2009ല്‍ പുറത്തിറങ്ങിയ ഋതു എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച അഭിനേതാവാണ് വിനയ് ഫോര്‍ട്ട്. അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത് 2015ല്‍ പുറത്തിറങ്ങിയ നിവിന്‍ പോളി ചിത്രം പ്രേമത്തിലെ വിമല്‍ സാര്‍ എന്ന കഥാപാത്രമാണ് വിനയ് ഫോര്‍ട്ടിനെ പ്രേക്ഷകര്‍ക്കിടയില്‍ സുപരിചിതനാക്കുന്നത്. പിന്നീട് തമാശ, മാലിക്, ചുരുളി, ആട്ടം തുടങ്ങി ഒട്ടനവധി ചിത്രങ്ങളിലെ ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ വിനയ് കൈയടി നേടുകയായിരുന്നു.
നിവിൻ പോളി – മമിത ബൈജു കൂട്ടുകെട്ടിൽ ഇൻഡസ്ട്രി ഹിറ്റടിച്ച ഗിരീഷ് എ.ഡി. ചിത്രം ബെത്‌ലഹേം കുടുംബ യൂണിറ്റിൽ ബാങ്ക് ഉദ്യോഗസ്ഥനായ അമ്മാവനായി വിനയ് ഫോർട്ട് അവതരിപ്പിച്ച അലക്സ് എന്ന കഥാപാത്രത്തിനും മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് ലഭിച്ചത്. ഇതിനുപുറമെ, ഈയിടെ തിയേറ്ററുകളിലെത്തിയ ഐ ആം ഗെയിം, പ്രഥമദൃഷ്ട്യാ കുറ്റക്കാർ എന്നീ ചിത്രങ്ങളിലും നടൻ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചിരുന്നു.
ഇപ്പോഴിതാ മനോരമ ഓൺലൈൻ നൽകിയ അഭിമുഖത്തിൽ തന്റെ സിനിമാ വിശേഷങ്ങൾ പങ്കുവെക്കുകയാണ് വിനയ്.

വിനയ് ഫോർട്ട്. Photo. X.com
താൻ ഒരിക്കൽപോലും സിനിമകളിൽ അവസരങ്ങൾക്ക് വേണ്ടി സംവിധായകരെ ശല്യപ്പെടുത്താറില്ലെന്ന് പറയുകയാണ് വിനയ് ഫോർട്ട്.
‘ഒരു സംവിധായകന്റെ അടുത്ത് പോയിട്ട്, ഞാൻ നിങ്ങളുടെ സിനിമ കണ്ടു, എനിക്ക് വളരെ ഇഷ്ടമായി, നിങ്ങളുടെ കൂടെ വർക്ക് ചെയ്യാൻ ആഗ്രഹമുണ്ട് എന്ന് പൊളൈറ്റ് ആയി ഒരു തവണ പറയുന്നത് പ്രൊഫഷണൽ എത്തിക്സിന്റെ ഭാഗമാണ്, അതിൽ തെറ്റില്ല. എന്നാൽ ഞാൻ ആ കാര്യത്തിൽ ഒരു പരാജയമാണ്. ഞാൻ ഇന്നുവരെ എനിക്ക് ഒരു റോൾ തരൂ എന്ന് പറഞ്ഞുകൊണ്ട് ഒരു വേഷവും നേടിയെടുത്തിട്ടില്ല.
മലയാളത്തിലെ അറിയപ്പെടുന്ന 90 ശതമാനം സംവിധായകരുടെ സിനിമകളിലും ചെറുതും വലുതുമായ വേഷങ്ങൾ ചെയ്ത വ്യക്തിയാണ് ഞാൻ. എന്നാൽ ഇതുവരെ ആരെയും വിളിച്ച് ചാൻസ് ചോദിക്കുകയോ ബുദ്ധിമുട്ടിക്കുകയോ ചെയ്തിട്ടില്ല,’ വിനയ് ഫോർട്ട് പറഞ്ഞു.
തന്റെ അഭിനയം കണ്ട് പ്രശംസിക്കുന്ന സംവിധായകരോട് അവരുടെ സിനിമകളിൽ അഭിനയിക്കാനുള്ള താത്പര്യം പ്രകടിപ്പിക്കാറുണ്ടെന്നും വിനയ് പറയുന്നു.
സമാധാനപരമായ ജീവിതവും നല്ല വരുമാനവും കയ്യിൽ ജോലിയും ഉണ്ടാവുക എന്നതിനാണ് താൻ എന്നും മുൻഗണന നൽകുന്നതെന്നും, അതുകൊണ്ടുതന്നെ സിനിമയിൽ ഒരു സൂപ്പർസ്റ്റാർ പദവിയൊന്നും ആഗ്രഹിക്കുന്നില്ലെന്നും നടൻ കൂട്ടിച്ചേർത്തു.

വിനയ് ഫോർട്ട്. Photo. X.com
‘എന്റെ സിനിമകൾ കണ്ടിട്ട് ചില ഫിലിം മേക്കേഴ്സ് ആ സിനിമയിലെ അഭിനയം എനിക്ക് ഇഷ്ടപ്പെട്ടു എന്ന് പറയുകയാണെങ്കിൽ അപ്പോൾ ഞാൻ അവരോട് നിങ്ങളുടെ സിനിമയിൽ അഭിനയിക്കാൻ എനിക്ക് താത്പര്യമുണ്ട് എന്ന് പറയാറുണ്ട്.
അവരോട് അത് ചോദിക്കുക എന്നത് ഒരു സ്ട്രെങ്ത് ആണ്. എന്നാൽ ആ സ്ട്രെങ്ത് എനിക്കില്ല, സമാധാനമായി ജീവിക്കുക എന്നതാണ് എന്റെ മുൻഗണന. ജീവിക്കാൻ പൈസയും ചെയ്യാൻ ജോലിയും ഉണ്ടാവുക എന്നതാണ് പ്രധാനം. അല്ലാതെ എനിക്ക് സൂപ്പർസ്റ്റാർ ആകണമെന്ന് ആഗ്രഹമില്ല. നല്ല സിനിമകൾ ചെയ്യാൻ ആഗ്രഹമുണ്ട്, ഈ രീതിയിൽ മുന്നോട്ടുപോകാൻ കഴിയുമെങ്കിൽ ഞാൻ ഹാപ്പിയാണ്,’ വിനയ് വ്യക്തമാക്കി.
