ന്യൂദല്‍ഹി: ആഭ്യന്തരമന്ത്രി അമിത് ഷായും അദ്ദേഹത്തിന്റെ വകുപ്പും ദല്‍ഹി പൊലീസുമൊക്കെ എന്താണ് ചെയ്യുന്നതെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ദല്‍ഹിയില്‍ മണിപ്പൂര്‍ സ്വദേശിയായ സംഗീതജ്ഞന്‍ ചോങ്തം വിക്രത്തെ മര്‍ദിച്ച് കൊല്ലപ്പെടുത്തിയ സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് പ്രത്യേകിച്ച് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് നേരെ വര്‍ധിച്ചുവരുന്ന അതിക്രമങ്ങള്‍ തടയാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ദല്‍ഹി പൊലീസും എന്താണ് ചെയ്യുന്നതെന്ന് രാഹുല്‍ ഗാന്ധി ചോദിച്ചു.
ദല്‍ഹിയിലെ കിളോകരി മേഖലയില്‍ ഞായറാഴ്ച രാത്രിയായിരുന്നു 54കാരനായ വിക്രം സിങ്ങിന് നേരെ ആക്രമണമുണ്ടായത്.
വീടിന് പുറത്ത് ചിലര്‍ ബഹളമുണ്ടാക്കുകയും മദ്യപിക്കുകയും ചെയ്തതിനെ തുടര്‍ന്ന് ശബ്ദം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് പുറത്തേക്ക് എത്തിയപ്പോഴാണ് സംഘവുമായി തര്‍ക്കമുണ്ടായതെന്ന് പൊലീസ് റിപ്പോര്‍ട്ട്.
തുടര്‍ന്ന് സംഘം അദ്ദേഹത്തെ മര്‍ദിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സിങ് ചികിത്സയ്ക്കിടെ മരിച്ചു.
സംഭവത്തില്‍ ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തതായി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ഒരു പ്രായപൂര്‍ത്തിയാകാത്തയാളെയും കസ്റ്റഡിയിലെടുത്തതായി പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.
‘സ്വന്തം വീടിന് മുന്നില്‍, സ്വന്തം രാജ്യത്തിന്റെ തലസ്ഥാനത്ത് ഒരു പിതാവ് കൊല്ലപ്പെട്ടു. ദല്‍ഹിയില്‍ കഴിയുന്ന വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ഓരോ കുടുംബവും ഇപ്പോള്‍ തങ്ങള്‍ സുരക്ഷിതരാണോ എന്നാണ് ചോദിക്കുന്നത്,’ രാഹുല്‍ ഗാന്ധി പറഞ്ഞു.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ അമിത് ഷായുടെ ആഭ്യന്തര മന്ത്രാലയവും ദല്‍ഹി പൊലീസും അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Content Highlights: Killing of Manipur musician; anarchy growing in the country: Rahul Gandhi targets Amit Shah.
