വാഷിങ്ടണ്‍: ഇറാനുമായുള്ള യുദ്ധത്തിലൂടെ ഗള്‍ഫ് രാജ്യങ്ങളെ ദുര്‍ബലപ്പെടുത്തി മേഖലയില്‍ സമ്പൂര്‍ണ്ണ മേധാവിത്വം സ്ഥാപിക്കാനാണ് ഇസ്രഈല്‍ ലക്ഷ്യമിടുന്നതെന്ന് പ്രമുഖ അമേരിക്കന്‍ രാഷ്ട്രീയ നിരീക്ഷകനും മാധ്യമപ്രവര്‍ത്തകനുമായ ടക്കര്‍ കാള്‍സണ്‍.
ജി.സി.സി രാജ്യങ്ങളിലെ അമേരിക്കന്‍ സൈനിക സാന്നിധ്യം ഒഴിവാക്കാനും ഇസ്രഈല്‍ ഈ നീക്കത്തിലൂടെ ശ്രമിക്കുന്നുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. ‘ഗോയിങ് അണ്ടര്‍ഗ്രൗണ്ട്’ എന്ന മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കാള്‍സണ്‍ന്റെ പരാമര്‍ശം.
യുദ്ധം ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് താന്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ കണ്ട് ഇസ്രഈലിന്റെ ഈ തന്ത്രപരമായ ലക്ഷ്യത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നതായും കാള്‍സണ്‍ വെളിപ്പെടുത്തി.
‘ഇസ്രഈലിന്റെ പ്രാദേശിക മേധാവിത്വമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അതാണ് അവര്‍ ഇറാനുമായുള്ള യുദ്ധത്തിന് സമ്മര്‍ദം ചെലുത്താനുള്ള പ്രധാന കാരണം,’ അദ്ദേഹം പറഞ്ഞു.
തങ്ങളുടെ അതിര്‍ത്തികള്‍ വികസിപ്പിക്കുന്നതിനൊപ്പം ഇറാനെയും ഹമാസ്, ഹിസ്ബുല്ല തുടങ്ങിയ പ്രാദേശിക സഖ്യകക്ഷികളെയും ഒതുക്കുകയാണ് ഇസ്രഈലിന്റെ അടിസ്ഥാന ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ സാമ്പത്തികമായി വളര്‍ന്നുകൊണ്ടിരിക്കുന്ന ജി.സി.സി രാജ്യങ്ങളെയും ഇസ്രഈല്‍ തങ്ങള്‍ക്ക് ഒരു ഭീഷണിയായാണ് കാണുന്നത്. ഗള്‍ഫ് രാജ്യങ്ങളുടെ മുന്നേറ്റം ഇസ്രഈലിന് വലിയ വെല്ലുവിളിയാണെന്നും കാള്‍സണ്‍ ചൂണ്ടിക്കാട്ടി. ഇറാനെ ഒരു പ്രാദേശിക ശക്തിയെന്ന നിലയില്‍ തകര്‍ക്കുക, ഗള്‍ഫ് രാജ്യങ്ങളുടെ സ്വാധീനം കുറയ്ക്കുക, അമേരിക്കന്‍ സൈന്യത്തെ ഗള്‍ഫില്‍ നിന്ന് പിന്‍വലിപ്പിക്കുക എന്നിവയാണ് ഈ യുദ്ധത്തിന് പിന്നിലെ പ്രധാന അജണ്ടകളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlight: Israel aims for dominance; the goal was to weaken Gulf nations through a war with Iran: Tucker Carlson.
