ഓണം റിലീസായെത്തിയ ബിഗ് ബജറ്റ് സിനിമകളെ ബഹുദൂരം പിന്നിലാക്കി ചരിത്രവിജയത്തിലേക്ക് കുതിക്കുകയാണ് ബെത്‌ലഹേം കുടുംബ യൂണിറ്റ്. കുടുംബപ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ച ചിത്രം മോളിവുഡിലെ പുതിയ ഇന്‍ഡസ്ട്രി ഹിറ്റായി മാറാന്‍ പോവുകയാണ്. ബജറ്റിന്റെ ആധിക്യമോ വലിയ താരനിരയോ ഇല്ലാതെ വന്ന ചിത്രം ഇന്നും തിയേറ്ററുകളെ ജന സാഗരമാക്കുകയാണ്.

റിലീസ് ചെയ്ത് 19 ദിവസം പിന്നിടുമ്പോള്‍ റെക്കോഡ് കളക്ഷനാണ് ചിത്രത്തിന് ലഭിക്കുന്നത്. ഏറ്റവും വേഗത്തില്‍ 250 കോടി ക്ലബ്ബില്‍ ഇടംനേടിയ ചിത്രങ്ങളുടെ ലിസ്റ്റില്‍ കഴിഞ്ഞദിവസം ഇടംപിടിച്ച ബെത്‌ലഹേമിന്റെ അടുത്ത ഉന്നം 300 കോടിയാണ്. ഈയാഴ്ച അവസാനിക്കുമ്പോഴേക്ക് മലയാളത്തിലെ ഏറ്റവും കളക്ഷന്‍ നേടിയ സിനിമയായി ബെത്‌ലഹേം കുടുംബ യൂണിറ്റ് മാറുമെന്നാണ് ട്രാക്കര്‍മാര്‍ വിലയിരുത്തുന്നത്.

നിലവില്‍ മോളിവുഡിലെ ഏറ്റവും കളക്ഷന്‍ നേടിയ സിനിമയെന്ന നേട്ടം ലോകഃയുടെ പേരിലാണ്. 302 കോടിയാണ് ലോകഃ ബോക്‌സ് ഓഫീസ് തേരോട്ടത്തില്‍ നേടിയത്. നീലിയെ തളക്കാന്‍ ബെത്‌ലഹേം കുടുംബ യൂണിറ്റിന് ഇനിയും 28 കോടി കൂടിയാണ് വേണ്ടത്. ഓരോ ദിവസവും ഏഴ് കോടി വെച്ച് ബോക്‌സ് ഓഫീസില്‍ നിന്ന് നേടിയാല്‍ ഞായറാഴ്ചയോടെ ചിത്രം 300 കോടി ക്ലബ്ബില്‍ ഇടംപിടിക്കും.

കേരളത്തില്‍ വാഴ 2നെ മറികടക്കാന്‍ ഇനിയും നാല് കോടി കൂടിയാണ് ബെത്‌ലഹേം കുടുംബ യൂണിറ്റിന് ആവശ്യമുള്ളത്. ദുല്‍ഖറിന്റെ ബിഗ് ബജറ്റ് ചിത്രം ഐ ആം ഗെയിമിന്റെ റിലീസിനിടയിലും ബെത്‌ലഹേമിന്റെ ഹോള്‍ഡിന് കുറവൊന്നും വന്നിട്ടില്ല. പലയിടത്തും ഐ ആം ഗെയിമിനെ പിന്തള്ളാന്‍ ചിത്രത്തിന് സാധിക്കുന്നുണ്ട്.

 

മോളിവുഡ് ഇനിയങ്ങോട്ട് പോളിവുഡ് എന്നറിയപ്പെടുമെന്നാണ് സിനിമാപേജുകള്‍ അഭിപ്രായപ്പെടുന്നത്. പരീക്ഷണ സിനിമകള്‍ ചെയ്ത് ആറ് വര്‍ഷത്തോളം വലിയ ഹിറ്റുകളൊന്നുമില്ലാതെ നിന്ന നിവിന്‍ പോളിയുടെ അതിഗംഭീര തിരിച്ചുവരവാണ് കാണാന്‍ സാധിക്കുന്നത്. കഴിഞ്ഞവര്‍ഷം സര്‍വ്വം മായയിലൂടെ തിരിച്ചുവരവിന്റെ സൂചനകള്‍ നിവിന്‍ നല്‍കിയിരുന്നു.

സേഫ് സോണില്‍ സിനിമകള്‍ ചെയ്താല്‍ തന്റെ സ്റ്റാര്‍ഡം എന്താണെന്ന് ഇന്‍ഡസ്ട്രിയില്‍ തെളിയിക്കാമെന്ന് നിവിന്‍ കാണിച്ചു തന്നിരിക്കുകയാണ്. ഒരുകാലത്ത് തുടര്‍ച്ചയായി ഹിറ്റുകള്‍ സമ്മാനിച്ച നിവിന്‍ തന്റെ സ്ലീപ്പര്‍ സെല്‍സിനെ തിയേറ്ററുകളിലെത്തിക്കുകയാണ്. മോഹന്‍ലാലിന് മുമ്പ് ബോക്‌സ് ഓഫീസില്‍ നിന്ന് സോളോ 300 കോടി നേടുന്ന നടനെന്ന നേട്ടം നിവിന്‍ കൈപ്പിടിയിലാക്കുന്നത് കാണാന്‍ കാത്തിരിക്കുകയാണ് സിനിമലോകം.

Content Highlight: Bethlehem Kudumba Unit all set to cross Lokah movie collection