ന്യൂദല്‍ഹി: ജന്തര്‍ മന്തറില്‍ കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ (സി.ജെ.പി) നേതൃത്വത്തില്‍ നടന്ന പ്രതിഷേധങ്ങളില്‍ പങ്കെടുക്കാന്‍ പ്രചാരണം നടത്തിയതിന് വിദ്യാര്‍ത്ഥിക്ക് നോട്ടീസ് അയച്ച ഗ്രേറ്റര്‍ നോയിഡ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെ നടപടി ചോദ്യം ചെയ്ത് സൂപ്രീംകോടതി. എന്തുകൊണ്ടാണ് നോട്ടീസ് അയച്ചതെന്ന് ഗ്രേറ്റര്‍ നോയിഡയിലെ ഗൗതം ബുദ്ധ നഗര്‍ ജില്ലാ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിനോട് സുപ്രീം കോടതി ചോദിച്ചതായി ബാര്‍ ആന്‍ഡ് ബെഞ്ച് റിപ്പോര്‍ട്ട് ചെയ്തു.
വിദ്യാര്‍ത്ഥി പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട എഫ്.ഐ.ആറുകള്‍ സുപ്രീം കോടതി റദ്ദാക്കുകയും ഭാവിയില്‍ കേസെടുക്കുന്നത് തടയുകയും ചെയ്തിട്ടും എങ്ങനെയാണ് എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് നോട്ടീസ് അയച്ചതെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് വി മോഹന എന്നിവരടങ്ങിയ ബെഞ്ച് ചോദിച്ചു. മുതിര്‍ന്ന അഭിഭാഷകന്‍ ബിശ്വജിത് ഭട്ടാചാര്യ ഈ നോട്ടീസിനെക്കുറിച്ച് വാക്കാല്‍ സൂചിപ്പിക്കുകയും കോടതി ഈ വിഷയം പരിഗണിക്കുകയുമായിരുന്നു.
ഗൗതം ബുദ്ധ സര്‍വകലാശാലയിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിക്കായിരുന്നു എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് നോട്ടീസ് അയച്ചത്. അഞ്ച് ലക്ഷം രൂപയുടെ വ്യക്തിഗത ബോണ്ട് നല്‍കാത്തതിന് കാരണം കാണിക്കാന്‍ ആവശ്യപ്പെട്ടതായും മജിസ്‌ട്രേറ്റിന്റെ നോട്ടീസില്‍ വിദ്യാര്‍ത്ഥിയോട് ആവശ്യപ്പെട്ടതായി ഭട്ടാചാര്യ കോടതിയോട് പറഞ്ഞു. നോട്ടീസ് പിന്നീട് പിന്‍വലിച്ചുവെന്നും അഭിഭാഷകന്‍ ബോധിപ്പിച്ചു.
‘നോയിഡ പൊലീസിന്റെ നിര്‍ദ്ദേശപ്രകാരം ഗ്രേറ്റര്‍ നോയിഡയിലെ എക്‌സിക്യൂട്ടീവ് മജിസ്ട്രേറ്റ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിക്ക് നോട്ടീസ് നല്‍കി. അത് നടപ്പിലാക്കാന്‍ പോകുകയായിരുന്നു. പിന്നീട് അത് പിന്‍വലിച്ചതായി പത്രങ്ങളില്‍ വന്നു.
ഇന്ത്യയിലെ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടത്തിയ ഒരു പരീക്ഷണമാണിത്. ഇത് പ്രഥമദൃഷ്ട്യാ കോടതിയലക്ഷ്യമാണ്. നോയിഡയിലെയും യു.പിയിലെയും അധികാരികള്‍ക്ക് വിദ്യാര്‍ത്ഥികളില്‍ ഭയം സൃഷ്ടിക്കാന്‍ കഴിയില്ല,’ അഭിഭാഷകന്‍ പറഞ്ഞു.
ഒരു മജിസ്ട്രേറ്റിന് എങ്ങനെ ഇത്തരമൊരു നോട്ടീസ് നല്‍കാന്‍ ധൈര്യമുണ്ടായെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ചോദിച്ചു. വിദ്യാര്‍ത്ഥികള്‍ക്കെതിരെ ഇത്തരം നടപടികളെടുക്കരുതെന്ന് കോടതി വ്യക്തമാക്കിയിരുന്നു. എന്നിട്ടും അത് ലംഘിച്ച് എങ്ങനെയാണ് മജിസ്‌ട്രേറ്റ് ഈ ഉത്തരവിറക്കിയെന്നും അദ്ദേഹം ചോദിച്ചു.
നോട്ടീസ് പിന്‍വലിച്ചു എന്നത് കൊണ്ട് മാത്രം ജില്ലാ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെ കോടതിയലക്ഷ്യ നടപടി ഇല്ലാതാവുന്നില്ലെന്ന് അഭിഭാഷകന്‍ ഭട്ടാചാര്യ കോടതിയില്‍ പറഞ്ഞതായി ലൈവ് ലോ റിപ്പോര്‍ട്ട് ചെയ്തു. നോട്ടീസ് പിന്‍വലിച്ചോ എന്നും നോട്ടീസില്‍ നടപടിയെന്തെങ്കിലും അധികൃതര്‍ സ്വീകരിച്ചിട്ടുണ്ടോയെന്നുമുള്ള ജസ്റ്റിസ് ജോയ്മല്യ ഭാഗ്ചിയുടെ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. നോട്ടീസ് നല്‍കിയ നടപടി കോടതിയുടെ മഹത്വത്തെ അവഹേളിക്കലാണെന്നും അഭിഭാഷകന്‍ പറഞ്ഞു.
ഈ വിഷയം ഹരജി വഴി സമര്‍പിക്കാന്‍ കോടതി അഭിഭാഷകനോട് ആശ്യപ്പെട്ടു. ഇക്കാര്യത്തില്‍ ഔദ്യോഗികമായി നോയിഡ അധികൃതരില്‍ നിന്ന് വിശദീകരണം തേടുമെന്നും കോടതി വ്യക്തമാക്കി. ‘ജില്ലാ മജിസ്ട്രേറ്റിനോട് വിശദീകരണം ചോദിക്കും. ഞങ്ങള്‍ ചോദിക്കും,’ എന്ന് ചീഫ് ജസ്റ്റിസ് ഉറപ്പ് നല്‍കി.
ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയുടെ 126/135 വകുപ്പ് പ്രകാരമാണ് നോയിഡയിലെ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് കോടതി വിദ്യാര്‍ത്ഥിയായ അക്ഷത് ത്രിപാഠിക്കെതിരെ നോട്ടീസ് പുറപ്പെടുവിച്ചത്. പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ അദ്ദേഹം മറ്റ് വിദ്യാര്‍ത്ഥികളെ പ്രേരിപ്പിക്കുന്നുവെന്നാണ് പൊലീസ് പറയുന്നതെന്നും ലൈവ് ലോ റിപ്പോര്‍ട്ട് ചെയ്തു.
ഈ മാസം നാലിനാണ് വിദ്യാര്‍ത്ഥിക്ക് എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് നോട്ടീസ് അയച്ചത്. പ്രതിഷേധങ്ങള്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കാനും പുതിയ കേസുകളെടുക്കാതിരിക്കാനും ഈ മാസം ഒന്നിനായിരുന്നു സുപ്രീംകോടതി ഉത്തരവിട്ടത്.
അക്ഷത് ത്രിപാഠി സമരം നയിക്കാനും സര്‍ക്കാരിനെതിരെ വ്യാജ പ്രചാരണം നടത്താനും ശ്രമിച്ചുവെന്നും ക്രമസമാധാന പ്രശ്നമുണ്ടാക്കിയെന്നും പൊലീസ് ആരോപിച്ചിരുന്നു. പൊലീസ് നിര്‍ദേശപ്രകാരമായിരുന്നു കോടതി നോട്ടീസ് അയച്ചത്. ആറ് മാസത്തേക്ക് സമാധാനം പാലിക്കുമെന്ന ഉറപ്പില്‍ അഞ്ച് ലക്ഷം രൂപയുടെ ബോണ്ടും രണ്ട് ജാമ്യക്കാരെയും ഹാജരാക്കാന്‍ നോട്ടീസില്‍ ആവശ്യപ്പെട്ടിരുന്നു. കടുത്ത പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് നോട്ടീസ് റദ്ദാക്കുകയും ചെയ്തിരുന്നു.
Content Highlight: SC slams Greater Noida magistrate for issuing notice to student despite bar on coercive action
