തിരുവനന്തപുരം: സി.എം.ആര്‍.എല്‍-എക്സാലോജിക് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ അഴിമതി നിരോധന നിയമപ്രകാരം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാനുള്ള എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നിര്‍ദേശത്തില്‍ നിയമ വശങ്ങള്‍ പരിശോധിച്ച ശേഷം തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.

നിയമപരമായ മാര്‍ഗങ്ങള്‍ തേടി നിയമപരമായ പരിശോധന പൂര്‍ത്തിയാക്കി തീരുമാനം എടുക്കുമെന്നും വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവെ അദ്ദേഹം വ്യക്തമാക്കി.

ഇ.ഡിയാണ് ഈ കാര്യം ആവശ്യപ്പെട്ട് കത്ത് അയച്ചത് എന്നത് കൊണ്ട് പറ്റില്ല എന്ന് പറഞ്ഞ് തിരിച്ചയക്കാന്‍ സംസ്ഥാന സര്‍ക്കാരിന് പറ്റുമോ എന്നും അദ്ദേഹം ചോദിച്ചു. സര്‍ക്കാര്‍ പരിശോധന നടത്തും. അവര് ഒരു സെന്‍ട്രല്‍ ഏജന്‍സിയാണ്. കള്ളപ്പണം തടയല്‍ നിയമത്തിന്റെ ഭാഗമായിട്ട് രൂപീകരിച്ച ഒരു ഏജന്‍സി അയച്ചുതന്നിരിക്കുന്ന നിയമപരമായ കാര്യങ്ങളാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ തീരുമാനം എടുക്കും മുമ്പ് ഈ കാര്യത്തെക്കുറിച്ച് ടെന്‍ഷന്‍ ആകേണ്ടെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ‘നമ്മളെ അറിയിച്ചിരിക്കുന്ന കാര്യങ്ങളുടെ ഗൗരവം പരിശോധിക്കണ്ടേ. അതില്‍ നമുക്ക് അയച്ചു തന്നിട്ടുണ്ട് തെളിവുകള്‍ അയച്ചു തന്നിട്ടുണ്ട്. അതെല്ലാം പരിശോധിക്കണ്ടേ. നിയമപരമായ പരിശോധന നടത്തിയിട്ടേ ചെയ്യാന്‍ പറ്റുള്ളൂ. പരിശോധന നടത്തും,’ മുഖ്യമന്ത്രി വ്യക്തമാക്കി.

പിണറായിയുടെ കാര്യത്തില്‍ ഒരു കേസ് മാത്രമല്ല ഇ.ഡി അയച്ച് തന്നതെന്നും സതീശന്‍ പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടികള്‍ കമ്പനികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും പണം വാങ്ങിക്കുമെന്നും എന്നാല്‍ അതല്ല സി.എം.ആര്‍.എല്‍-എകസാലോജിക് കേസില്‍ പറയുന്നതെന്നും സതീശന്‍ ചൂണ്ടിക്കാട്ടി. അത് വ്യത്യസ്തമായ കേസാണ്. ആ കേസ് മാത്രമല്ല ഇ.ഡി. അയച്ചു തന്നിരിക്കുന്നതിലുള്ളത്. അതിനേക്കാള്‍ അപ്പുറത്തുള്ള കേസുകളൊക്കെ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ വിഷയത്തില്‍ സര്‍ക്കാര്‍ ഇതുവരെ തീരുമാനം എടുത്തിട്ടില്ല. നിയമപരമായ വഴിയില്‍ ഇത് പോകുമെന്നും അദ്ദേഹം പറഞ്ഞു. ഇ.ഡി രാഷ്ട്രീയ പ്രേരിതമായാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ അതിനെതിരെ പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാഹുലിനും സോണിയക്കും എതിരെ കേസ് വന്നപ്പോള്‍ അവര്‍ അന്വേഷണവുമായി സഹകരിക്കുകയും അതിനകത്ത് രാഷ്ട്രീയം ഉള്ളപ്പോള്‍ അതിനെ എതിര്‍ക്കുയുമായിരുന്നെന്നും സതീശന്‍ പറഞ്ഞു. അന്ന് കോണ്‍ഗ്രസുകാര്‍ ആരും ഇ.ഡിയുടെ വാഹനം അടിച്ചു തകര്‍ത്തില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

‘രാഹുല്‍ ഗാന്ധി എന്താ ചെയ്തത്. സോണിയ ഗാന്ധി എന്താ ചെയ്തത്. അവര് പോയി ഹാജരായി, മണിക്കൂറുകളോളം അവരുടെ തെളിവെടുപ്പിനും മറ്റേതും എല്ലാം ചെയ്തു. പുറത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇ.ഡിയുടെ വാഹനം തല്ലിപ്പൊളിക്കാന്‍ പോയില്ല.

ആ അന്വേഷണവുമായിട്ട് അവര്‍ പൂര്‍ണമായി സഹകരിച്ചു. ഒന്നും ചെയ്യാന്‍ പറ്റിയില്ല അവരെ. 55 മണിക്കൂറാണ് ചോദ്യം ചെയ്തത്. അവിടെ ദല്‍ഹിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഇ.ഡിയുടെ വാഹനം തല്ലിപ്പൊളിക്കായിരുന്നു. ചെയ്തില്ല ഒന്നും ചെയ്തില്ല.

ഞങ്ങള്‍ അന്വേഷണമായിട്ട് പൂര്‍ണമായി സഹകരിച്ചു. അതിനകത്ത് രാഷ്ട്രീയം ഉള്ളപ്പോള്‍ രാഷ്ട്രീയം ആരോപിച്ചു. അതില്‍ എന്താ തെറ്റ്,’ മുഖ്യമന്ത്രി ചോദിച്ചു. തങ്ങളുടെ മുന്നില്‍ വന്ന കാര്യങ്ങളുടെ ഗൗരവം മനസിലാക്കി നിയമപരമായ പരിശോധന നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

Content Highlight: Kerala CM VD Satheesan about ED Letter on CMRL-Exalogic Case against Pinarayi