വാഷിങ്ടൺ: റഷ്യയിലെ ഡീസൽ ഇന്ധന അടിസ്ഥാനസൗകര്യങ്ങൾ ലക്ഷ്യമിട്ട് നടത്തുന്ന ഡ്രോൺ ആക്രമണങ്ങൾ ഉക്രൈൻ ഉടൻ അവസാനിപ്പിക്കണമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.
ആഗോളതലത്തിൽ ഡീസൽ വില കുതിച്ചുയരുന്നതിനും ഇന്ധനക്ഷാമത്തിനും വഴിവെക്കുന്നത് ഇത്തരം ആക്രമണങ്ങളാണെന്നും, ഇതിന് കാരണം പശ്ചിമേഷ്യൻ സംഘർഷമല്ലെന്നും ട്രംപ് തുറന്നടിച്ചു.
അയർലൻഡ് സന്ദർശനത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കവെ ട്രംപ് വൊളോഡിമിർ സെലൻസ്കിയുമായി ഇക്കാര്യം സംസാരിച്ചതായി വ്യക്തമാക്കി. റഷ്യയിലെ ഡീസൽ കേന്ദ്രങ്ങൾ ആക്രമിക്കുന്നത് ഉക്രൈൻ അവസാനിപ്പിക്കണം എന്നാവശ്യവും മുന്നോട്ട് വെച്ചതായി അദ്ദേഹം പറഞ്ഞു.
‘മിസ്റ്റർ സെലൻസ്കി ഒരു കാര്യം ചെയ്യണം, റഷ്യയിലെ ഡീസൽ ഇന്ധന വിതരണ സംവിധാനങ്ങൾ തകർക്കുന്നത് അവസാനിപ്പിക്കണം. ആക്രമിക്കാൻ മറ്റ് നിരവധി ലക്ഷ്യങ്ങളുണ്ട്. ഡീസൽ ഇന്ധനത്തെ ലക്ഷ്യമിടരുത്. അത് ലോകത്തെ ബാധിക്കുന്നു.’ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ ഏതാനും മാസങ്ങളായി റഷ്യൻ എണ്ണ ശുദ്ധീകരണശാലകൾക്ക് നേരെ ഉക്രൈൻ നടത്തുന്ന ദീർഘദൂര ഡ്രോൺ ആക്രമണങ്ങൾ കനത്ത നാശനഷ്ടമാണ് ഉണ്ടാക്കിയത്. ഇത് റഷ്യയുടെ ഇന്ധന ഉത്പാദനത്തിൽ വലിയ ഇടിവുണ്ടാക്കുകയും വിവിധ മേഖലകളിൽ പെട്രോൾ, ഡീസൽ ക്ഷാമത്തിന് ഇടയാക്കുകയും ചെയ്തിരുന്നു.
എന്നാൽ, തങ്ങളുടെ ഊർജ മേഖലയെ നിരന്തരം തകർക്കുന്ന റഷ്യക്കെതിരായ നിയമാനുസൃത സൈനിക നീക്കമാണിതെന്നാണ് ഉക്രൈന്റെ പ്രതികരണം. റഷ്യയുടെ എണ്ണ വ്യവസായത്തിൽനിന്നുള്ള വരുമാനമാണ് നാല് വർഷത്തിലേറെയായി തുടരുന്ന അധിനിവേശത്തിന് കരുത്തുപകരുന്നതെന്നും ഉക്രൈൻ ചൂണ്ടിക്കാട്ടുന്നു.
നവംബറിൽ യു.എസ് ഇടക്കാല തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ആഭ്യന്തര വിപണിയിലെ ഇന്ധനവില വർധനവ് അമേരിക്കൻ ഭരണകൂടത്തിന് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. അമേരിക്കൻ ഓട്ടോമൊബൈൽ അസോസിയേഷന്റെ കണക്കുപ്രകാരം യു.എസിൽ ഡീസൽ വില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായ ഗാലന് 6.06 ഡോളറിലെത്തി (ലിറ്ററിന് ഏകദേശം 1.60 ഡോളർ). ഒരു വർഷം മുമ്പ് ഇത് വെറും 3.71 ഡോളർ മാത്രമായിരുന്നു. ചരക്കുനീക്കത്തിൽ ഡീസൽ വിലയിലുണ്ടാകുന്ന വർധനവ് മറ്റ് അവശ്യസാധനങ്ങളുടെയും വിലക്കയറ്റത്തിന് കാരണമായിട്ടുണ്ട്.
പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ എണ്ണവിപണിയെ ഉലയ്ക്കുന്നതിനിടയിലാണ് ഡീസൽ വിപണിയിലെ പുതിയ തരംഗം. ഫെബ്രുവരിയിൽ യു.എസും ഇസ്രഈലും ചേർന്ന് ഇറാനെതിരെ നീക്കം ശക്തമാക്കിയതോടെ, ആഗോള എണ്ണ വ്യാപാരത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിലൂടെയുള്ള നീക്കത്തെ അത് കാര്യമായി ബാധിച്ചിരുന്നു.
ഇതേത്തുടർന്ന് ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളർ കടക്കുകയും ബ്രെന്റ് ക്രൂഡ് 109 ഡോളർ വരെ ഉയരുകയും ചെയ്തിരുന്നു.
ഇറാൻ സംഘർഷത്തോടൊപ്പം റഷ്യ-ഉക്രൈൻ പോരാട്ടവും ഡീസൽ വിപണിയെ കടുത്ത പ്രതിസന്ധിയിലാക്കിയതായി ഇന്റർനാഷണൽ എനർജി ഏജൻസിയും സ്ഥിരീകരിക്കുന്നുണ്ട്. ഉക്രൈൻ ആക്രമണങ്ങൾ മൂലം റഷ്യയിലെ എണ്ണ ശുദ്ധീകരണ സംവിധാനങ്ങൾ തകരാറിലായതും കയറ്റുമതി നിലച്ചതും ആഗോളതലത്തിൽ ഡീസൽ ക്ഷാമം രൂക്ഷമാക്കിയതായി സെപ്റ്റംബർ 11-ന് പുറത്തിറക്കിയ ഐ.ഇ.എ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
Content Highlight:Don’t Attack Russian Fuel Facilities, Trump Tells Zelenskyy.
