രജനികാന്ത്, മോഹന്‍ലാല്‍, ഹൃത്വിക് റോഷന്‍, വിദ്യാ ബാലന്‍, എസ്.ജെ സൂര്യ, സുരാജ് വെഞ്ഞാറമൂട് തുടങ്ങി വന്‍ താരനിര അണിനിരന്ന ചിത്രമാണ് ജയിലര്‍ 2. വ്യത്യസ്ത ഭാഷകളില്‍ നിന്നായി വന്‍ താരനിര അണിനിരന്ന ചിത്രത്തില്‍ ഓരോ കഥാപാത്രത്തിന്റെയും രൂപം സൃഷ്ടിക്കുന്നതില്‍ മേക്കപ്പ് നിര്‍ണായക പങ്കാണ് വഹിച്ചത്.

ചിത്രത്തിലെ താരങ്ങളുടെ വ്യത്യസ്ത ലുക്കുകളും കഥാപാത്രങ്ങള്‍ക്കായി നടത്തിയ മേക്കപ്പ് പരീക്ഷണങ്ങളും സിനിമാപ്രേമികള്‍ക്ക് കൗതുകമുണര്‍ത്തുന്ന കാര്യങ്ങളാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ മേക്കപ്പുമായി ബന്ധപ്പെട്ട വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് മേക്കപ്പ് ആര്‍ട്ടിസ്റ്റ് പട്ടണം റഷീദ്.

ഓരോ താരത്തിനും മേക്കപ്പിനായി ചെലവാകുന്ന സമയം വ്യത്യസ്തമാണെന്നും ആദ്യ ദിവസം ലുക്ക് തയ്യാറാക്കാന്‍ രണ്ടുമണിക്കൂര്‍ വരെ വേണ്ടിവരുമെന്നും അദ്ദേഹം പറയുന്നു. ലുക്ക് അന്തിമമാക്കിയ ശേഷം തുടര്‍ന്നുള്ള ദിവസങ്ങളില്‍ അരമണിക്കൂര്‍ മുതല്‍ 40 മിനിറ്റ് വരെ സമയംകൊണ്ട് മേക്കപ്പ് പൂര്‍ത്തിയാക്കാനാകും. എന്നാല്‍, പ്രോസ്‌തെറ്റിക് മേക്കപ്പാണ് കൂടുതല്‍ സമയം ആവശ്യപ്പെടുന്നതെന്നും പട്ടണം റഷീദ് വ്യക്തമാക്കി. ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രജനികാന്തിന്റെ കൃത്യനിഷ്ഠയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. കാരവനിലെത്തിയ ശേഷം 30 മിനിറ്റുകൊണ്ട് രജിനി സാറിന്റെ മേക്കപ്പ് പൂര്‍ത്തിയാക്കാനാകുമെന്നും ഒമ്പത് മണിക്ക് തയ്യാറാകണമെന്ന് പറഞ്ഞാല്‍ കൃത്യം ഒമ്പത് മണിക്ക് അദ്ദേഹം റെഡിയായിരിക്കുമെന്നും റഷീദ് പറയുന്നു. ലൊക്കേഷനിലെത്തിയാല്‍ അദ്ദേഹം മറ്റെവിടേക്കും പോകാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സുരാജ് വെഞ്ഞാറമൂടിന്റെ കഥാപാത്രത്തിനായി നടത്തിയ മേക്കപ്പ് ഒരുക്കങ്ങളെക്കുറിച്ചും പട്ടണം റഷീദ് വിശദീകരിച്ചു. സുരാജ് ആദ്യം എത്തിയപ്പോള്‍ താടിയുണ്ടായിരുന്നു. ആ താടിയും മുടിയും അടിസ്ഥാനമാക്കിയാണ് കഥാപാത്രത്തിന്റെ ലുക്ക് ഡിസൈന്‍ ചെയ്തത്. എന്നാല്‍, മറ്റൊരു സിനിമയ്ക്കായി ഡേറ്റ് നല്‍കിയിരുന്നതിനാല്‍ അദ്ദേഹത്തിന് ഇടയ്ക്ക് വെച്ച് താടിയും മുടിയും വടിക്കേണ്ടിവന്നു. തുടര്‍ന്ന് വീണ്ടും ഷൂട്ടിങ്ങിന് വന്നപ്പോള്‍ കഥാപാത്രത്തിനാവശ്യമായ രീതിയില്‍ താടിയും മുടിയും വീണ്ടും തയ്യാറാക്കുകയായിരുന്നു.

കൃതാവ് ഉള്‍പ്പെടെയുള്ള മേക്കപ്പ് ജോലികളും മുഖത്തെ മുറിവുകളുടെ രൂപപ്പെടുത്തലുമെല്ലാം താന്‍ തന്നെ തീരുമാനിച്ച് ചെയ്തതാണെന്നും സംവിധായകര്‍ ഇതെല്ലാം പ്രത്യേകം നിര്‍ദേശിച്ചതല്ലെന്നും പട്ടണം റഷീദ് പറഞ്ഞു. കഥാപാത്രത്തെക്കുറിച്ച് മനസിലാക്കുമ്പോള്‍ തന്നെ ആവശ്യമായ മാറ്റങ്ങളെക്കുറിച്ച് വ്യക്തത ലഭിക്കുമെന്നും സംവിധായകര്‍ ഇത്തരം കാര്യങ്ങളില്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍ക്ക് സ്വാതന്ത്ര്യം നല്‍കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചിത്രത്തിനായി സുരാജ് വെഞ്ഞാറമൂടിന്റെ ഡ്യൂപ്ലിക്കേറ്റ് തലയും തയ്യാറാക്കിയിരുന്നു. ഇതിനായി ത്രീഡി സ്‌കാനിങ് നടത്തിയ ശേഷം മോള്‍ഡ് ചെയ്‌തെടുക്കുകയായിരുന്നു. ഈ ജോലിക്ക് ഒരാഴ്ചയോളം സമയമെടുത്തു. നേരത്തെ ഇത്തരം മേക്കപ്പ് ജോലികള്‍ക്ക് കൂടുതല്‍ സമയവും അധ്വാനവും ആവശ്യമായിരുന്നെങ്കില്‍ ഇന്ന് സാങ്കേതികവിദ്യയുടെ സഹായത്തോടെ അവ എളുപ്പത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.

വിദ്യാ ബാലന്റെ ലുക്കിനായി വിഗാണ് ഉപയോഗിച്ചിരിക്കുന്നത്. മുംബൈയില്‍ നിന്നെത്തിയ സ്‌റ്റൈലിസ്റ്റാണ് അത് തയ്യാറാക്കിയത്. ചിത്രത്തിലെ ബ്ലഡ് ഇഫക്ടുകള്‍ ഉള്‍പ്പെടെയുള്ള ജോലികള്‍ തങ്ങളാണ് ചെയ്തതെന്നും പട്ടണം റഷീദ് പറഞ്ഞു. ക്ലൈമാക്‌സിലെ പൊള്ളലേറ്റ രൂപം തയ്യാറാക്കാന്‍ ഏകദേശം അരമണിക്കൂര്‍ മാത്രമാണ് എടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.

ഹൃത്വിക് റോഷന്റെ മേക്കപ്പ് അദ്ദേഹത്തിന്റെ സ്വന്തം ടീമിന്റെ നേതൃത്വത്തിലായിരുന്നു. ജാക്കി ഷറോഫിന്റെ കൈയുടെ മേക്കപ്പ് ജോലികളും ശിവണ്ണ, എസ്.ജെ. സൂര്യ തുടങ്ങിയ താരങ്ങളുടെ മേക്കപ്പും താനാണ് ചെയ്തതെന്നും റഷീദ് പറഞ്ഞു. മോഹന്‍ലാലിന്റെ മേക്കപ്പ് അദ്ദേഹത്തിന്റെ സ്വന്തം മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് നിര്‍വഹിച്ചത്. കഥാപാത്രത്തിന്റെ താടിയും പ്രത്യേകം തയ്യാറാക്കിയതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: Pattanam rasheed on Suraj, Rajnikanth Makeup on Jailer 2