ന്യൂദല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്ത ചെറുപാര്‍ട്ടികളുടെ മറവില്‍ വന്‍ ടാക്സ് തട്ടിപ്പ് ആരോപണവുമായി കോണ്‍ഗ്രസ്. കോണ്‍ഗ്രസ് എം.പി. ശക്തിസിങ് ഗോഹില്‍ ബുധനാഴ്ച ദല്‍ഹിയില്‍ വെച്ച് നടത്തിയ പത്രസമ്മേളനത്തിലാണ് ആരോപണമുന്നയിച്ചത്.

കണക്കില്‍ പെടാത്ത പണം രാഷ്ട്രീയപാര്‍ട്ടികള്‍ക്കുള്ള സംഭാവനയായി മാറ്റി വെളുപ്പിക്കുകയാണെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. ഇലക്ഷന്‍ കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്ത 3,260 ചെറുപാര്‍ട്ടികള്‍ക്ക് ആകെ 10,000 കോടി രൂപയാണ് സംഭാവനയായി ലഭിച്ചിരിക്കുന്നത്.

ഇന്‍കം ടാക്സ് നിയമത്തിന്റെ വകുപ്പ് 80GCC പ്രകാരം ഒരു വ്യക്തി താന്‍ കൊടുക്കാനുള്ള ഇന്‍കം ടാക്സ് ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് സംഭാവന ചെയ്യുകയാണെങ്കില്‍ ഇന്‍കം ടാക്സ് അടക്കേണ്ടതില്ല. വകുപ്പ് 80 GGD പ്രകാരം സ്ഥാപനങ്ങള്‍ക്കും ഈ ഇളവുണ്ട്. ഈ വകുപ്പുകള്‍ ഉപയോഗിച്ചാണ് ഈ രാഷ്ട്രീയ പാര്‍ട്ടികള്‍ ടാക്സ് തട്ടിപ്പ് നടത്തുന്നതെന്ന് ശക്തിസിങ് ഗോഹില്‍ ആരോപിച്ചു. ഇക്കാര്യത്തില് സംയുക്ത പാര്‍ലമെന്ററി കമ്മിറ്റിയുടെ അന്വേഷണവും അദ്ദേഹം ആവശ്യപ്പെട്ടു.

ഈ പാര്‍ട്ടികള്‍ക്കെതിരെ അന്വേഷണം നടത്തി നടപടി എടുക്കണം. ഇന്‍കം ടാക്സ് നിയമപ്രകാരം കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ 200% പിഴ ഈടാക്കണം. കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ട വ്യക്തികള്‍ക്കും ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുകള്‍ക്കുമെതിരെ ക്രിമിനല്‍ കേസെടുക്കണം. കുറ്റക്കാരെന്ന് തെളിഞ്ഞാല്‍ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുകളുടെ ലൈസന്‍സ് റദ്ദ് ചെയ്യണമെന്നും ഗോഹില്‍ ആവശ്യപ്പെട്ടു.

2025ലും താന്‍ ഇതേ പ്രശ്നം ഉന്നയിച്ചിരുന്നുവെങ്കിലും നടപടിയെടുക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് ഗോഹില്‍ കൂട്ടിച്ചേര്‍ത്തു. ഇതിനുപിന്നാലെ ബി.ജെ.പിയ്ക്ക് ഇതില്‍ പങ്കുണ്ടെന്ന് ആരോപിച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് രംഗത്തുവന്നു.

ഇതിനുപിന്നിലെ ‘ചാണക്യന്‍’ ആരാണെന്നാണ് ജയറാം രമേശ് ചോദിച്ചത്. 2024 ലെ തെരഞ്ഞെടുപ്പുസമയത്ത് നികുതി വെട്ടിപ്പ് ആരോപിച്ച് കോണ്‍ഗ്രസിന്റെ അക്കൗണ്ട് മരവിപ്പിച്ചതിനെക്കുറിച്ച് ജയറാം രമേശ് ഓര്‍മിപ്പിച്ചു. 10,000 കോടിയുടെ തട്ടിപ്പ് നടന്നിട്ടും ഇപ്പോള്‍ നടപടി എടുക്കാത്തത് എന്തുകൊണ്ടാണ്? കേന്ദ്രസര്‍ക്കാരിന്റെ മൗനമായ പിന്തുണയോടെയാണോ ഇത് നടക്കുന്നതെന്നും ജയറാം രമേശ് ചോദിച്ചു.

‘മോദി സര്‍ക്കാര്‍ ജനങ്ങള്‍ക്ക് മറുപടി നല്‍കിയേ തീരൂ. വിദേശത്തുനിന്നും കള്ളപ്പണം എത്തിച്ച് ജനങ്ങള്‍ക്ക് തിരികെ നല്‍കും എന്ന വാഗ്ദാനം പരാജയപ്പെട്ടു. ഇപ്പോള്‍ കള്ളപ്പണം വെളുപ്പിക്കാനുള്ള പുതിയ പദ്ധതി ബി.ജെ.പിയുടെ ഭരണത്തിനു കീഴിലാണ് നടക്കുന്നത്’, ജയറാം രമേശ് കുറിപ്പില്‍ പറഞ്ഞു.

Content Highlight: Congress alleges 10,000 crore tax evasion through unregistered political parties, seeks JPC