ബെംഗളൂരു: നാഷണല്‍ ലോ സ്‌കൂള്‍ ഓഫ് ഇന്ത്യ യൂണിവേഴ്‌സിറ്റിയില്‍ (എന്‍.എല്‍.എസ്.ഐ.യു) ആക്റ്റിവിസ്റ്റ് ഉമര്‍ ഖാലിദിനെക്കുറിച്ചുള്ള ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധവുമായി എ.ബി.വി.പി.
ലളിത് വച്ചാനി സംവിധാനം ചെയ്ത ‘പ്രിസണര്‍ നമ്പര്‍ 626710 ഈസ് പ്രസന്റ്’ എന്ന ഡോക്യുമെന്ററിയുടെ പ്രദര്‍ശനം ഉടന്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംഘടന സര്‍വകലാശാല അധികൃതര്‍ക്ക് പരാതി നല്‍കി.
ക്യാമ്പസുകള്‍ രാഷ്ട്രീയ പ്രചാരണങ്ങള്‍ക്കോ പൗരപ്രക്ഷോഭങ്ങളെ മഹത്വവത്കരിക്കാനോ ഉള്ള ഇടങ്ങളാക്കി മാറ്റരുതെന്നും ദേശീയ അഖണ്ഡതയ്ക്കും വിദ്യാഭ്യാസത്തിനുമാണ് പ്രാധാന്യം നല്‍കേണ്ടതെന്നും എ.ബി.വി.പി പറഞ്ഞു.
ഇന്നാണ് ക്യാമ്പസില്‍ ഡോക്യൂമെന്ററി പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചിരുന്നത്.
2020 ലെ ദല്‍ഹി കലാപവുമായി ബന്ധപ്പെട്ട് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമം (യു.എ.പി.എ) പ്രകാരം ഉമര്‍ ഖാലിദിനെ അറസ്റ്റ് ചെയ്ത് വിചാരണ കൂടാതെ തടവില്‍ പാര്‍പ്പിച്ചതിന്റെ ആറ് വര്‍ഷം തികയുന്ന വേളയിലാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. രാജ്യത്തുടനീളമുള്ള വിവിധ സ്ഥലങ്ങളില്‍ സംഘടിപ്പിക്കുന്ന വിപുലമായ ഐക്യദാര്‍ഢ്യ പ്രദര്‍ശനങ്ങളുടെയും ഒത്തുചേരലുകളുടെയും ഭാഗമാണിത്.
‘നിര്‍ദ്ദിഷ്ട ക്യാമ്പസ് സ്‌ക്രീനിംഗിനെ ശക്തമായി അപലപിക്കുന്നു’ എന്ന് എ.ബി.വി.പി ബെംഗളൂരു സെക്രട്ടറി അഭിനന്ദന്‍ മിര്‍ജി ഒരു പത്രക്കുറിപ്പില്‍ പറഞ്ഞു.
‘2016-ലെ ജെ.എന്‍.യു വിവാദങ്ങള്‍, സി.എ.എ പ്രക്ഷോഭം, ദല്‍ഹി കലാപം എന്നിവയില്‍ ആരോപണവിധേയനായ വ്യക്തിയെക്കുറിച്ചുള്ള ചിത്രം പ്രദര്‍ശിപ്പിക്കുന്നത് ക്യാമ്പസിന്റെ അന്തരീക്ഷത്തെ ബാധിക്കും,’ സംഘടന വാദിച്ചു. കൂടാതെ സ്‌ക്രീനിങ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ ഗിരീഷ് ഭരദ്വാജും സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്കും രജിസ്ട്രാര്‍ക്കും കത്തയച്ചിട്ടുണ്ട്.
ഖാലിദിന്റെ ‘ഫ്രാക്ചേര്‍ഡ് കമ്മ്യൂണിറ്റീസ്: അഡിവാസി ഹിസ്റ്ററീസ് ആന്‍ഡ് ദി പൊളിറ്റിക്‌സ് ഓഫ് പവര്‍’ എന്ന പുസ്തകത്തെക്കുറിച്ചുള്ള ചര്‍ച്ച ഓഗസ്റ്റില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന വേദിക്കുള്ള അനുമതി ദല്‍ഹിയിലെ ജെ.എന്‍.യു ഭരണകൂടം റദ്ദാക്കിയതിന് ആഴ്ചകള്‍ക്ക് ശേഷമാണ് എ.ബി.വി.പിയുടെ പ്രതിഷേധം.
തന്റെ മകനെ ഒരു കോടതിയും ശിക്ഷിച്ചിട്ടില്ലെന്നും അത്തരം പ്രദര്‍ശനങ്ങള്‍ തടയാനുള്ള ശ്രമങ്ങള്‍ ‘സ്വേച്ഛാധിപത്യപരമാണെന്ന് സംഭവത്തില്‍ ഉമര്‍ ഖാലിദിന്റെ പിതാവ് ഇല്യാസ് പറഞ്ഞു.
‘കോടതി ഒരാളെ ശിക്ഷിക്കുന്നത് വരെ, നിയമത്തിന്റെ മുന്നില്‍ അവര്‍ നിരപരാധികളായി കണക്കാക്കപ്പെടുന്നു. ഒരു കുറ്റകൃത്യം തെളിയിക്കപ്പെടുന്നത് വരെ പ്രദര്‍ശനങ്ങളോ പരിപാടികളോ തടയുന്നത് എ.ബി.വി.പിയുടെ സ്വേച്ഛാധിപത്യപരവും തെറ്റായതുമായ സമീപനമാണ്,’ അദ്ദേഹം പറഞ്ഞു. ഇത്തരത്തില്‍ രാജ്യത്തുടനീളം സംവാദങ്ങളും സ്‌ക്രീനിങ്ങും ഇനിയും സംഘടിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ (ജെ.എന്‍.യു) മുന്‍ വിദ്യാര്‍ത്ഥി നേതാവായ ഖാലിദ്, ദല്‍ഹി കലാപക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായി 2020 സെപ്റ്റംബര്‍ മുതല്‍ കസ്റ്റഡിയിലാണ്. യു.എ.പി.എയും മറ്റ് വകുപ്പുകളും ചുമത്തി അദ്ദേഹത്തിനെതിരെ കേസെടുത്തിട്ടുണ്ടെങ്കിലും വിചാരണ ഇതുവരെ ആരംഭിച്ചിട്ടില്ല.
Content Highlight: Screening of Umar Khalid documentary must be cancelled: ABVP protests against Bengaluru’s NLSIU.
