കഴിഞ്ഞ ദിവസം തിയേറ്ററുകളിലെത്തി മികച്ച പ്രതികരണം സ്വന്തമാക്കിയ ചിത്രമാണ് പ്രിന്‍സ് ജോയ് സംവിധാനം ചെയ്ത ടൈറ്റന്‍സ്. ഫാന്റസി കോമഡി ആക്ഷന്‍ ഴോണറിലൊരുക്കിയ ചിത്രത്തില്‍ ജയസൂര്യയും വിനായകനുമായിരുന്നു പ്രധാനവേഷത്തിലെത്തിയത്. കൊച്ചിയില്‍ തട്ടിപ്പും വെട്ടിപ്പുമായി നടക്കുന്ന ആന്റണി യക്കൂസയെന്ന കഥാപാത്രത്തെയായിരുന്നു ചിത്രത്തില്‍ ജയസൂര്യ അവതരിപ്പിച്ചത്. ആന്റണിയെ നന്നാക്കാന്‍ വരുന്ന കാവല്‍ മാലാഖയായ റെജിമോന്‍ എന്ന കഥാപാത്രമായി വിനായകനും തന്റെ ഭാഗം മികച്ചതാക്കിയിരുന്നു.

Photo: X.com
മലയാളത്തില്‍ അധികം കണ്ടുപരിചയിച്ചിട്ടില്ലാത്ത ഫാന്റസി ത്രെഡില്‍ കഥ പറഞ്ഞ ചിത്രത്തിന്റെ വി.എഫ്.എക്‌സിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. കുറഞ്ഞ ബജറ്റില്‍ മികച്ച ദൃശ്യവിരുന്നായിരുന്നു ചിത്രം പ്രേക്ഷകര്‍ക്കായി ഒരുക്കിയത്. എന്നാല്‍ കൗതുകമുണര്‍ത്തിയ മറ്റൊരു ഘടകമായിരുന്നു ടൈറ്റന്‍സിലെ കാസ്റ്റിങ്. ജയസൂര്യയ്ക്കും ഇന്ദ്രന്‍സിനും പുറമെ സണ്ണി വെയ്ന്‍, ഇന്ദ്രന്‍സ് തുടങ്ങിയവരായിരുന്നു ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തിയ മറ്റ് രണ്ട് അഭിനേതാക്കള്‍. ഇവര്‍ക്കൊപ്പം സംവിധായകനായ മിഥുന്‍ മാനുവല്‍ തോമസ് ടൈറ്റന്‍സിന്റെ നിര്‍മാതാക്കളിലൊരാളായെത്തുകയും ചെയ്തതോടെ ഈ വര്‍ഷം പുറത്തിറങ്ങിയ ആട് 3യുമായി ചിത്രത്തിനുള്ള ബന്ധം പലരും ചര്‍ച്ചയാക്കിയിരുന്നു.
ഈ വര്‍ഷം പുറത്തിറങ്ങി തിയേറ്ററില്‍ നിന്നും വലിയ വിജയം സ്വന്തമാക്കിയ ആട് 3യുടെ സംവിധായകനും അഭിനേതാക്കളും ചിത്രത്തിന്റെ ഷൂട്ടിന്റെ ഇടവേളയ്ക്കിടെ എടുത്ത ചിത്രമാണോ ടൈറ്റന്‍സ് എന്നാണ് പലരുടെയും ചോദ്യം. ആട് 3യിലെ ഷാജി പാപ്പനും ഡ്യൂഡും പി.പി ശശി ആശാനും സാത്താന്‍ സേവ്യറും ടൈറ്റന്‍സിലേക്കെത്തുമ്പോള്‍ ആന്റണി യക്കൂസയും റെജിമോനും ആനന്ദ് ജിയും ലൂസിഫറുമായി മാറുകയായിരുന്നു.
ആട് എന്ന ഹിറ്റ് ഫ്രാഞ്ചൈസി മലയാളികള്‍ക്ക് സമ്മാനിച്ച സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് ചിത്രത്തിന്റെ പ്രൊഡ്യൂസറായി എത്തിയതോടെ അണിയറയിലും ഈ കണക്ഷന്‍ ശക്തമായിരുന്നു. ആട് പോലെ തന്നെ ഓരോ കഥാപാത്രങ്ങളെയും ഇനിയും വികസിപ്പിക്കാനും സീക്വലുകള്‍ പുറത്തിറക്കാനും സാധിക്കുന്ന വിധത്തിലാണ് ടൈറ്റന്‍സിന്റെയും കഥാപശ്ചാത്തലം.

ടൈറ്റന്‍സ്. Photo: District
രണ്ട് ചിത്രങ്ങളിലും അഭിനയിച്ച അഭിനേതാക്കള്‍ ഒന്നാണെങ്കിലും ഇരു ചിത്രങ്ങളിലെയും ഇവരുടെ മാനറിസങ്ങളിലുള്ള വ്യത്യാസം എടുത്തുപറയേണ്ടതാണ്. കോമഡി രംഗങ്ങളില്‍ പോലും സാമ്യത വരാത്ത വിധത്തില്‍ ആടില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ പെര്‍ഫോമന്‍സായിരുന്നു അഭിനേതാക്കള്‍ ടൈറ്റന്‍സില്‍ കാഴ്ച്ചവെച്ചത്. ഇന്‍ഡസ്ട്രിയിലെ വര്‍ഷങ്ങളായുള്ള തങ്ങളുടെ എക്‌സ്പീരിയന്‍സിന്റെ ഷോക്കേസായിരുന്നു ഇവരുടെ പ്രകടനമെന്ന് നിസംശയം പറയാം.
Content Highlight: Titans movie cast has lot of similarities with Aadu 3 cast
