‘പ്രേമലു’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ നടനാണ് ശ്യാം മോഹൻ. ചിത്രത്തിലെ ആദി എന്ന കഥാപാത്രം താരത്തിന് വലിയ സ്വീകാര്യത നേടിക്കൊടുത്തിരുന്നു. എന്നാൽ പ്രേമലുവിന് ശേഷം മലയാളത്തിൽ പ്രതീക്ഷിച്ച രീതിയിൽ സിനിമകൾ ചെയ്യാൻ സാധിക്കാതിരുന്നതോടെ ശ്യാം മോഹൻ തെലുങ്ക് സിനിമയിലേക്ക് കടക്കുകയായിരുന്നു. ഇപ്പോഴിതാ ‘ബെത്‌ലഹേം കുടുംബ യൂണിറ്റി’ലൂടെ വീണ്ടും മലയാളി പ്രേക്ഷകരുടെ ശ്രദ്ധയിലേക്ക് എത്തിയിരിക്കുകയാണ് താരം.

ഇനി വരാനിരിക്കുന്ന കഥാപാത്രങ്ങളിൽ വലിയ പ്രതീക്ഷയുണ്ടെന്നാണ് ശ്യാം മോഹൻ പറയുന്നത്. തെലുങ്ക് ചിത്രം ‘തക്ഷകൊട്’ ആണ് അടുത്തതായി റിലീസിനെത്തുന്നത്. നെറ്റ്ഫ്ലിക്സ് റിലീസായി എത്തുന്ന ചിത്രത്തിൽ വിജയ് ദേവരകൊണ്ടയുടെ സഹോദരൻ ആനന്ദ് ദേവരകൊണ്ടയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ശ്യാം മോഹൻ. Photo: Screen Grab/ Youtube

‘ലാപതാ ലേഡീസ്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നിതാൻഷി ഗോയലാണ് നായിക. ചിത്രത്തിൽ താനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ടെന്നും അത് മികച്ച രീതിയിൽ വന്നിട്ടുണ്ടെന്നാണ് പ്രതീക്ഷയെന്നും മീഡിയ വണ്ണിന് നൽകിയ അഭിമുഖത്തിൽ തുറന്ന് പറയുകയാണ് താരം.

‘ഇനി വരാനിരിക്കുന്ന കഥാപാത്രങ്ങളിൽ എനിക്ക് ഭയങ്കര പ്രതീക്ഷയുണ്ട്. ‘തക്ഷകൊട്’ എന്ന് പറഞ്ഞിട്ടുള്ള തെലുങ്ക് പടമാണ് വരാനുള്ളത്. നെറ്റ്ഫ്ലിക്സ് റിലീസാണ് പടം. വിജയ് ദേവരകൊണ്ടയുടെ അനിയൻ ആനന്ദ് ദേവരകൊണ്ടയാണ് അതിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ‘ലാപതാ ലേഡീസിൽ’ അഭിനയിച്ച നായിക നിതാൻഷി ഗോയലാണ് നായിക. അതിലൊരു ക്യാരക്ടർ ചെയ്യുന്നുണ്ട്. അതിൽ നന്നായിട്ട് വന്നിട്ടുണ്ട് എന്നാണ് വിശ്വാസം. അതാണ് അടുത്ത റിലീസായി വരാനുള്ളത്,’ ശ്യാം മോഹൻ പറഞ്ഞു.

മലയാളത്തിൽ നിന്നുള്ള പുതിയ സ്ക്രിപ്റ്റുകൾ കേൾക്കുന്നുമുണ്ട്. ‘പ്രേമലു’ക്ക് ശേഷം തുടർച്ചയായി രണ്ട് സിനിമകൾ ചെയ്തതിന് ശേഷമാണ് തെലുങ്കിലേക്ക് പോയത്. എന്നാൽ മലയാളത്തിൽ നിന്ന് പെട്ടെന്ന് മാറിനിന്നത് ശരിയായ തീരുമാനമാണോ എന്ന ആശങ്ക പലരും പങ്കുവെച്ചിരുന്നുവെന്നും ശ്യാം പറയുന്നു.

‘ഞാൻ ആക്ച്വലി ‘പ്രേമലു’ കഴിഞ്ഞിട്ട് ഇവിടെ രണ്ട് പടം ചെയ്തിട്ട് തെലുങ്കിൽ പോയത് കാരണം ഒരു ഗ്യാപ്പ് ഭയങ്കരമായിട്ട് വന്നു. കുറെ ആൾക്കാർ എന്നോട് പറഞ്ഞു, ‘ടാ, അങ്ങനെ ചെയ്യരുത്. മലയാളത്തിൽ ഇപ്പോ നീ ഇത്രയും ആയിട്ട് നിന്നിട്ട് പെട്ടെന്ന് ഇവിടന്ന് വാനിഷ് ആയി കഴിഞ്ഞാൽ ആൾക്കാർ മറക്കും. പിന്നെ നീ തെലുങ്ക് പടം ചെയ്യുകയാണെന്ന് പറയുമ്പോൾ, ഓ.. അവൻ വലിയ തെലുങ്ക് എന്നുള്ള രീതിയിൽ പറയാൻ തുടങ്ങും,’ എന്നും ശ്യാം മോഹൻ പറഞ്ഞു.

എന്നാൽ മലയാളം വിട്ട് തെലുങ്കിലേക്ക് പോകാനുള്ള തീരുമാനം അത്തരമൊരു ലക്ഷ്യത്തോടെയായിരുന്നില്ലെന്നാണ് ശ്യാം കൂട്ടിച്ചേർത്തു. തനിക്ക് ലഭിച്ച കഥാപാത്രം അത്രത്തോളം മികച്ചതായിരുന്നതിനാലാണ് ആ സിനിമ തെരഞ്ഞെടുത്തത് എന്നും താരം വ്യക്തമാക്കി.

‘ഞാൻ അങ്ങനെ തെലുങ്ക് കണ്ട് ചാടി പോയതല്ല. ആ ക്യാരക്ടർ അത്രയും നല്ലതായത് കൊണ്ട് പോയതാണ്. ഇടക്ക് ഇവിടെ നല്ല പടങ്ങൾ വന്നിട്ടുണ്ടായിരുന്നു. ചിലതൊക്കെ നമ്മുക്ക് വിഷമത്തോട് കൂടി നോ പറയേണ്ടി വന്നിട്ടുണ്ട്, ആ സമയത്ത് അവൈലബിൾ അല്ലാത്തത് കൊണ്ട്. എന്നാൽ അത്രക്കും എക്സൈറ്റിങ് ആയിട്ടുള്ള പ്രൊജക്ടുകൾ മലയാളത്തിൽ നിന്ന് വന്നിട്ടുണ്ടോ എന്ന് ചോദിച്ചാൽ അതും വന്നിട്ടില്ല,’ താരം പറഞ്ഞു.

‘ലോകഃ’ എന്ന ചിത്രത്തിലെ ഒരു കഥാപാത്രം തനിക്ക് ലഭിച്ചിരുന്നുവെന്നും എന്നാൽ പിന്നീട് അത് ചെയ്യാൻ സാധിക്കാതെ പോയതിൽ വിഷമമുണ്ടായിരുന്നുവെന്നും ശ്യാം മോഹൻ വെളിപ്പെടുത്തി.

ലോകഃ. Photo. IMDb

‘ലോകയിലെ ഒരു കഥാപാത്രം എനിക്ക് വന്നിട്ടുണ്ടായിരുന്നു. അന്ന് അത്രയും നല്ലൊരു പടത്തിൽ നമ്മൾ പാർട്ട് ആകുന്നത് നഷ്ടമായിപ്പോയി എന്ന് തോന്നിയിട്ടുണ്ടായിരുന്നു. അതിൽ ചന്തു അവതരിപ്പിച്ച ക്യാരക്ടർ ആയിരുന്നു വന്നിട്ടുണ്ടായിരുന്നത്. പക്ഷെ അത് ചന്തു വളരെ അടിപൊളിയായി ചെയ്തിട്ടുണ്ട്. അതല്ലാതെ ചെയ്യാത്തത് നന്നായി എന്ന് തോന്നിയ കഥാപാത്രങ്ങളും വന്നിട്ടുണ്ട്. പിന്നെ വരുന്ന കഥാപാത്രത്തെ കുറിച്ച് നമുക്ക് പറയാൻ പറ്റില്ല. ടൈമിംങ് നന്നായിട്ട് വരുക എന്നുള്ളതാണ്,’ ശ്യാം മോഹൻ പറഞ്ഞു.

Content Highlight: Shyam Mohan opens up about his Telugu film debut and his upcoming projects