ന്യൂദല്‍ഹി: ബ്രിക്‌സ് ഉച്ചകോടിയില്‍ വിദേശ പ്രതിനിധികള്‍ക്ക് നല്‍കിയ ഭക്ഷണം ചര്‍ച്ചയാകുന്നു. ഉച്ചകോടിയില്‍ നല്‍കിയ സമ്പൂര്‍ണ വെജിറ്റേറിയന്‍ മെനു സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചതിനുപിന്നാലെയാണിത്.

‘അവരുടെ ആഹാരശീലങ്ങള്‍ ഇന്ത്യക്കാര്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുന്ന ബി.ജെ.പിയുടെ സ്വഭാവം തന്നെ ഗുരുതരപ്രശ്‌നമാണ്. എന്നാല്‍  ഒരു പടി കൂടി കടന്ന് ലോകനേതാക്കള്‍ക്ക്‌മേല്‍ കൂടി അത് അടിച്ചേല്‍പ്പിച്ചിരിക്കുന്നു’, കോണ്‍ഗ്രസ് മീഡിയ ആന്‍ഡ് പബ്ലിസിറ്റി വിഭാഗം തലവന്‍ പവന്‍ ഖേര എക്‌സില്‍ കുറിച്ചു.

ഇന്ത്യ വൈവിധ്യമാര്‍ന്ന ഭക്ഷണരീതികളുള്ള ഒരു നാടാണ്. ലോകമെങ്ങുമുള്ളവര്‍ ആസ്വദിക്കുന്ന മികച്ച മാംസാഹാരം ഇവിടെയുണ്ടായിട്ടും എന്തുകൊണ്ടാണ് മോദി സര്‍ക്കാര്‍ അത് മറച്ചുവെക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. ഇന്ത്യയുടെ വൈവിധ്യത്തില്‍ അവര്‍ക്ക് ലജ്ജയുണ്ടോ എന്നും പവന്‍ ഖേര ചോദിച്ചു.

ശനിയാഴ്ചയാണ് ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുത്ത വിദേശപ്രതിനിധികള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി ഭാരത് മണ്ഡപത്തില്‍ അത്താഴവിരുന്നൊരുക്കിയത്. ഖാണ്ഡ്വി മില്ലേ, കാരറ്റ്-ബീന്‍ പൊരിയല്‍, തക്കാളി ബെല്ലെ സാറു, ഖുംഭ് ഗലൗത്തി തുടങ്ങിയ വിഭവങ്ങളാണ് വി.വി.ഐ.പി അതിഥികള്‍ക്കുള്ള മെനുവില്‍ ഉണ്ടായിരുന്നത്.

മെനു ചര്‍ച്ചയായതോടെ ഭരണ-പ്രതിപക്ഷത്തുള്ള നേതാക്കള്‍ പ്രസ്താവനകളുമായെത്തി.

നേരിട്ട് ബ്രിക്‌സ് മെനുവിനെ പരാമര്‍ശിക്കുന്നില്ലെങ്കിലും 80% ഇന്ത്യക്കാര്‍ മാംസാഹാരികള്‍ ആണെന്ന് പറഞ്ഞുകൊണ്ട് രാഹുല്‍ ഗാന്ധി ചോലെ ഭട്ടൂരയുടെ ചിത്രം എക്‌സില്‍ പങ്കുവെച്ചു. ഇന്ത്യയിലെ മാംസാഹാരം രുചികരമാണ്, എന്റെ സഹോദരിയുടെ ചോലെ ഭട്ടൂരയും എന്നാണ് രാഹുല്‍ കാപ്ഷന്‍ നല്കിയിരിക്കുന്നത്.

അതിഥികള്‍ക്ക്, പ്രത്യേകിച്ച് വിദേശത്തുനിന്ന് എത്തുന്നവര്‍ക്ക് മതപരമായ അജണ്ടകളോ പക്ഷപാതപരമായ കാഴ്ചപ്പാടുകളോ പ്രതിഫലിക്കുന്ന ഭക്ഷണം നല്‍കുന്നത് ഇന്ത്യന്‍ സംസ്‌കാരത്തിന് ചേര്‍ന്നതല്ല എന്ന് മുന്‍ നയതന്ത്രജ്ഞന്‍ കെ.സി സിങ് പറഞ്ഞു.

‘അമേരിക്കന്‍ പ്രസിഡന്റിന്റെ അത്താഴവിരുന്നില്‍ പങ്കെടുത്ത പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ട്രംപിന്റെ ഇഷ്ടവിഭവം ഹാംബര്‍ഗര്‍ ആയതുകൊണ്ട് ബീഫ് നല്‍കുമായിരുന്നോ?’ അദ്ദേഹം ചോദിച്ചു.

എന്നാല്‍ വിമര്‍ശനം തള്ളിക്കളഞ്ഞുകൊണ്ട് കേന്ദ്രമന്ത്രി കിരണ്‍ റിജിജു രംഗത്തെത്തി. രാജ്യത്തിന്റെ വൈവിധ്യമാര്‍ന്ന പാരമ്പര്യങ്ങളെ പ്രതിഫലിക്കുന്ന രുചിയേറിയതും പോഷകസമൃദ്ധവുമായ സസ്യാഹാരം അതിഥികള്‍ ആസ്വദിച്ചു എന്നാണ് അദ്ദേഹം പറഞ്ഞത്. ലോകനേതാക്കള്‍ക്ക് വിളമ്പിയ ഭക്ഷണത്തില്‍ വരെ കോണ്‍ഗ്രസ് പാര്‍ട്ടി രാഷ്ട്രീയം കണ്ടെത്തുന്നത് വിശ്വസിക്കാനാവുന്നില്ല എന്ന് കിരണ്‍ റിജിജു എക്‌സില്‍ കുറിച്ചു.

സന്ദര്‍ശനത്തിനെത്തിയ ലോകനേതാക്കളോട് ഈ മെനു ഒഴിവാക്കി സെക്യൂരിറ്റിയോട് അടുത്തുള്ള കരീമില്‍ നിന്ന് ബുറാബ് കബാബ് കൊണ്ടുവരാന്‍ പറഞ്ഞാല്‍ താനൊരു മോശം എം.പി. ആകുമോ എന്ന് തൃണമൂല്‍ എം.പി  മഹുവ മൊയ്ത്ര എക്‌സിലൂടെ പരിഹസിച്ചു.

‘വെറുതെയല്ല ചൈനീസ് പ്രധാനമന്ത്രി ഷി ജിന്‍പിങ് ഇതൊഴിവാക്കി തിരിച്ചുപോയത്. ഞാനും അത് തന്നെ ചെയ്‌തേനെ’, കോണ്‍ഗ്രസ് നേതാവ് ഷമ മുഹമ്മദ് കുറിച്ചു.

ഉച്ചകോടി വന്‍വിജയമായതിനാല്‍ മെനുവിനെക്കുറിച്ചല്ലാതെ മറ്റൊന്നിനെയും വിമര്‍ശിക്കാന്‍ കിട്ടാത്തതുകൊണ്ടാണ് കോണ്‍ഗ്രസ് ഇതുചെയ്യുന്നതെന്ന് ബി.ജെ.പി വക്താവ് പ്രദീപ് ഭണ്ഡാരി പറഞ്ഞു.

Content Highlight: 80% Indians non-vegetarian: Rahul Gandhi’s veiled jibe at BRICS dinner menu