റയല്‍ മാഡ്രിഡ് സൂപ്പര്‍ താരവും ഫ്രഞ്ച് ഇന്റര്‍നാഷണലുമായ കിലിയന്‍ എംബാപ്പെയെ തനിക്കൊപ്പം നിലവില്‍ ലോകത്തിലെ ഏറ്റവും മികച്ച താരമായി തെരഞ്ഞെടുത്ത് ബാഴ്‌സലോണയുടെ സ്പാനിഷ് താരം ലാമിന്‍ യമാല്‍.
എന്നിരുന്നാലും, ഈ വര്‍ഷത്തെ നേട്ടങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ 2026ലെ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം നേടാന്‍ ഏറ്റവും കൂടുതല്‍ അര്‍ഹത തനിക്കാണെന്നും 19കാരനായ യമാല്‍ വ്യക്തമാക്കി.

Photo: FC Barcelona
മോവിസ്റ്റാര്‍ പ്ലസ് ഡിപോര്‍ട്ടസിന് നല്‍കിയ അഭിമുഖത്തിലാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്.
‘ഫുട്‌ബോള്‍ മത്സരങ്ങള്‍ കാണുന്ന ആര്‍ക്കും ഒരു കാര്യം വ്യക്തമാണ്; ഞാനും കിലിയന്‍ എംബാപ്പെയുമാണ് ഇപ്പോള്‍ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാര്‍. എന്നാല്‍ ഈ വര്‍ഷം സ്വന്തമാക്കിയ നേട്ടങ്ങള്‍ മുന്‍നിര്‍ത്തി നോക്കുമ്പോള്‍ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം നേടാന്‍ അര്‍ഹത എനിക്കാണ്,’ യമാല്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷത്തെ ബാലണ്‍ ഡി ഓര്‍ പോരാട്ടത്തില്‍ ഒസ്മാനെ ഡെംബെലെക്ക് പിന്നില്‍ രണ്ടാമതായി പോയിന്റ് പട്ടികയില്‍ ഇടംനേടിയ യമാല്‍, ഈ വര്‍ഷം പുരസ്‌കാരം നേടാനായാല്‍ ബാലണ്‍ ഡി ഓറിന്റെ 70 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വിജയിയായി മാറും.
ദേശീയ തലത്തില്‍ സ്‌പെയ്‌നിനൊപ്പം ലോകകപ്പ് നേടിയതും ക്ലബ്ബ് തലത്തില്‍ ബാഴ്‌സലോണയ്‌ക്കൊപ്പം നേടിയ കിരീടങ്ങളുമാണ് യമാലിനെ ബാലണ്‍ ഡി ഓര്‍ ഫേവറിറ്റാക്കുന്നത്.
പരിക്കുകള്‍ കാരണം മത്സരങ്ങള്‍ നഷ്ടമായിട്ടും ബാഴ്‌സലോണയ്ക്കായി ലാ ലിഗയില്‍ 28 മത്സരങ്ങളില്‍ നിന്ന് 16 ഗോളുകളും 11 അസിസ്റ്റുകളും താരം നേടി. ഒപ്പം യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്‌സയ്ക്കായി പത്ത് മത്സരങ്ങളില്‍ നിന്ന് ആറ് ഗോളുകളും നാല് അസിസ്റ്റുകളും സ്വന്തമാക്കി.

ലോകകപ്പുമായി
27കാരനായ കിലിയന്‍ എംബാപ്പെയും തന്റെ കരിയറിലെ ആദ്യ ബാപ്പന്‍ ഡി ഓര്‍ പുരസ്‌കാരത്തിനായി രംഗത്തുണ്ട്. പുരസ്‌കാരത്തിന് തനിക്കും യോഗ്യതയുണ്ടെന്നാണ് എംബാപ്പെ പറഞ്ഞത്.
‘ഈ വര്‍ഷം ബാലണ്‍ ഡി ഓര്‍ നേടാന്‍ എനിക്ക് സാധിക്കുമെന്ന തോന്നലുണ്ട്. അതുകൊണ്ടാണ് ആ ലക്ഷ്യത്തില്‍ നിന്ന് ഞാന്‍ മാറിനില്‍ക്കാത്തത്. ലോകത്തിലെ ഏറ്റവും മികച്ച ക്ലബ്ബായ റയല്‍ മഡ്രിഡില്‍ കളിക്കുമ്പോള്‍ ആളുകള്‍ സ്വാഭാവികമായും ഈ പുരസ്‌കാരവുമായി നിങ്ങളെ ബന്ധപ്പെടുത്തി സംസാരിക്കും. തെരുവില്‍ വെച്ച് കാണുന്ന നിരവധി ആളുകള്‍ എന്നോട് ബാലണ്‍ ഡി ഓറിനെക്കുറിച്ച് സംസാരിക്കാറുണ്ട്,’ എംബാപ്പെ പറഞ്ഞു.

Photo: Real Madrid
ഇത്തവണയും ബാലണ്‍ ഡി ഓര്‍ നേടാന്‍ സാധ്യത കല്‍പിക്കുന്ന താരങ്ങളില്‍ പ്രധാനിയാണ് എംബാപ്പെ. ദേശീയ ടീമിനൊപ്പമോ ക്ലബ്ബിനൊപ്പമോ കിരീടങ്ങളൊന്നും നേടാന്‍ സാധിച്ചില്ലെങ്കിലും ലാ ലിഗയിലും യുവേഫ ചാമ്പ്യന്‍സ് ലീഗിലും ഫിഫ ക്ലബ്ബ് വേള്‍ഡ് കപ്പിലും പുറത്തെടുത്ത വ്യക്തിഗത പ്രകടനമാണ് എംബാപ്പെയെ ഫേവറിറ്റാക്കുന്നത്.
കഴിഞ്ഞ സീസണില്‍ എംബാപ്പെ റയല്‍ മാഡ്രിഡിനായി എല്ലാ മത്സരങ്ങളില്‍ നിന്നുമായി 42 ഗോളുകളും ഏഴ് അസിസ്റ്റുകളും നേടി മികച്ച പ്രകടനമാണ് നടത്തിയത്. ലാ ലിഗയില്‍ 25 ഗോളുകളും ചാമ്പ്യന്‍സ് ലീഗില്‍ 15 ഗോളുകളും നേടി രണ്ടിടത്തും ടോപ് സ്‌കോററായി ഫിനിഷ് ചെയ്യാനും താരത്തിന് സാധിച്ചു.
കൂടാതെ, 2026 ഫിഫ ലോകകപ്പില്‍ എട്ട് മത്സരങ്ങളില്‍ നിന്ന് പത്ത് ഗോളും നാല് അസിസ്റ്റുകളും നേടി ടൂര്‍ണമെന്റിലെ ഗോള്‍ഡന്‍ ബൂട്ട് പുരസ്‌കാരവും എംബാപ്പെ സ്വന്തമാക്കിയിരുന്നു.
Content highlight: Lamine Yamal says Kylian Mbappé is his equal and that he will win this year’s Ballon d’Or.
