കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ താരമാണ് സിദ്ധാർത്ഥ് ഭരതൻ. മലയാളചലച്ചിത്രസംവിധായകൻ ഭരതന്റെയും മലയാളനാടക, ചലച്ചിത്ര അഭിനേത്രി കെ.പി.എ.സി. ലളിതയുടേയും മകനാണ് സിദ്ധാർഥ്. നിരവധി സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച സിദ്ധാർത്ഥ് നിദ്രയിലൂടെ സംവിധാനത്തിലും അരങ്ങേറ്റം കുറിച്ചു.

തന്റെ സിനിമാജീവിതത്തിന്റെ തുടക്കകാലത്തെ ഏറ്റവും പ്രധാനപ്പെട്ട ഓർമകളിലൊന്നാണ് നമ്മൾ എന്ന് പറയുകയാണ് താരം. ചിത്രത്തിലെ പാട്ടുകളെല്ലാം ഇന്നും തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്നും നടൻ പറഞ്ഞു. പ്രഥമദൃഷ്ട്യാ കുറ്റക്കാർ എന്ന സിനിമയുടെ ഭാഗമായി റേഡിയോ മംഗോക്ക് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.

സിദ്ധാർത്ഥ് ഭരതൻ. Photo. Facebook.com

‘നമ്മൾ സിനിമയിലെ എല്ലാ പാട്ടുകളും എനിക്ക് പ്രിയപ്പെട്ടതാണ്. ടൈറ്റിൽ സോങ്ങും അതിലെ മറ്റ് പാട്ടുകളുമെല്ലാം എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടവയാണ്. ഞാൻ മറന്നാലും എന്നെ മറക്കാൻ ഈ പാട്ടുകൾ സമ്മതിക്കില്ല. ഇപ്പോഴും പലരും അത് ഷെയർ ചെയ്തുകൊണ്ടേയിരിക്കും. എന്നമ്മേ ഒന്നുകാണാൻ…എന്ന പാട്ടൊക്കെ അമ്മ മരിച്ച സമയത്ത് ഒരുപാട് പേർ എനിക്ക് അയച്ചുതന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ ആ സമയത്ത് ആ പാട്ടുകളുമായി കൂടുതൽ ക്ലോസ് ആകാനും ആശ്വാസം ലഭിക്കാനും അതൊക്കെ സഹായിച്ചിട്ടുണ്ട്,’ സിദ്ധാർത്ഥ് പറഞ്ഞു.

ഇപ്പോഴും നമ്മൾ സിനിമയിലെ പാട്ടുകൾ പലരും ഷെയർ ചെയ്യാറുണ്ടെന്നും, ഇപ്പോഴത്തെ സെറ്റിൽ പോലും വിനയ് ഫോർട്ട് സുഖമാണീ നിലാവ് പാട്ടിന്റെ പേരിൽ തന്നെ കളിയാക്കാറുണ്ടെന്നും സിദ്ധാർത്ഥ് ഭരതൻ പറഞ്ഞു.

‘എടോ, തനിക്ക് അറിയോ, ഞാൻ പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് സുഖമാണീ നിലാവ് കണ്ടിട്ടുള്ളത് എന്നൊക്കെ വിനയ് പറഞ്ഞ്
കളിയാക്കാറുണ്ട്. നാലാമത്തെ പ്രാവശ്യം പത്താം ക്ലാസിൽ പഠിച്ച് തോറ്റതാണ് എന്നത് വേറെ കാര്യം. വിനയന്റെ ഒക്കെ ഭയങ്കര ഫേവറിറ്റാണ് അതൊക്കെ. അതുകൊണ്ടാണല്ലോ അത് പറഞ്ഞ് എന്നെ കളിയാക്കുന്നത്,’ സിദ്ധാർത്ഥ് പറഞ്ഞു.

നമ്മൾ. Photo. Facebook.com

നമ്മൾ സിനിമയിലെ സീനുകളും പാട്ടുകളുമൊക്കെ തനിക്ക് ഇപ്പോഴും ഭയങ്കര സിനിമാറ്റിക്കായി തോന്നുന്നുവെന്നും സിദ്ധാർത്ഥ് പറഞ്ഞു. “ആ സിനിമയിലെ സീനുകളും പാട്ടുമൊക്കെ ഭയങ്കര സിനിമാറ്റിക്കാണ്. ഭയങ്കര ലവ്‌ലിയാണ്. റിയൽ ലൈഫുമായി ഒരു ബന്ധവുമില്ല. ‘രാക്ഷസി’ പാട്ടൊക്കെ ഭയങ്കര ഹിറ്റായ നല്ല പാട്ടുകളായിരുന്നു,’ സിദ്ധാർത്ഥ് കൂട്ടിച്ചേർത്തു.

Content Highlight: Actor Sidharth bharathan talks about nammal movie and songs