പാട്‌ന: ബീഹാറിലെ മുസ്‌ലിങ്ങള്‍ ഏതെങ്കിലും പാര്‍ട്ടിയുടെ ക്യാമ്പ് ഫോളോവേഴ്‌സ് ആവുന്നതിന് പകരം ന്യായമായ രാഷ്ട്രീയ പ്രാതിനിധ്യം ആവശ്യപ്പെടണമെന്ന് ജന്‍ സുരാജ് പാര്‍ട്ടി സ്ഥാപകനും മുന്‍ ജെ.ഡി.യു നേതാവുമായ പ്രശാന്ത് കിഷോര്‍.

പട്‌നയില്‍ നടന്ന ന്യൂനപക്ഷ കണ്‍വെന്‍ഷനില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ബങ്കിപ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ തന്നെ പിന്തുണച്ചതിന് ന്യൂനപക്ഷങ്ങളോട് നന്ദി പറഞ്ഞ അദ്ദേഹം ജനാധിപത്യ രാഷ്ട്രീയത്തില്‍ ന്യൂനപക്ഷങ്ങള്‍ ശരിയായ സ്ഥാനം ഉറപ്പിക്കണമെന്നും പറഞ്ഞു.

‘ അടുത്തിടെ നടന്ന തെരഞ്ഞെടുപ്പില്‍ നിങ്ങള്‍ തന്ന പിന്തുണയ്ക്ക് നന്ദി. ജനാധിപത്യ രാഷ്ട്രീയത്തില്‍ ന്യൂനപക്ഷങ്ങള്‍ക്ക് അര്‍ഹമായ പ്രാധിനിധ്യം ലഭിക്കാന്‍ നമ്മള്‍ ഇപ്പോള്‍ പരിശ്രമിക്കേണ്ടതുണ്ട്,’ പ്രശാന്ത് കിഷോര്‍ പറഞ്ഞു.

ബങ്കിപൂരിനടുത്തുള്ള മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ സബ്‌സിബാഗ് പ്രദേശത്തായിരുന്നു പരിപാടി നടന്നത്. 1995 മുതല്‍ തുടര്‍ച്ചയായി മണ്ഡലം കൈവശം വച്ചിരുന്ന ബിജെപിയെ പരാജയപ്പെടുത്തിയാണ് കിഷോര്‍ സീറ്റ് നേടിയത്.

എല്ലാ സമൂഹങ്ങളും തങ്ങളുടെ കുട്ടികളുടെ ഭാവിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും, തങ്ങളെ പ്രതിനിധീകരിക്കുന്നുവെന്ന് അവകാശപ്പെടുന്ന നേതാക്കളുടെ സ്വാധീനത്തിന് വഴങ്ങരുതെന്നും കിഷോര്‍ ആവശ്യപ്പെട്ടു.

‘ന്യൂനപക്ഷങ്ങളോടുള്ള എന്റെ അഭ്യര്‍ത്ഥനയും അതാണ്. ഏതെങ്കിലും പാര്‍ട്ടിയുടെ ക്യാമ്പ് ഫോളോവേഴ്സായി മാറുന്നതിനുപകരം അവര്‍ രാഷ്ട്രീയത്തില്‍ തങ്ങളുടെ അര്‍ഹമായ പങ്കുവഹിക്കാന്‍ പോരാടണം,’ അദ്ദേഹം പറഞ്ഞു.

ജെ.ഡി.യു പ്രസിഡന്റ് നിതീഷ് കുമാറിന്റെ ജന്മസ്ഥലമായ ഭക്തിയാര്‍പൂരിന് അദ്ദേഹത്തിന്റെ പേര് നല്‍കണമെന്ന ചില എന്‍.ഡി.എ നേതാക്കളുടെ ആഹ്വാനത്തെയും കിഷോര്‍ വിമര്‍ശിച്ചു.

‘ബീഹാര്‍ ഇപ്പോള്‍ ബി.ജെ.പി ഭരണത്തിലാണെന്നതിന്റെ മറ്റൊരു സൂചനയാണിത്. സ്ഥലങ്ങളുടെ പേരുമാറ്റുന്നതിനെച്ചൊല്ലി കാര്യമായ ജോലികള്‍ കുറയുകയും ബഹളം കൂടുകയും ചെയ്യും,’ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പാര്‍ട്ടിയെ നയിക്കുന്നത് നിതീഷ് കുമാറല്ല മറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണെന്നും അദ്ദേഹം പറഞ്ഞു.

പൗരത്വ ഭേദഗതി വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ അദ്ദേഹം വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. കൂടാതെ ഈ വിഷയത്തിലുള്ള ജെ.ഡി.യുവിന്റെ അവ്യക്ത നിലപാടില്‍ ചോദ്യം ഉന്നയിക്കുകയും വിമര്‍ശിക്കുകയും ചെയ്തതോടെ ഇദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയായിരുന്നു

Content Highlight: Muslims in Bihar need fair political representation; Prashant Kishor.