ബെയ്‌റൂത്ത്: ഇസ്രഈല്‍ ലെബനനിലെ സാധാരണ പൗരന്മാരെ സൈനികനടപടികളിലൂടെ തട്ടിക്കൊണ്ടുപോയി വിലപേശാനായി ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ ഇത് പല തവണ സംഭവിച്ചതായി മിഡില്‍ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍ ഇവര്‍ നിയമാനുസൃതമായി പിടികൂടിയ പോരാളികളാണെന്ന് ഇസ്രഈല്‍ അവകാശപ്പെടുന്നു.

ഇസ്രഈലുമായി നടന്ന കഴിഞ്ഞ രണ്ട് യുദ്ധങ്ങളില്‍ അവര്‍ തട്ടിക്കൊണ്ട് പോയ ലെബനീസ് പൗരന്മാരുടെ ഔദ്യോഗിക കണക്കുകള്‍ ലഭ്യമല്ലെങ്കിലും, കുറഞ്ഞത് 12 ഹിസ്ബുള്ള അംഗങ്ങളും 16 സാധാരണക്കാരും ഉള്‍പ്പെടെ 35 പേരുടെ പട്ടിക ഇതുമായി ബന്ധപ്പെട്ട കേസുകള്‍ പഠിക്കുന്ന കമ്മിറ്റി തയ്യാറാക്കിയിട്ടുണ്ട്.

ഇസ്രഈലി കടന്നാക്രമണങ്ങളും തട്ടിക്കൊണ്ടുപോകലുകളും സ്ഥിരമായി നടക്കുന്ന പ്രദേശമാണ് ഏകദേശം മുന്നൂറോളം ആളുകള്‍ താമസിക്കുന്ന ലെബനന്റെ തെക്കേ അതിര്‍ത്തിയിലെ ഗ്രാമമായ ഹാല്‍ട്ട. ഇസ്രഈല്‍ കയ്യടക്കി വെച്ചിരിക്കുന്ന സിറിയന്‍ പ്രദേശമായ ഗോലന്‍ കുന്നുകളുമായി ഈ ഗ്രാമം അതിര്‍ത്തി പങ്കിടുന്നുണ്ട്.

കഴിഞ്ഞ മേയില്‍ ഭൂമിയില്‍ പണിയെടുക്കുന്നതിനിടെ മൂന്ന് കര്‍ഷകരെ ഇസ്രഈല്‍ സൈന്യം തട്ടിക്കൊണ്ട് പോയിരുന്നു.

റെഡ് ക്രോസ്, ലെബനനിലെ യു.എന്‍ ഇടക്കാല സൈന്യം എന്നിവ മുഖേന തട്ടിക്കൊണ്ടുപോയവരുടെ വിവരം കിട്ടാന്‍ പലതവണ ശ്രമിച്ചിരുന്നു. എന്നാല്‍ ഫലം കണ്ടില്ല.

യാതൊരുവിധ രാഷ്ട്രീയബന്ധവും ഇല്ലാത്ത തൊഴിലാളികളെയാണ് തട്ടിക്കൊണ്ടുപോയിരിക്കുന്നതെന്ന് സ്ഥലത്തെ ജനപ്രതിനിധി പറഞ്ഞു.

ഇസ്രഈലി സൈന്യം പ്രദേശത്ത് എത്തുമ്പോഴെല്ലാം അവിടെയുള്ളവരോട് അടുത്തേക്ക് ചെല്ലരുതെന്നും വീട്ടില്‍ നിന്നും പുറത്തിറങ്ങരുതെന്നും സൈന്യം മുന്നറിയിപ്പ് നല്‍കുമെന്ന് പ്രദേശവാസികള്‍ പറയുന്നു. ഗ്രാമത്തിനടുത്തുള്ള കുന്നുകളിലേക്ക് അവര്‍ ഷെല്ലാക്രമണം നടത്തും. നാടുവിട്ടാല്‍ വീടും ഭൂമിയുമെല്ലാം എന്നെന്നേക്കുമായി നഷ്ടപ്പെടുമെന്ന ഭയം ഇവര്‍ക്കുണ്ട്.

യു.എന്‍ മധ്യസ്ഥത വഹിക്കുന്ന ഇസ്രഈല്‍-ലെബനന്‍ ഒത്തുതീര്‍പ്പുചര്‍ച്ചയുടെ അജണ്ടയില്‍ തട്ടിക്കൊണ്ടുപോയവരുടെ ഭാവിയും പരിഗണനാവിഷ യമാണ്.

എന്നാല്‍ ലെബനീസ് സൈന്യത്തിന് നിയന്ത്രണം ഏറ്റെടുക്കാമെന്ന് ധാരണാപത്രത്തില്‍ പറഞ്ഞ പൈലറ്റ് സോണുകളില്‍നിന്നും പിന്മാറാന്‍ ഇസ്രഈല്‍ വിസമ്മതിക്കുന്ന് പോലുള്ള സങ്കീര്‍ണമായ വിഷയങ്ങള്‍ പരിഹരിക്കാനായിട്ടില്ല. ഇതിനാല്‍ തട്ടിക്കൊണ്ടുപോയവരുടെ കാര്യത്തില്‍ തീരുമാനങ്ങളെടുക്കാന്‍ സാധിക്കുന്നില്ല.

യു.എസിന്റെ മധ്യസ്ഥതയില്‍ നാല് ലെബനീസ് പൗരന്‍മാരെ റെഡ് ക്രോസ് വഴി കഴിഞ്ഞയാഴ്ച മോചിപ്പിച്ചിരുന്നു. യു.എസിലെ ലെബനന്‍ അംബാസിഡര്‍ മൈക്കല്‍ ഇസ്സയും ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും തമ്മില്‍ നടത്തിയ ചര്‍ച്ചകള്‍ക്കുശേഷമായിരുന്നു ഇത്

Content Highlight: Israel uses Lebanese civilians as bargaining chips; Middle East Eye reports.