മലയാളികളുടെ പ്രിയപ്പെട്ട അഭിനേതാക്കളിലൊരാളാണ് ജയസൂര്യ. ജൂനിയര്‍ ആര്‍ടിസ്റ്റായി സിനിമയിലെത്തിയ താരം ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയുടെ മുന്‍നിരയിലേക്കെത്തിച്ചേരുകയായിരുന്നു. ആട് 3യിലൂടെ ഈ വര്‍ഷം നൂറ് കോടി ക്ലബില്‍ ഇടം പിടിക്കാനും താരത്തിന് സാധിച്ചിരുന്നു. ജയസൂര്യയുടേതായി അണിയറയില്‍ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രമാണ് റോജിന്‍ തോമസ് സംവിധാനം ചെയ്യുന്ന കത്തനാര്‍.
വലിയ പ്രതീക്ഷയാണ് ചിത്രത്തെ കുറിച്ച് മലയാളി പ്രേക്ഷകര്‍ക്കുള്ളത്. കത്തനാറിന് മുമ്പ് താരത്തിന്റേതായി തിയേറ്ററുകളിലേക്കെത്തുന്ന ചിത്രമാണ് നാളെ (വ്യാഴം) തിയേറ്ററുകളിലേക്കെത്തുന്ന ടൈറ്റന്‍സ്. ചിത്രവുമായി ബന്ധപ്പെട്ട് ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ മലയാളത്തിന്റെ അഭിമാന താരങ്ങളായ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും കുറിച്ച് ജയസൂര്യ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.

ടൈറ്റന്‍സ്. Photo: X.com
മമ്മൂട്ടിയുടെ ഭ്രമയുഗത്തിലെ പ്രകടനം ചൂണ്ടിക്കാണിച്ചായിരുന്നു ജയസൂര്യ സംസാരിച്ചത്. രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ചിത്രത്തിലെ ചാത്തനായുള്ള പെര്‍ഫോമന്‍സിലൂടെ മമ്മൂട്ടി തന്റെ നാലാമത്തെ ദേശീയ പുരസ്‌കാരം സ്വന്തമാക്കിയിരുന്നു. ചിത്രത്തിലെ ക്ലൈമാക്‌സ് സീനില്‍ മമ്മൂട്ടി നല്‍കിയ ഒരു റിയാക്ഷനെ കുറിച്ചാണ് ജയസൂര്യ സംസാരിച്ചത്.
‘തുടക്കകാലത്ത് സിനിമകള്‍ കാണുമ്പോള്‍ എനിക്ക് എങ്ങനെയെങ്കിലും അഭിനയിക്കണം എന്നൊരു ആഗ്രഹം മാത്രമാണുണ്ടായിരുന്നത്. സിനിമയെ ലെയറുകളായി മനസിലാക്കാനുള്ള കഴിവുകളൊന്നും അന്ന് നമുക്ക് ഇല്ലല്ലോ. ലാലേട്ടന്റെയും മമ്മൂക്കയുടെയും സിനിമ കാണുമ്പോള്‍ എന്ത് രസമായിട്ടാണല്ലേ അഭിനയിക്കുന്നത് എന്ന് നമുക്ക് തോന്നും. അവരെ നമുക്ക് ഒാരോ കഥാപാത്രമായിട്ട് ഫീല്‍ ചെയ്യും. സൂര്യമാനസവും ഭരതവും കാണുമ്പോള്‍ അതിലേക്ക് നമ്മള്‍ പോകും. അവരൊക്കെ തന്നെയാണ് നമ്മുടെ ഇന്‍സ്പിരേഷന്‍.
ഇവരുടെ സിനിമകള്‍ സംഭവിക്കുമ്പോള്‍ അവര്‍ പോലും അറിയാതെ ഒരുപാട് പേരെ ഇന്‍സ്പയര്‍ ചെയ്യുന്നുണ്ട്. മമ്മൂക്കയും ലാലേട്ടനും കാരണം എത്രയോ പേര്‍ സിനിമയിലേക്ക് വന്നിട്ടുണ്ട്. അതുപോലെ തന്നെയാണ് ക്യാമറമാനും ആര്‍ട്ടില്‍ പ്രവര്‍ത്തിക്കുന്നവരുമെല്ലാം. അവരെല്ലാം ആ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെ മോട്ടിവേറ്റ് ചെയ്യുന്നുണ്ട്. പക്ഷേ ഇപ്പോള്‍ ഒരു ജൂനിയര്‍ സീനിയര്‍ എന്ന സംഭവം സിനിമയിലില്ല. അവരില്‍ നിന്നെല്ലാം നമുക്ക് പഠിക്കാനുണ്ട്. ഒരു റിയാക്ഷന്‍ പോലും അവരെങ്ങനെയാണ് ഇടുന്നതെന്ന് ഞാന്‍ ചിന്തിക്കാറുണ്ട്.
ഉദാഹരണത്തിന് ഭ്രമയുഗം എന്ന സിനിമയുടെ ക്ലൈമാക്‌സില്‍ മമ്മൂക്ക മുഖം കൊണ്ട് ഒരു കാര്യം ചെയ്യുന്നുണ്ട്. എന്ത് ചിന്തിച്ചിട്ടായിരിക്കും മമ്മൂക്ക അങ്ങനെ ചെയ്തതെന്ന് ഞാന്‍ ഒരുപാട് ആലോചിച്ചിട്ടുണ്ട്. അദ്ദേഹത്തിന് വേണമെങ്കില്‍ പല രീതിയില്‍ അത് ചെയ്യാമായിരുന്നു. ആ മൈന്‍ഡ് സെറ്റിനെ കുറിച്ചാണ് ഞാന്‍ എപ്പോഴും ആലോചിക്കാറുള്ളത്,’ ജയസൂര്യ പറഞ്ഞു.

ജയസൂര്യ. Photo: X.com
പ്രിന്‍സ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റന്‍സ്’ ആണ് ജയസൂര്യയുടെ ഏറ്റവും പുതിയ ചിത്രം. ജയസൂര്യ- വിനായകന്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം ഒക്ടോബര്‍ 22ന് തിയറ്ററുകളില്‍ എത്തും. നേരമ്പോക്ക്, മാനുവല്‍ മൂവി മേക്കേഴ്സ്, അവനിര്‍ ടെക് എന്നീ ബാനറുകളില്‍ മിഥുന്‍ മാനുവല്‍ തോമസും ഇര്‍ഷാദ് എം. ഹസനും, ബാബു ഏട്ടന്‍ ഫിലിംസിന്റെ ബാനറില്‍ പ്രദീപ് സി.എസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജയസൂര്യ, വിനായകന്‍ എന്നിവര്‍ക്കൊപ്പം നിഹാല്‍, ബേബി ജീന്‍, സണ്ണി വെയ്ന്‍, ഇന്ദ്രന്‍സ്, സുരേഷ് കൃഷ്ണ തുടങ്ങിയവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
Content Highlight: Jayasurya talks about Mohanlal and Mammootty
