ന്യൂദല്‍ഹി: ദല്‍ഹി മെട്രോ ട്രെയിനിനുള്ളില്‍ സര്‍ക്കാര്‍ വിരുദ്ധ പോസ്റ്ററുകള്‍ പതിച്ചതുമായി ബന്ധപ്പെട്ട് തിരിച്ചറിയാത്ത വ്യക്തികള്‍ക്കെതിരെ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്ത് ദല്‍ഹി പൊലീസ്. പൊതുസ്വത്ത് നശിപ്പിക്കല്‍ നിരോധന നിയമം, മെട്രൊ റെയില്‍വേ ആക്ട് എന്നിവ പ്രകാരമാണ് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
2026 ഒക്ടോബര്‍ 20-ന് എയര്‍പോര്‍ട്ട് എക്സ്പ്രസ് ലൈനിലെ ട്രെയിന്‍ ഓപ്പറേറ്റര്‍ നടത്തിയ പരിശോധനയിലാണ് പോസ്റ്ററുകള്‍ ശ്രദ്ധയില്‍പ്പെട്ടത്. ന്യൂദല്‍ഹി സ്റ്റേഷന് മുതല്‍ യശോഭൂമി സ്റ്റേഷന് വരെയുള്ള യാത്രയ്ക്കിടയിലാണ് ട്രെയിന്‍ കോച്ചുകള്‍ക്കുള്ളില്‍ ഇവ പതിപ്പിച്ചത്.
‘അസംതൃപ്തരാണോ? നിങ്ങള്‍ തനിച്ചല്ല’ തുടങ്ങിയ വാചകങ്ങളും ഭരണപരിഷ്കാരങ്ങളുമായി ബന്ധപ്പെട്ട മറ്റ് പ്രസ്താവനകളും എ-ഫോര്‍ സൈസ് പേപ്പറിലുള്ള പോസ്റ്ററുകളില്‍ ഉണ്ടായിരുന്നു.
കൂടാതെ ഒരു പ്രത്യേക ഓണ്‍ലൈന്‍ ഗ്രൂപ്പിലേക്ക് ആളുകളെ നയിക്കുന്ന ഒരു ക്യു.ആര് കോഡും ഈ പോസ്റ്ററുകളില്‍ ഉള്‍പ്പെടുത്തിയിരുന്നു.
സമീപ വര്‍ഷങ്ങളില്‍ രാജ്യത്തുണ്ടായ മാറ്റങ്ങളെക്കുറിച്ചുള്ള ഒമ്പത് അവകാശവാാദങ്ങളും വിശദമായി പോസ്റ്ററുകളില്‍ പട്ടികപ്പെടുത്തിയതായും പൊലീസ് പറയുന്നു. വിവരമറിഞ്ഞയുടന്‍ മെട്രോ അധികൃതര്‍ പോസ്റ്ററുകള്‍ നീക്കം ചെയ്യുകയും പൊലീസിന് കൈമാറുകയും ചെയ്തു.
സംഭവത്തിന് പിന്നില്‍ ആസൂത്രിതമായ നീക്കങ്ങള്‍ ഉണ്ടോയെന്ന് ഡല്‍ഹി പൊലീസിന്റെ സ്പെഷ്യല്‍ സെല്‍ അന്വേഷിച്ചുവരികയാണ്.
Content Highlight: Are you dissatisfied? You are not alone: Anti-government poster in Delhi Metro; case registered.
