20 വർഷത്തിലധികമായി സിനിമാമേഖലയിൽ ഉള്ള നടിയാണ് ഷംന കാസിം. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ മികച്ച ചിത്രങ്ങളുടെ ഭാഗമാവാൻ ഷംനക്ക് കഴിഞ്ഞു. ഡാൻസ് റിയാലിറ്റി ഷോയിലൂടെ കരിയർ തുടങ്ങിയ ഷംന ഇന്നും സ്റ്റേജ് പ്രോഗ്രാമുകളിൽ നിറഞ്ഞ് നിൽക്കാറുണ്ട്. ജയിലർ 2 എന്ന സിനിമയിലെ പാട്ടിൽ ഡാൻസ് ചെയ്തുകൊണ്ടും ഈയിടെ താരം ശ്രദ്ധ നേടിയിരുന്നു.

‘അല ബോലേലോ’ എന്ന പാട്ടിന് രജനികാന്തിന്റെ കൂടെയായിരിക്കുന്നു ഷംന ചുവടുവച്ചത്. എന്നാൽ കരിയറിന്റെ തുടക്കത്തിൽ തന്നെ സ്റ്റേജ് ഷോകൾ കാരണമാണ് സിനിമയിൽ അവസരം കുറയുന്നതെന്ന് താൻ കേട്ടിട്ടുണ്ടെന്നും മാറ്റിനിർത്തലുകൾ ഉണ്ടായിട്ടുണ്ടെന്നും തുറന്നു പറയുകയാണ് താരം.

ഷംന കാസിം. Photo: Youtube

സ്റ്റേജ് ഷോകൾ ചെയ്യുന്ന നിരവധി താരങ്ങൾ സിനിമയിലുണ്ടെങ്കിലും, തന്റെ കാര്യത്തിൽ ചില സംവിധായകർ വ്യത്യസ്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ടെന്നാണ് ഷംനയുടെ വെളിപ്പെടുത്തൽ. അടുത്ത മൂന്ന് നാല് മാസത്തേക്ക് സ്റ്റേജ് ഷോകൾ ചെയ്യരുതെന്നും സിനിമയിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ഒരു വലിയ സംവിധായകൻ തന്നോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും താരം പറഞ്ഞു.

‘സ്റ്റേജ് ഷോസ് ചെയ്യുന്നതുകൊണ്ട് എന്നെ മാറ്റിവെച്ചിട്ടുണ്ട്. ഇത് എന്റെ അടുത്ത് കുറേ ഡയറക്ടേഴ്സ് പറഞ്ഞിട്ടുണ്ട്. സ്റ്റേജ് ഷോസ് ചെയ്യുന്ന ഒരുപാട് ആർട്ടിസ്റ്റുകൾ ഇല്ലേ സിനിമയിൽ. പക്ഷേ എന്റെ അടുത്ത് ഒരു വലിയ ഡയറക്ടർ പറഞ്ഞിട്ടുണ്ട്, ‘ഫോർ നെക്സ്റ്റ് ത്രീ ഫോർ മാസം സ്റ്റേജ് ഷോസ് ചെയ്യാൻ പാടില്ല’ എന്ന്,’ ഷംന പറഞ്ഞു.

എന്നാൽ സിനിമയ്ക്ക് വേണ്ടി ഡാൻസ് മാറ്റിവെക്കാൻ താൻ തയ്യാറായിരുന്നില്ലെന്നും അന്ന് തന്റെ ഡാൻസ് നിർത്തിയിരുന്നെങ്കിൽ ഇന്ന് തനിക്ക് ലഭിക്കുന്ന അവസരങ്ങൾ പോലും ഉണ്ടാകുമായിരുന്നോ എന്ന് അറിയില്ലെന്നും താരം പറയുന്നു. മാനേജർമാരും കുറച്ചുകാലത്തേക്ക് പരിപാടികൾ ഒഴിവാക്കാൻ ഉപദേശിച്ചിരുന്നുവെന്നും ഷംന കൂട്ടിച്ചേർത്തു.

‘അന്ന് ഞാൻ  എന്റെ ഡാൻസ് മാറ്റിവെക്കാം, സിനിമയ്ക്ക് വേണ്ടി എന്ന് വെച്ചിരുന്നെങ്കിൽ എനിക്ക് തോന്നുന്നില്ല ഇന്ന് ഈ പാട്ട് എനിക്ക് വരുമോ എന്ന്. എന്റെ മാനേജേഴ്സ് പോലും പറഞ്ഞിട്ടുണ്ട്, ‘കുറച്ചുനാൾ പ്രോഗ്രാംസ് ഒക്കെ നിർത്തൂ, നിങ്ങൾക്ക് നല്ല ഫിലിംസ് കിട്ടും എന്ന്,’ഷംന പറഞ്ഞു.

ജയിലർ 2. Phot: Screen Grab/ Youtube

എന്നാൽ സിനിമയ്ക്കുവേണ്ടി തനിക്ക് ഏറെ ഇഷ്ടമുള്ള ഡാൻസ് ഉപേക്ഷിക്കേണ്ടതില്ലെന്നാണ് തന്റെ നിലപാടെന്നും താരം പറഞ്ഞു. അവാർഡ് നൈറ്റായാലും സാധാരണ പരിപാടിയായാലും തന്റെ സാന്നിധ്യം പലപ്പോഴും ഡാൻസുമായി ബന്ധപ്പെട്ടായിരിക്കുമെന്നും താരം പറയുന്നു. അതിനെ സാമ്പത്തിക പ്രശ്നമായി മാത്രം കാണുന്നതിനോടും തനിക്ക് യോജിപ്പില്ലെന്നും താരം കൂട്ടിച്ചേർത്തു.

ഡാൻസ് തനിക്ക് ജോലി മാത്രമല്ലെന്നും ഏറെ ഇഷ്ടമുള്ള കാര്യമാണ് എന്നും ഷംന വ്യക്തമാക്കി. 30 ദിവസം തുടർച്ചയായി ഷോ ഉണ്ടായാലും ഡാൻസ് ചെയ്യുന്നതിൽ തനിക്ക് മടുപ്പോ ക്ഷീണമോ തോന്നാറില്ലെന്നും താരം പറഞ്ഞു.

Content Highlight: Shamna Kasim opens up about being sidelined in her film career