‘ഭീഷ്മപര്‍വ’ത്തിലൂടെ മലയാളി പ്രേക്ഷകര്‍ക്കിടയില്‍ വലിയ ശ്രദ്ധ നേടിയ കഥാപാത്രമാണ് രാജന് മോന്. മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്ത ചിത്രത്തില്‍ രാജന് മോനായി എത്തിയ സുദേവ് നായരുടെ പ്രകടനവും കഥാപാത്രത്തിന്റെ അവതരണവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിലൂടെ തനിക്ക് ലഭിച്ച പ്രേക്ഷകശ്രദ്ധയെക്കുറിച്ചും അമല്‍ നീരദിന്റെ മേക്കിങ് ശൈലിയെക്കുറിച്ചും സംസാരിക്കുകയാണ് നടന് സുദേവ് നായര്‍.
‘വെറുതെയല്ല അമല്‍ നീരദിനൊപ്പം വര്‍ക്ക് ചെയ്യാന്‍ എല്ലാവരും ആഗ്രഹിക്കുന്നത്’ എന്നാണ് സുദേവ് നായര്‍ പറയുന്നത്. ‘ഭീഷ്മപര്‍വ’ത്തിലെ രാജന് മോന് തനിക്ക് മലയാളത്തില്‍ വലിയ സ്വീകാര്യത നേടിത്തന്നെന്നും നടന് പറയുന്നു.
‘എനിക്ക് മലയാളത്തില്‍ രണ്ടുമൂന്ന് ഐഡന്റിറ്റികളുണ്ട്. ഒന്ന് ‘എസ്ര’, മറ്റൊന്ന് ‘ഭീഷ്മപര്‍വ’ത്തിലെ രാജന് മോന്. എവിടെ പോയാലും മലയാളികള്‍ ഉണ്ടെങ്കില്‍ രാജന് മോന് എന്നാണ് വിളിക്കുന്നത്. ‘ഭീഷ്മപര്‍വ’ത്തിന്റെ റീച്ച് ഭയങ്കരമാണ്. അതിന് മുന്‍പ് എനിക്ക് അര്‍ബന്‍ റീച്ചായിരുന്നു. മമ്മൂക്കയുടെ റീച്ച് ഉള്ളതുകൊണ്ട് അത് മാറി. കൂടുതല്‍ ജനങ്ങള്‍ക്ക് എന്നെ പരിചയമായി,’ സുദേവ് പറഞ്ഞു.

അമല്‍ നീരദിന്റെ സംവിധാനമികവും ചിത്രത്തിന്റെ ദൃശ്യാവിഷ്കാരവും പശ്ചാത്തലസംഗീതവുമെല്ലാം കഥാപാത്രത്തിന് ലഭിച്ച സ്വീകാര്യതയില്‍ വലിയ പങ്കുവഹിച്ചെന്നും താരം പറയുന്നു. ഒരു അഭിനേതാവെന്ന നിലയില്‍ എല്ലാ സിനിമയിലേയും പോലെ തന്നെയാണ് ഭീഷ്മ പര്‍വത്തിലും അഭിനയിച്ചതെന്നും എന്നാല്‍ സംവിധായകന്റെ അവതരണരീതിയും മമ്മൂട്ടിക്കൊപ്പമുള്ള കഥാപാത്രത്തിന്റെ പ്ലേസ്മെന്റും പ്രേക്ഷകരുമായി സ്വാഭാവികമായി ഒരു ബന്ധം സൃഷ്ടിച്ചെന്നും അദ്ദേഹം പറയുന്നു.
‘ഞാന്‍ ഒരു പെര്‍ഫോമര്‍ എന്ന നിലയില്‍ പ്രത്യേകിച്ച് ഒന്നും ചെയ്തിട്ടില്ല. എല്ലാ സിനിമകളിലും ചെയ്തതുപോലെ തന്നെയാണ് ഇതിലും വര്‍ക്ക് ചെയ്തത്. പക്ഷേ അമല്‍ നീരദിന്റെ പ്രസന്റേഷനും ഫ്രെയിമിങ്ങും ബി.ജി.എമ്മും മമ്മൂക്കയുടെ കൂടെയുള്ള പ്ലേസ്മെന്റും എല്ലാം ചേരുമ്പോള്‍ പ്രേക്ഷകര്‍ക്ക് സ്വാഭാവികമായി ഒരു കണക്ഷന് ഉണ്ടാകും. അതൊരു ഭാഗ്യമാണ്,’ സുദേവ് പറഞ്ഞു.

നടനെന്ന നിലയില്‍ ഇനി ഏത് മേഖലയിലാണ് കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്താന്‍ ആഗ്രഹിക്കുന്നതെന്ന ചോദ്യത്തിന് സുദേവിന്റെ മറുപടി കോമഡി റോളുകള്‍ എന്നായിരുന്നു. ഗൗരവമുള്ളതും നെഗറ്റീവ് സ്വഭാവമുള്ളതുമായ കഥാപാത്രങ്ങളിലൂടെ ശ്രദ്ധ നേടിയിട്ടുണ്ടെങ്കിലും കോമഡിയോടുള്ള താത്പര്യം ഏറെക്കാലമായി മനസിലുണ്ടെന്നും താരം പറയുന്നു.
‘ഞാന്‍ തുടങ്ങിയത് കോമഡിയിലാണ്. കോമഡി എനിക്ക് ഒരുപാട് ഇഷ്ടമാണ്. പക്ഷേ മലയാളത്തില്‍ അത് എക്സ്പ്ലോര്‍ ചെയ്യാന്‍ ഇതുവരെ പറ്റിയിട്ടില്ല. കോമഡി റോളുകളും എന്നെ തേടിവന്നിട്ടില്ല. അതൊക്കെ ഒരു ലക്കാണ്,’ സുദേവ് പറഞ്ഞു.
അഭിനയത്തിനൊപ്പം സിനിമയുടെ മറ്റു മേഖലകളിലും താല്പര്യമുള്ളയാളാണ് സുദേവ്. ഒരു വെബ് സീരീസ് സംവിധാനം ചെയ്തിട്ടുണ്ടെന്നും അതിന്റെ രചനയും താന്‍ തന്നെയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു ഫിലിംമേക്കര്‍ ഉള്ളിലുണ്ടെങ്കിലും അഭിനയിക്കുന്ന സിനിമകളില്‍ അനാവശ്യമായി ഇടപെടാറില്ലെന്നും ആവശ്യപ്പെടുമ്പോള്‍ മാത്രമാണ് നിര്‍ദേശങ്ങള്‍ മുന്നോട്ടുവെക്കാറുള്ളതെന്നും സുദേവ് പറയുന്നു.

2014ല്‍ പുറത്തിറങ്ങിയ മൈ ലൈഫ് പാര്‍ട്ണര്‍ എന്ന ചിത്രത്തിലൂടെയാണ് സുദേവ് നായര്‍ മലയാളത്തില്‍ ശ്രദ്ധേയനായത്. ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ലഭിച്ചു. അനാര്‍ക്കലി, കരിങ്കുന്നം സിക്സസ്, എസ്ര, അബ്രഹാമിന്റെ സന്തതികള്‍, കായംകുളം കൊച്ചുണ്ണി, മിഖായേല്‍, മാമാങ്കം, അതിരന്, തുറമുഖം, ടോക്സിക് തുടങ്ങി നിരവധി ചിത്രങ്ങളില്‍ പിന്നീട് വ്യത്യസ്ത വേഷങ്ങളിലെത്തി.
പൃഥ്വിരാജ് നായകനായ എസ്രയിലെ കഥാപാത്രവും മമ്മൂട്ടിയുടെ ഭീഷ്മപര്‍വത്തിലെ രാജന് മോനും മലയാളി പ്രേക്ഷകര്‍ക്കിടയില്‍ സുദേവിന് കൂടുതല്‍ ശ്രദ്ധ നേടിക്കൊടുത്തു. മാമാങ്കം, വണ്‍, പത്തൊന്‍പതാം നൂറ്റാണ്ട്, ഹെവന്‍, കൊത്ത്, തുറമുഖം തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. മലയാളത്തിന് പുറമെ ഹിന്ദി, തെലുങ്ക് ഉള്‍പ്പെടെയുള്ള ഭാഷകളിലും സുദേവ് സജീവമാണ്.
Content Highlight: No Wonder Many Want to Work with Amal Neerad; Mammootty’s Reach Benefited Me Too: Sudev Nair
