അഫ്ഗാനിസ്ഥാനിസ്ഥാനെതിരായ ടി-20 പരമ്പരയ്ക്കുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. സെപ്റ്റംബര്‍ 13നാണ് മത്സരം മൂന്ന് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പര ആരംഭിക്കുന്നത്. മത്സരങ്ങള്‍ക്ക് മുന്നോടിയായി ഇന്ത്യ തങ്ങളുടെ 15 അംഗ സ്‌ക്വാഡും പ്രഖ്യാപിച്ചിരുന്നു. സ്‌ക്വാഡില്‍ സൂപ്പര്‍ താരം സഞ്ജു സാംസണും ഇടം നേടിയിട്ടുണ്ട്. കഴിഞ്ഞ സിംബാബ്‌വേ പരമ്പരയില്‍ ടീമില്‍ ഇടം നേടാന്‍ സഞ്ജുവിന് സാധിച്ചിരുന്നില്ല.

അയര്‍ലാന്‍ഡിനെതിരെയും ഇംഗ്ലണ്ടിനെതിരെയുമുള്ള പരമ്പരയില്‍ തിളങ്ങാന്‍ സാധിക്കാതെ വന്നതോടെ സഞ്ജുവിനെ സിംബാബ്‌വേക്കെതിരായ ടി-20 പരമ്പരയില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. എന്നാല്‍ അഫ്ഗാനിസ്ഥാനെതിരെ സഞ്ജു ഇന്ത്യന്‍ ജേഴ്‌സിയില്‍ വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ്.

പരമ്പരയില്‍ കളത്തിലിറങ്ങിയാല്‍ ഒരു മിന്നും നേട്ടവും സഞ്ജുവിനെ കാത്തിരിക്കുന്നുണ്ട്. ടി-20 കരിയറില്‍ 350 മത്സരങ്ങള്‍ പൂര്‍ത്തിയാക്കാനാണ് സഞ്ജുവിനുള്ള അവസരം. ഇതിനായി പരമ്പരയിലെ രണ്ടേ രണ്ട് മത്സരങ്ങളില്‍ സഞ്ജു ഇറങ്ങിയാല്‍ മതി.

എന്നാല്‍ അഭിഷേക് ശര്‍മ, വൈഭവ് സൂര്യവംശി എന്നീ രണ്ട് ഓപ്പണര്‍മാരും സ്‌ക്വാഡിലുള്ളതിനാല്‍ ആര്‍ക്കൊക്കെയാകും പരമ്പരയില്‍ കളിക്കാന്‍ അവസരം ലഭിക്കുക എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഓപ്പണറായി അവസരം ലഭിച്ചാല്‍ വെടിക്കെട്ട് ബാറ്റിങ് പ്രകടനവും സഞ്ജു കാഴ്ചവെക്കുമെന്ന് ഉറപ്പാണ്.

ഇതുവരെ 348 ടി-20 മത്സരങ്ങളില്‍ നിന്നും 8910 റണ്‍സാണ് സഞ്ജുവിന്റെ സമ്പാദ്യം. എട്ട് സെഞ്ച്വറികളും 55 അര്‍ധ സെഞ്ച്വറികളും ആണ് കുട്ടിക്രിക്കറ്റില്‍ സഞ്ജു നേടിയിട്ടുള്ളത്. ഇന്ത്യ, കേരളം, രാജസ്ഥാന്‍ റോയല്‍സ്, ചെന്നൈ സൂപ്പര്‍ കിങ്സ്, ദല്‍ഹി ഡെയര്‍ ഡെവിള്‍സ്, കൊച്ചി ബ്ലൂ ടൈഗേഴ്‌സ് എന്നീ ടീമുകള്‍ക്ക് വേണ്ടിയാണ് സഞ്ജു ടി-20യില്‍ കളത്തില്‍ ഇറങ്ങിയിട്ടുള്ളത്.

അതേസമയം 2026ലെ ടി-20 ലോകകപ്പില്‍ ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ചതില്‍ വലിയ പങ്കായിരുന്നു സഞ്ജു വഹിച്ചത്. ലോകകപ്പില്‍ കളിച്ച വെറും അഞ്ച് ഇന്നിങ്‌സില്‍ നിന്ന് 321 റണ്‍സാണ് താരം നേടിയത്. മാത്രമല്ല പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് നേടാനും താരത്തിന് സാധിച്ചിരുന്നു.

ഇന്ത്യക്ക് വേണ്ടി 66 ടി-20യില്‍ കളത്തിലിറങ്ങിയ സഞ്ജു 1432 റണ്‍സാണ് നേടിയിട്ടുള്ളത്. മൂന്ന് വീതം സെഞ്ച്വറികളും അര്‍ധ സെഞ്ച്വറികളും സഞ്ജു ഓപ്പണറായി സ്വന്തമാക്കിയിട്ടുണ്ട്.

Content Highlight: Sanju Samson Need Complete One T-20 Match For 350 T-20 Matches