ഗുരുഗ്രാം: നഗരത്തില്‍ മാലിന്യം തള്ളി ജീവിതം ദുസ്സഹമാക്കുന്നതില്‍ പ്രതിഷേധവുമായി ഹരിയാനയിലെ ഗുരുഗ്രാമില്‍ റസിഡന്‍ഷ്യല്‍ സൊസൈറ്റിയിലെ നൂറുകണക്കിന് താമസക്കാര്‍. കെട്ടിടനിര്‍മാണ അവശിഷ്ടങ്ങള്‍ അഥവാ മല്‍ബ പ്രദേശത്ത് തള്ളി നഗരത്തെ ‘അര്‍ബന്‍’ ചേരിയാക്കി മാറ്റുന്നതിനെതിരെയായിരുന്നു പ്രതിഷേധം.

ഗോള്‍ഫ് കോഴ്‌സ് എക്‌സ്റ്റന്‍ഷന്‍ റോഡിലെ (ജി.സി.ഇ.ആര്‍) നൂറ്റിയന്‍പതോളം വരുന്ന ഹൗസിങ് സൊസൈറ്റികളിലെ താമസക്കാരാണ് ഐ.എഫ്.സി ചൗക്കില്‍ ആരംഭിച്ച മാര്‍ച്ചില്‍ പങ്കെടുത്തത്.

‘ഗുരുഗ്രാമിനെ മികച്ച ഒരു നഗരമാക്കി മാറ്റുന്നതിനുള്ള വികസനമാണ് ആവശ്യം, അല്ലാതെ മാലിന്യം നഗരവത്കരണത്തിന്റെ ഭാഗമായി മാറുകയല്ല. മല്‍ബ ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് മാറ്റി അതിനെ പരിഹാരം എന്നു വിളിക്കുകയല്ല വേണ്ടത്’, പ്രതിഷേധക്കാര്‍ പറയുന്നു.

മാലിന്യം നിക്ഷേപിക്കുന്ന സ്ഥലങ്ങളില്‍ 24 മണിക്കൂര്‍ സി.സി.ടി.വി നിരീക്ഷണം, കൂട്ടിയിട്ടിരിക്കുന്ന കെട്ടിട നിര്‍മാണമാലിന്യങ്ങള്‍ സമയോചിതമായി നീക്കം ചെയ്യുക, പരാതികള്‍ ട്രാക്ക് ചെയ്യാനും നടപടി എടുത്തുവെന്ന് ഉറപ്പുവരുത്താനും ആക്ഷന്‍ ടേക്കണ്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവിടുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രതിഷേധക്കാര്‍ ഉന്നയിക്കുന്നത്.

മുന്‍സിപ്പല്‍ കമ്മീഷണര്‍, ജി.എം.ഡി.എ, ജില്ലാ ഭരണകൂടം, അര്‍ബന്‍ ലോക്കല്‍ ബോഡീസ് വകുപ്പ്, ഹരിയാന സംസ്ഥാന മലിനീകരണനിയന്ത്രണബോര്‍ഡ് എന്നിവര്‍ക്ക് ഔദ്യോഗിക ഹരജി സമര്‍പ്പിച്ചു.

ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഗുരുഗ്രാമില്‍ ഒരു ദിവസം 1000 ടണിലധികം നിര്‍മാണ അവശിഷ്ടങ്ങള്‍ ഉത്പാദിപ്പിക്കുന്നുണ്ട്. എന്നാല്‍ നഗരത്തിലെ ഏക മാലിന്യസംസ്‌കരണ പ്ലാന്റിന്റെ പ്രതിദിനശേഷി 300 ടണ്‍ മാത്രമാണ്.

ഈ വിടവ് മുതലാക്കി നഗരത്തില്‍ അനധികൃത മാലിന്യ മാഫിയ വളരുകയാണ്. ജി.സി.ഇ.ആര്‍, ഗുരുഗ്രാം-ഫരീദാബാദ് റോഡ്, ആരവല്ലി പ്രദേശങ്ങള്‍ കേന്ദീകരിച്ചാണ് ഇവ പ്രവര്‍ത്തിക്കുന്നത്.

ദീര്‍ഘനാളായി മാലിന്യങ്ങളുമായി ഗുരുഗ്രാം നിവാസികള്‍ പോരടിക്കുന്നു. 2020 ല്‍ പ്രഗതി എന്ന സ്ഥാപനം വീട്ടുപടിക്കലെത്തി മാലിന്യം ശേഖരിക്കുന്നതിനുള്ള കരാര്‍ ഏറ്റെടുത്തിരുന്നു. മാലിന്യസംസ്‌കരണത്തിന്റെ മികച്ച ഒരു മാതൃകയായി നീതി ആയോഗ് ഇതിനെ പ്രശംസിച്ചിരുന്നു.

എന്നാല് ബില്ലിങ് തട്ടിപ്പ് ആരോപിച്ച് 2021-ല്‍ ഒരു ആര്‍.ടി.ഐ പ്രവര്‍ത്തകന്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് ഇവരുടെ അംഗീകാരം ഇല്ലാതായി. അതിനുശേഷം പലതവണ ടെന്‍ഡറുകള്‍ വിളിക്കുകയും റദ്ദാക്കുകയും ചെയ്തതോടെ മാലിന്യശേഖരണത്തിന് ഒരു സ്ഥിരം സംവിധാനം ഇല്ലാതായി.

റോഡിലെ മാലിന്യങ്ങള്‍, തകര്‍ന്ന റോഡുകള്‍, മറ്റ് അടിസ്ഥാന സൗകര്യങ്ങളുടെ തകര്‍ച്ച തുടങ്ങിയവ നഗരത്തെ വാസയോഗ്യമല്ലാതാക്കി എന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. നികുതി അടക്കുന്ന രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥക്ക് സംഭാവന ചെയ്യുന്ന ഇവിടെയുള്ളവര്‍ അര്‍ഹിക്കുന്ന ജീവിതസാഹചര്യം നല്‍കണമെന്നാണ് ആവശ്യം.

Content Highlight: 150 Gurugram housing societies protest against malba dumping on Golf Course Extension Road.