പട്‌ന: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ പരാജയത്തിന് പിന്നാലെ ബിഹാർ കോൺഗ്രസിൽ പോര് കനക്കുന്നു. സംസ്ഥാന നേതൃത്വത്തിനെതിരെ ദൽഹിയിൽ പരസ്യ പ്രതിഷേധം നയിച്ച 29 നേതാക്കൾക്ക് ബിഹാർ പ്രദേശ് കോൺഗ്രസ് കമ്മിറ്റി കാരണം കാണിക്കൽ നോട്ടീസ് അയച്ചു.
പാർട്ടി ചട്ടങ്ങൾ ലംഘിച്ച് പരസ്യമായി രംഗത്തിറങ്ങിയത് ഗുരുതരമായ അച്ചടക്കലംഘനമാണെന്ന് അച്ചടക്ക സമിതി അധ്യക്ഷൻ കപിൽദേവ് പ്രസാദ് യാദവ് പറഞ്ഞു. മൂന്ന് ദിവസത്തിനകം കൃത്യമായ വിശദീകരണം നൽകിയില്ലെങ്കിൽ നേതാക്കൾക്കെതിരെ കടുത്ത സംഘടനാ നടപടി സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്.
മുൻ എം.എൽ.എമാരായ അനിൽ സിങ്, പൂനം ദേവി എന്നിവർക്ക് പുറമെ വിവിധ ജില്ലകളിലെ മുൻ ഡി.സി.സി അധ്യക്ഷന്മാരായ വിദ്യുശേഖർ പാണ്ഡെ, ഭാരത് ഭൂഷൺ ദുബെ, സത്യേന്ദ്ര യാദവ്, മൃത്യുഞ്ജയ് സിങ് എന്നിവരടക്കമുള്ള മുതിർന്ന നേതാക്കൾക്കാണ് നോട്ടീസ് ലഭിച്ചത്.
സംസ്ഥാന അധ്യക്ഷൻ രാജേഷ് റാം, ബിഹാറിന്റെ എ.ഐ.സി.സി ചുമതലയുള്ള കൃഷ്ണ അല്ലവാരു എന്നിവരെ തൽസ്ഥാനത്തുനിന്ന് നീക്കണമെന്നും നേതൃത്വം അഴിമതി നടത്തുകയാണെന്നും ആരോപിച്ചായിരുന്നു നേതാക്കളുടെ ദൽഹിയിലെ പ്രതിഷേധം.
എന്നാൽ, ആരോപണങ്ങൾ തള്ളിയ സംസ്ഥാന ഘടകം പ്രതിഷേധക്കാരെ നേരത്തെ തന്നെ പുറത്താക്കിയതാണെന്നും ഇവർ ഒത്തുതീർപ്പ് ചർച്ചകൾക്ക് തയ്യാറായിരുന്നില്ലെന്നും വ്യക്തമാക്കി.
നേരത്തെ ഫെബ്രുവരിയിൽ ഒമ്പത് നേതാക്കളെ പാർട്ടി ആറ് വർഷത്തേക്ക് പുറത്താക്കിയിരുന്നു. എന്നാൽ എ.ഐ.സി.സിയുടെ അനുമതിയില്ലാതെ സംസ്ഥാന സമിതിക്ക് ഇതിന് അധികാരമില്ലെന്നാണ് വിമതരുടെ വാദം. 47 പേർക്ക് നൽകിയ കാരണം കാണിക്കൽ നോട്ടീസ് പിൻവലിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.
പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി എന്നിവരെ കണ്ട് പ്രശ്നങ്ങൾ ധരിപ്പിക്കാൻ ശ്രമിച്ചെങ്കിലും അനുമതി ലഭിച്ചില്ലെന്ന് വിമത നേതാക്കൾ പരാതിപ്പെടുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം പരാതികൾ പരിഹരിക്കാമെന്ന് കെ.സി. വേണുഗോപാൽ, അശോക് ഗെഹ്‌ലോട്ട് എന്നിവർ മുൻപ് ഉറപ്പ് നൽകിയിരുന്നതായും നേതാക്കൾ അവകാശപ്പെട്ടു.
എങ്കിലും സംഘടനാപരമായ നടപടികളുമായി മുന്നോട്ട് പോകാനാണ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം.
Content Highlight:Public Protest in Delhi: Disciplinary Action Against 29 Rebel Congress Leaders in Bihar.
