ആരും പ്രതീക്ഷിക്കാത്ത ചരിത്രവിജയമാണ് ബെത്‌ലഹേം കുടുംബ യൂണിറ്റ് ബോക്‌സ് ഓഫീസില്‍ നിന്ന് സ്വന്തമാക്കിയത്. ഓണം റിലീസായെത്തിയ ചിത്രം ഓള്‍ ടൈം ഹൈയസ്റ്റ് ഗ്രോസറും ഇന്‍ഡസ്ട്രി ഹിറ്റുമായി മാറിയിരിക്കുകയാണ്. റിലീസ് ചെയ്ത് മൂന്നാഴ്ച പിന്നിടുമ്പോള്‍ 300 കോടിക്ക് മുകളില്‍ ബെത്‌ലഹേം കുടുംബ യൂണിറ്റ് സ്വന്തമാക്കി.
ഗിരീഷ് എ.ഡിയുടെ സ്ഥിരം ടെംപ്ലേറ്റില്‍ തന്നെയാണ് ബെത്‌ലഹേമിന്റെ കഥയും അണിയിച്ചൊരുക്കിയത്. സിമ്പിളായിട്ടുള്ള റോം കോം ഫീല്‍ ഗുഡ് ചിത്രം ഇപ്പോഴും തിയേറ്ററുകളെ ജനസാഗരമാക്കി മുന്നേറുകയാണ്. സ്‌ക്രീനില്‍ വന്നുപോകുന്ന ഓരോ കഥാപാത്രത്തിനും കൃത്യമായ ഐഡന്റിറ്റി സംവിധായകന്‍ നല്‍കിയിട്ടുണ്ട്. അത്തരത്തിലൊരു കഥാപാത്രമാണ് വിനയ് ഫോര്‍ട്ട് അവതരിപ്പിച്ച അലക്‌സ്. നായികയായ ആഷ്‌ലിയുടെ അമ്മാവനാണ് അലക്‌സ്.

വിനയ് ഫോർട്ട്. Photo. Screen Grab/ Youtube
ചിത്രത്തിലെ തന്റെ കഥാപാത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് വിനയ് ഫോര്‍ട്ട്. സിനിമയില്‍ വലിയൊരു കോണ്‍ഫ്‌ളിക്റ്റുണ്ടാക്കുന്ന കഥാപാത്രമാണ് തന്റേതെന്നും പടം കണ്ടിറങ്ങുമ്പോള്‍ ആളുകള്‍ ആ കഥാപാത്രത്തെക്കുറിച്ച് സംസാരിക്കുമെന്നും വിനയ് ഫോര്‍ട്ട് പറഞ്ഞു. മനോരമ ഓണ്‍ലൈനിനോട് സംസാരിക്കുകയായിരുന്നു താരം.
‘ആ സിനിമയുടെ തുടക്കത്തില്‍ എന്റെ ക്യാരക്ടറിനെ കാണിക്കുന്നുണ്ട്. അതിന് ശേഷം പിന്നെ അവരുടെ ലൈഫും പ്രണയവുമൊക്കെയാണ് കാണിക്കുന്നത്. അപ്പോള്‍ ചിലരെങ്കിലും എന്റെ കഥാപാത്രത്തെ വെറുതെ വന്നതാകില്ലെന്ന് ചിന്തിക്കും. സെക്കന്‍ഡ് ഹാഫില്‍ എല്ലാം നല്ല സ്മൂത്തായി പോകുമ്പോളാണ് എന്റെ സെക്കന്‍ഡ് എന്‍ട്രി.

വലിയൊരു കോണ്‍ഫ്‌ളിക്റ്റുണ്ടാക്കി എല്ലാം ശരിയാക്കിയിട്ടാണ് പടം അവസാനിക്കുന്നത്. ആകെ അഞ്ചാറ് സീനേ ഉള്ളൂ എങ്കിലും എന്റെ ക്യാരക്ടര്‍ എങ്ങനെയുള്ള ആളാണെന്ന് പറഞ്ഞുവെക്കുന്നുണ്ട്. റിയല്‍ ലൈഫില്‍ അങ്ങനെയുള്ള ഒരാള്‍ എന്ത് ചിന്തിക്കുമെന്ന് ഞാന്‍ ആലോചിച്ചു. അമ്മാവന്റെ പ്രായമുള്ള ഒരാളെ പ്രേമിക്കുന്ന പെണ്‍കുട്ടിയുടെ മാനസികാവസ്ഥയെക്കുറിച്ച് സാധാരണക്കാരന്‍ എന്ത് ചിന്തിക്കുമെന്നാണ് ആലോചിച്ചത്. എന്നാലേ ആ ക്യാരക്ടര്‍ എനിക്ക് കറക്ടായി ചെയ്യാന്‍ പറ്റുള്ളൂ,’ വിനയ് ഫോര്‍ട്ട് പറയുന്നു.
നിവിന്‍ പോളി നായകനായ ചിത്രത്തില്‍ മമിതയാണ് നായിക. സുരേഷ് കൃഷ്ണ, സംഗീത് പ്രതാപ്, ശ്യാം മോഹന്‍ തുടങ്ങി വലിയ താരനിര ചിത്രത്തിലുണ്ട്. പ്രേമലുവിന് ശേഷം ഗിരീഷ് എ.ഡിയും ഭാവന സ്റ്റുഡിയോസും ഒന്നിച്ച ചിത്രം കൂടിയാണ് ബെത്‌ലഹേം കുടുംബ യൂണിറ്റ്. കുറച്ചധികം കാലം മോളിവുഡിന്റെ ഇന്‍ഡസ്ട്രി ഹിറ്റ് സ്ഥാനം ബെത്‌ലഹേം അലങ്കരിക്കുമെന്നാണ് സിനിമാപേജുകളുടെ പ്രവചനം.
Content Highlight: Vinay Fort about his character Bethlehem Kudumba Unit movie
