ഞ് അറുപത് കോടിയിലെത്തി നില്‍ക്കുകയാണ് ചിത്രത്തിന്റെ കളക്ഷന്‍ ഇപ്പോള്‍.

ഇതോടെ കേരളത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന തമിഴ് ചിത്രമെന്ന നേട്ടവും ജയിലര്‍ 2 സ്വന്തമാക്കിയിരുന്നു. ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സില്‍ നിന്നും വമ്പന്‍ ഹൈപ്പില്‍ പുറത്തിറങ്ങിയ വിജയ് ചിത്രം ലിയോയുടെ റെക്കോഡാണ് പഴങ്കഥയായത്. അറുപത് കോടിയ്ക്കടുത്തായിരുന്നു ലിയോയുടെ കളക്ഷന്‍. ഇതോടെ കേരളത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ കളക്ഷന്‍ സ്വന്തമാക്കിയ ടോപ് സെവന്‍ ചിത്രങ്ങളുടെ ലിസ്റ്റില്‍ രജിനിയുടെ മൂന്ന് ചിത്രങ്ങളാണ് ഇടംപിടിച്ചിരിക്കുന്നത്.

ജയിലര്‍ 2. Photo: X.com

ജയിലര്‍ 2വിന്റെ ആദ്യഭാഗമായ 2023ല്‍ പുറത്തിറങ്ങിയ ജയിലറാണ് ലിസ്റ്റില്‍ മൂന്നാം സ്ഥാനത്തുള്ളത്. 57 കോടിയായിരുന്നു ചിത്രം നേടിയത്. 25 കോടി നേടിയ വിക്രമാണ് താരത്തിന്റെ ലിസ്റ്റിലെ മൂന്നാമത്തെ ചിത്രം. ചിത്രത്തിന് വലിയ ഓപ്പണിങ് കേരളത്തില്‍ കിട്ടിയതോടെ നൂറ് കോടി നേടുന്ന ആദ്യചിത്രമായി ജയിലര്‍ 2 മാറുമെന്ന് പലരും പ്രവചിച്ചിരുന്നു. എന്നാല്‍ പൂജ അവധിയ്ക്ക് ശേഷം കളക്ഷനില്‍ ചെറിയ ഇടിവ് സംഭവിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Content Highlight: Kerala box office collection of Jailer 2 movie