1995ല്‍ പുറത്തിറങ്ങിയ മാന്ത്രികം എന്ന മോഹന്‍ലാല്‍ ചിത്രത്തിലെ വളരെ ചെറിയ വേഷത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച നടനാണ് വിനായകന്‍. വര്‍ഷങ്ങള്‍ നീണ്ട പരിശ്രമത്തിലൂടെ ഇന്ന് മലയാളത്തില്‍ മാത്രമല്ല തമിഴിലും അറിയപ്പെടുന്ന നടനായി മാറിയിരിക്കുകയാണ് അദ്ദേഹം. കോമഡി കഥാപാത്രങ്ങളും വില്ലന്‍ ക്യാരക്ടേഴ്‌സും ഒരു പോലെ കൈകാര്യം ചെയ്യാനുള്ള താരത്തിന്റെ കഴിവ് പ്രശംസനീയമാണ്.

വിനായകന്‍. Photo: X.com

കളങ്കാവലിലെ നത്തും ആടിലെ ഡ്യൂഡും കമ്മട്ടിപ്പാടത്തിലെ ഗംഗയും എല്ലാം താരത്തിന്റെ മികച്ച കഥാപാത്രങ്ങളില്‍ ചിലത് മാത്രമാണ്. എന്നാല്‍ രാജ്യാന്തരതലത്തില്‍ വിനായകന് ജനശ്രദ്ധ നേടിക്കൊടുത്ത ചിത്രമായിരുന്നു 2023ല്‍ പുറത്തിറങ്ങിയ രജിനികാന്ത് നായകനായ ജയിലര്‍ 2. ചിത്രത്തിലെ വര്‍മന്‍ എന്ന കഥാപാത്രം താരത്തിന് വലിയ പ്രശംസയായിരുന്നു നേടിക്കൊടുത്തത്. രജിനികാന്ത്, മോഹന്‍ലാല്‍, ശിവരാജ്കുമാര്‍, ജാക്കി ഷ്‌റോഫ് തുടങ്ങി വമ്പന്‍ താരനിര അണിനിരന്ന ചിത്രത്തില്‍ തന്റെ പെര്‍ഫോമന്‍സിലൂടെയായിരുന്നു വിനായകന്‍ കളം പിടിച്ചത്.

ഇപ്പോഴിതാ മൈല്‍ സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ രജിനികാന്ത് തന്നോട് പറഞ്ഞ കാര്യം ഓര്‍ത്തെടുക്കുകയാണ് വിനായകന്‍. രജിനിയ്ക്ക് ഇഷ്ടപ്പെട്ട മൂന്ന് വില്ലന്മാരില്‍ താന്‍ അവതരിപ്പിച്ച വര്‍മന്‍ എന്ന കഥാപാത്രവുമുണ്ടെന്ന് പറയുകയാണ് വിനായകന്‍. ഇത് തന്നെ സംബന്ധിച്ച് വലിയൊരു ബ്ലെസ്സിങ്ങായിരുന്നുവെന്നും വിനായകന്‍ പറഞ്ഞു.

‘രജിനി സാറിന് മൂന്ന് വില്ലന്മാരെയാണ് ഇഷ്ടം. ഒന്ന് അംജദ് ഖാന്‍, ഷോലെ സിനിമയിലെ വില്ലനാണ്. പിന്നെ ഒരാളാണ് രഘുവരന്‍ സാര്‍. പിന്നെ വിനായകനാണെന്നാണ് പറഞ്ഞത്. രഘുവരന്‍ സാറിന്റെ ഭയങ്കര ഫ്രണ്ടായിരുന്നു അദ്ദേഹം. ഏറ്റവും ഫ്രീക്കിഷ് സ്റ്റെലിഷായിട്ടുള്ള ആര്‍ട്ടിസ്റ്റാണ് രഘുവരന്‍ സാര്‍. അതുകഴിഞ്ഞിട്ട് പുള്ളി എന്റെ പേരാണ് പറഞ്ഞത്. അതെനിക്ക് ബ്ലെസ്സിങ്ങായിരുന്നു,’ വിനായകന്‍ പറഞ്ഞു.

ടൈറ്റന്‍സ്‌. Photo: X.com

പ്രിന്‍സ് ജോയ് സംവിധാനം ചെയ്ത് കഴിഞ്ഞ ദിവസം തിയേറ്ററുകളിലെത്തിയ ടൈറ്റന്‍സാണ് വിനായകന്റേതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം. ഫാന്റസി ഴോണറിലൊരുക്കിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയേറ്ററുകളില്‍ നിന്നും ലഭിക്കുന്നത്. ബേബി ജീന്‍, ഇന്ദ്രന്‍സ്, സുരേഷ് കൃഷ്ണ, നിഹാല്‍ നിസാം, സണ്ണി വെയ്ന്‍ തുടങ്ങിയവരും ടൈറ്റന്‍സില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്.

Content Highlight: Vinayakan talks about Rajinikanth and jailer movie character