ദല്‍ഹിയില്‍ അഫ്ഗാനിസ്ഥാനെതിരായ ഒന്നാം ടി-20 മത്സരത്തില്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ വരുത്തിയ തന്ത്രപരമായ പിഴവുകള്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്.

മുന്‍നിര ബൗളര്‍മാരുടെ ഓവറുകള്‍ നേരത്തെ പൂര്‍ത്തിയാക്കിയ ശേഷം, ഇന്നിങ്‌സിലെ നിര്‍ണായകമായ 20ാം ഓവര്‍ ഓള്‍റൗണ്ടര്‍ ശിവം ദുബെയ്ക്ക് നല്‍കിയ തീരുമാനത്തെയാണ് കൈഫ് തുറന്നെതിര്‍ത്തത്.

ദുബെയുടെ ആ ഒറ്റ ഓവറില്‍ 21 റണ്‍സാണ് അഫ്ഗാനിസ്ഥാന്‍ അടിച്ചെടുത്തത്. ഇതോടെ ഒരു ഘട്ടത്തില്‍ തകര്‍ച്ചയിലായിരുന്ന സന്ദര്‍ശകര്‍ 150 റണ്‍സ് കടക്കുകയും ചെയ്തു.

ഇതിനുപിന്നാലെയാണ് ശ്രേയസ് അയ്യരുടെ ക്യാപ്റ്റന്‍സിയെയും ബൗളിങ് ക്രമീകരണങ്ങളെയും വിമര്‍ശിച്ച് കൈഫ് രംഗത്തെത്തിയത്.

‘പാര്‍ട്ട് ടൈം ബൗളര്‍മാരെ എപ്പോള്‍, എവിടെ ഉപയോഗിക്കണം എന്നതിനെക്കുറിച്ച് വ്യക്തമായ ധാരണ വേണം. ടീമിലെ പാര്‍ട്ട് ടൈമര്‍മാരെ ഉപയോഗിക്കണമെങ്കില്‍ അത് പത്താം ഓവറോടെ, അഫ്ഗാന്റെ അഞ്ച് വിക്കറ്റുകള്‍ വീണ് ഒമര്‍സായ്‌യും നബിയും ക്രീസില്‍ പുതിയ ബാറ്റര്‍മാരായി നിന്ന സമയത്തായിരുന്നു ചെയ്യേണ്ടിയിരുന്നത്. ശരിയായ ഓള്‍റൗണ്ടര്‍മാരെയല്ല, പാര്‍ട്ട് ടൈമര്‍മാരെയാണ് ഇവിടെ പരീക്ഷിച്ച് നോക്കിയത്.

ഇത്തരം ബൗളര്‍മാര്‍ സ്വന്തം ഐ.പി.എല്‍ ഫ്രാഞ്ചൈസികള്‍ക്ക് വേണ്ടി പോലും മുഴുവനായി മൂന്ന് ഓവറുകള്‍ എറിയാറില്ല. ഐ.പി.എല്ലില്‍ ദുബെ എപ്പോഴാണ് ബൗള്‍ ചെയ്യുന്നത് നമ്മള്‍ കണ്ടിട്ടുള്ളത്? അവന്‍ അവിടെ ബൗള്‍ ചെയ്യാറേയില്ല. അതുകൊണ്ടുതന്നെ അവന് 20ാം ഓവര്‍ എറിയാന്‍ നല്‍കിയത് വളരെ വലിയൊരു പിഴവാണ്,’ കൈഫ് പറഞ്ഞു.

മുഹമ്മദ് കൈഫ്, Photo: google/probatsman

‘സാധാരണയായി അവസാന ഓവറുകള്‍ എറിയാറുള്ളത് ബുംറയോ അര്‍ഷ്ദീപ് സിങ്ങോ ആണ്. ഇവിടെ അര്‍ധസെഞ്ചുറി നേടി നിലയുറപ്പിച്ചു നിന്ന ഒമര്‍സായ്‌ക്കെതിരെയാണ് ദുബെയെ നിയോഗിച്ചത്. അയ്യരുടെ കണക്കുകൂട്ടലുകളില്‍ വലിയൊരു തെറ്റുപറ്റി. ഏഴ് ബൗളര്‍മാരെ പരീക്ഷിക്കേണ്ട ഒരു മത്സരമായിരുന്നില്ല ഇത്, അഞ്ച് ബൗളര്‍മാര്‍ തന്നെ ധാരാളമായിരുന്നു,’ കൈഫ് കൂട്ടിച്ചേര്‍ത്തു.

അവസാന ഓവറുകളില്‍ എന്നും ശിവം ദുബെ പരാജയമായിരുന്നു. അഫ്ഗാനെതിരെ അവസാന ഓവറില്‍ രണ്ട് വീതം സിക്‌സറും ഫോറും ഉള്‍പ്പടെ 21 റണ്‍സ് വഴങ്ങിയ ദുബെ, 2026 ലോകകപ്പ് സെമി ഫൈനില്‍ ഇംഗ്ലണ്ടിനെതിരെ അവസാന ഓവറില്‍ വഴങ്ങിയത് 22 റണ്‍സാണ്. മറ്റൊരവസരത്തില്‍ ഇംഗ്ലണ്ടിനെതിരെ തന്നെ താരം 22 റണ്‍സ് വഴങ്ങിയിരുന്നു.

ശിവം ദുബെ

മത്സരത്തില്‍ വാഷിംഗ്ടണ്‍ സുന്ദര്‍, രവി ബിഷ്‌ണോയ്, യാഷ് ഠാക്കൂര്‍ തുടങ്ങിയ പ്രമുഖ ബൗളര്‍മാര്‍ ബെഞ്ചിലിരിക്കെയാണ് ശ്രേയസ് അയ്യര്‍ ഇത്തരം ഒരു പരീക്ഷണത്തിന് മുതിര്‍ന്നത് എന്നതും ശ്രദ്ധേയമാണ്.

പരമ്പരയിലെ രണ്ടാം ടി-20 സെപ്റ്റംബര്‍ 15 ചൊവ്വാഴ്ച ദല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ നടക്കും.

 

Content Highlight: IND vs AFG: Mohamed Kaif slams Shreyas Iyer