മലയാളികൾക്ക് പ്രിയപ്പെട്ട അഭിനേതാവാണ് ധ്യാൻ ശ്രീനിവാസൻ. അതുല്യ കലാകാരൻ ശ്രീനിവാസന്റെ മകനെന്ന ലേബലിൽ സിനിമയിലെത്തിയ ധ്യാൻ, കുറഞ്ഞ കാലം കൊണ്ട് മലയാളി പ്രേക്ഷകർക്കിടയിൽ തന്റേതായ സ്ഥാനം കണ്ടെത്തുകയായിരുന്നു. 2019-ൽ ലൗ ആക്ഷൻ ഡ്രാമ എന്ന ഹിറ്റ് ചിത്രം സംവിധാനം ചെയ്ത നടൻ ഒട്ടനവധി ചിത്രങ്ങളിലാണ് നായകനായി പ്രത്യക്ഷപ്പെട്ടത്. ഇതിൽ ഭൂരിഭാഗവും പരാജയപ്പെട്ടെങ്കിലും, ഇവയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ധ്യാൻ നൽകിയ അഭിമുഖങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമാണ്.
ഇത്തരത്തിൽ ധ്യാനിന്റേതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ അഭിമുഖത്തിൽ അച്ഛനെ കുറിച്ച് പറഞ്ഞ ചില വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. വൺ ടു ടോക്സ് എന്ന ചാനലിനോട് സംസാരിക്കുകയായിരുന്നു ധ്യാൻ.

ധ്യാൻ ശ്രീനിവാസൻ. Photo. Screen Grab/ Youtube
ഒരേസമയം പ്രേക്ഷകരെ ചിരിപ്പിക്കാനും അതുവഴി ചിന്തിപ്പിക്കാനും കഴിയുന്നവയായിരുന്നു ശ്രീനിവാസന്റെ തിരക്കഥയിലുണ്ടായ സിനിമകൾ എന്ന് പറയുകയാണ് ധ്യാൻ. മികച്ച സിനിമകളുടെ കൂട്ടത്തിൽ ആളുകൾ ക്ലാസിക് സിനിമകളെക്കുറിച്ചാണ് പറയാറുള്ളതെങ്കിലും, പ്രേക്ഷകരെ ചിരിപ്പിക്കുന്ന സിനിമകളായിരിക്കും ആളുകൾ വീണ്ടും കാണാൻ സാധ്യതയുള്ളതെന്നും നടൻ കൂട്ടിച്ചേർത്തു.
‘ശ്രീനിവാസന്റെ സിനിമകൾ നമ്മളെ ചിന്തിപ്പിക്കും, ചിരിപ്പിക്കും. ഇത് രണ്ടും ചെയ്യുന്ന എഴുത്തുകാർ മലയാളത്തിൽ ഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്. എന്ന് വച്ചാൽ ഈ രണ്ടു കാര്യങ്ങളും ഒരേ സിനിമയിൽ ഒരുമിച്ച് ചെയ്തിരുന്ന ചുരുക്കം ചില ആൾക്കാരാണ് ഉണ്ടായിട്ടുള്ളത്. എനിക്ക് തോന്നുന്നു ആ രീതിയിൽ ജീനിയസ് ആണ് അദ്ദേഹം.
ചില ആളുകളോട് കണ്ടിട്ടുള്ള മികച്ച സിനിമകൾ പറയാൻ പറഞ്ഞാൽ ഭയങ്കര ക്ലാസിക് ആയിട്ടുള്ള സിനിമകൾ കോട്ട് ചെയ്യുന്നത് കണ്ടിട്ടുണ്ട്. എന്നാൽ ഈ പറയുന്ന ക്ലാസിക് അവർ എത്ര തവണ കണ്ടിട്ടുണ്ടാവും, സിനിമ വൈസ് അത് ഭയങ്കര കൾട്ട് ഒക്കെ ആയിരിക്കാം, പക്ഷെ നമ്മൾ കൂടുതൽ കണ്ടിട്ടുണ്ടാവുക സി.ഐ.ഡി മൂസയും നാടോടിക്കാറ്റും ഒക്കെ ആയിരിക്കും,’ ധ്യാൻ പറഞ്ഞു.
കോമഡി ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെന്നും പറയുകയാണ് ധ്യാൻ. എന്നാൽ പലപ്പോഴും ഗൗരവമേറിയ സിനിമകൾ എടുക്കുന്നവരെയും കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നവരെയുമാണ് ചില പ്രേക്ഷകർക്ക് ഇഷ്ടം എന്നും നടൻ പറഞ്ഞു.

ശ്രീനിവാസൻ. Photo. X.Com
‘നമ്മളെ രസിപ്പിക്കുന്ന സിനിമകൾ എഴുതാനാണ് ഏറ്റവും പാട്. അങ്ങനെയുള്ള ആൾക്കാരെ സത്യം പറഞ്ഞാൽ കോമേഡിയൻസ് എന്ന് പറയും. സീരിയസ് സിനിമകളെയും അത്തരം വേഷങ്ങൾ ചെയ്യുന്ന ആളുകളെയും ഇഷ്ടപ്പെടുന്ന ഒരുപറ്റം ആളുകളുണ്ട്, അത് അവരുടെ ഇഷ്ടമാണ്. പക്ഷെ അന്നും ഇന്നും തമാശയിലൂടെ ചിന്തിപ്പിക്കാൻ പറ്റുക എന്നത് അത്രയും സ്ട്രോങ് ഐഡിയോളജിയും പെർസ്പെക്റ്റീവും ഉണ്ടെങ്കിൽ മാത്രം സാധിക്കുന്ന ഒന്നാണ്,’ ധ്യാൻ ശ്രീനിവാസൻ പറഞ്ഞു.
