നടൻ, എഡിറ്റർ എന്നീ നിലകളിൽ ശ്രദ്ധേയനായ താരമാണ് സംഗീത് പ്രതാപ്. സൂപ്പർ ശരണ്യയിലൂടെയാണ് സംഗീത് തൻ്റെ അഭിനയ ജീവിതത്തിന് തുടക്കം കുറിക്കുന്നത്. പിന്നീട് 2024-ൽ ലിറ്റിൽ മിസ് റാവുത്തർ എന്ന ചിത്രത്തിന് മികച്ച എഡിറ്റർക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡും ലഭിച്ചു.

2024-ൽ ഗിരീഷ് എ.ഡി.യുടെ സംവിധാനത്തിൽ നസ്‌ലെന്‍, മമിത ബൈജു കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ പ്രേമലുവിലെ അമൽ ഡേവിസ് എന്ന കഥാപാത്രമാണ് നടൻ എന്ന രീതിയിൽ സംഗീതിനെ പ്രേക്ഷകർക്കിടയിൽ ഏറെ ജനപ്രിയനാക്കിയത്.

വീണ്ടും ഗിരീഷ് എ.ഡി.യുടെ ചിത്രമായ ബെത്‌ലഹേം കുടുംബ യൂണിറ്റിൽ നിവിൻ പോളിയുടെ അനിയനായ ജോയൽ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചും മികച്ച പ്രതികരണങ്ങളാണ് സംഗീതിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

സംഗീത് പ്രതാപ്. Photo. Screen Grab/ Youtube

കാർത്തിക് സൂര്യയുമായുള്ള പോഡ്‌കാസ്റ്റിലൂടെ സോഷ്യൽ മീഡിയയിലെ ട്രോളുകളെയും കമന്റുകളെയും കുറിച്ച് സംസാരിക്കുകയാണ്  സംഗീത്.

സോഷ്യൽ മീഡിയയിലെ ട്രോളുകൾ വായിച്ച് ആസ്വദിക്കാറുണ്ടെന്നും, ചില ട്രോളുകളേക്കാൾ ക്രിയേറ്റീവാണ് അവയ്ക്ക് താഴെയുള്ള കമന്റുകളെന്നും പറയുകയാണ് സംഗീത് പ്രതാപ്. തന്നെക്കുറിച്ചുള്ള ട്രോളുകൾ ആസ്വദിക്കുന്നതിനൊപ്പം, കമന്റുകൾ അതിരുവിടുമ്പോൾ ചെറിയ സങ്കടം തോന്നാറുണ്ടെന്നും താരം പറയുന്നു.

‘സോഷ്യൽ മീഡിയ കമന്റുകൾ വായിക്കുന്നത് എന്നെ സംബന്ധിച്ചിടത്തോളം കൂടുതൽ ആണ്. കാരണം, ചിലപ്പോൾ ഈ ട്രോൾ വീഡിയോകളൊക്കെ ഉണ്ടാകുന്നവരേക്കാൾ ക്രിയേറ്റീവായിരിക്കും അതിൽ കമന്റ് ഇടുന്നവർ. ഞാൻ എന്നെക്കുറിച്ചൊക്കെയുള്ള ട്രോളുകൾ വായിച്ച് ചിരിക്കാറുണ്ട്. ഞാൻ അവാർഡ് വാങ്ങാൻ പോയപ്പോൾ രാജുവേട്ടന്റെ (പൃഥ്വിരാജ് ) അടുത്ത് പോയി എന്തോ കാര്യം ചോദിക്കുന്ന വിഷ്വൽ വെച്ചിട്ട് ഒരു ട്രോൾ വീഡിയോ കൂറേ ഓടിയിരുന്നു.

അതുപോലെ പാണ്ടിപ്പട സിനിമയിലെ ഒരു സീനിൽ അവരുടെ മുഖമൊക്കെ മാറ്റി എന്റെ വെച്ചിട്ടൊക്കെയുള്ള റിയാക്ഷൻ സാധനങ്ങളൊക്കെ കണ്ടിട്ട് ഞാൻ കുറേ എൻജോയ് ചെയ്യാറുണ്ട്. പക്ഷേ ചില സമയത്ത് കമന്റുകളൊക്കെ അതിരുവിടുന്നത് കാണുമ്പോൾ ചെറിയ സങ്കടം തോന്നാറുണ്ട്,’ സംഗീത് പറഞ്ഞു.

റെഡിറ്റിലെ പ്രേക്ഷകരുടെ സ്വഭാവത്തിൽ വന്ന മാറ്റത്തെക്കുറിച്ചും സംഗീത് പ്രതാപ് പറയുന്നു. മുമ്പ് ആരോഗ്യകരമായ വിമർശനങ്ങൾ കൂടുതലായി കണ്ടിരുന്നെങ്കിലും ഇപ്പോൾ ഗോസിപ്പുകൾക്കാണ് കൂടുതൽ പ്രാധാന്യമെന്നാണ് താരത്തിന്റെ അഭിപ്രായം.

‘ആദ്യം ഒക്കെ ഞാൻ റെഡിറ്റ് ഒക്കെ ഫോളോ ചെയ്യാറുണ്ടായിരുന്നു. കാരണം, കുറച്ചുകൂടി സെൻസിബിളായിട്ടുള്ള ഒരു ഓഡിയൻസ് അതിൽ ഉള്ളതായി എനിക്ക് തോന്നിയിട്ടുണ്ടായിരുന്നു. പക്ഷേ അവരുടെ ഇപ്പോഴത്തെ ഫോക്കസ് കുറച്ചുകൂടി ഗോസിപ്പുകളിൽ മാത്രമായിട്ടുണ്ട്. മുന്നേ ഭയങ്കര അടിപൊളി ക്രിട്ടിസിസം ഒക്കെ അതിൽ ഉണ്ടായിരുന്നു.

സംഗീത് പ്രതാപ്. Photo. Screen Grab/ Youtube

കാരണം, വേറെ ആളുകളെക്കുറിച്ച് പറയുന്ന ഹെൽത്തി ക്രിട്ടിസിസങ്ങളൊക്കെ നമുക്കും കൂടി ഉപകാരപ്പെടുന്നതായിട്ട് തോന്നിയിരുന്നു. പക്ഷേ ഇപ്പോൾ അത് കുറച്ചുകൂടി ഗോസിപ്പിലേക്ക് മാറി,’ സംഗീത് പറഞ്ഞു.

Content Highlight: Sangeeth Prathap talks about Social media trolls and comments