2026ലെ ബാലണ്‍ ഡി ഓര്‍ അവാര്‍ഡിനുള്ള 30 താരങ്ങളുടെ നോമിനേഷൻ പട്ടിക ഫ്രാന്‍സ് ഫുട്ബോള്‍ അടുത്തിടെ പുറത്തുവിട്ടിരുന്നു. പട്ടികയില്‍ ബാഴ്സലോണയുടെ സ്പാനിഷ് യുവതാരം ലാമിൻ യമാലും ഇടം നേടിയിട്ടുണ്ട്. ഇത്തവണയും ബാലൺ ഡി ഓർ പട്ടികയിൽ യമാൽ ഇടം നേടിയതിന് പിന്നാലെ സ്പാനിഷ് യുവതാരത്തെക്കുറിച്ച് അർജന്റൈൻ ഇതിഹാസം ലയണൽ മെസി പറഞ്ഞ വാക്കുകളാണ് വീണ്ടും ഫുട്ബോൾ സർക്കിളുകൾ ചർച്ചയാവുന്നത്.
2023ൽ മെസി തന്റെ എട്ടാം ബാലണ്‍ ഡി ഓര്‍ അവാര്‍ഡ് നേടിയതിന് ശേഷം യമാലിന് ബാലണ്‍ ഡി ഓര്‍ നേടാനുള്ള സാധ്യതകളെക്കുറിച്ച് മെസി സംസാരിച്ചിരുന്നു. എല്‍.എക്യൂപ്പിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു അർജന്റൈൻ ഇതിഹാസം ഇക്കാര്യം പറഞ്ഞിരുന്നത്.
‘വരും വര്‍ഷങ്ങളില്‍ ബാലണ്‍ ഡി ഓറിനായി മത്സരിക്കാന്‍ കഴിയുന്ന യുവതലമുറയിലെ മികച്ച താരങ്ങളുണ്ട്. ഹാലണ്ട്, എംബാപ്പെ, വിനീഷ്യസ് തുടങ്ങിയ ആളുകളുണ്ട്. ഇവരില്‍ ആര് വിജയിക്കുമെന്ന് എനിക്കറിയില്ല. ഇപ്പോള്‍ ബാഴ്‌സലോണയുടെ പ്രധാന താരങ്ങളില്‍ ഒരാളായ ലാമിന്‍ ഭാവിയില്‍ മികച്ച പ്രകടനങ്ങള്‍ നടത്തുകയും ബാലണ്‍ ഡി ഓറിനായി പോരാടുകയും ചെയ്യും. ഫുട്‌ബോളില്‍ മികച്ച കഴിവുള്ള താരങ്ങള്‍ എപ്പോഴും ഉണ്ട്. അവര്‍ക്ക് അത് ആസ്വദിക്കാനുള്ള സമയം വരും,’ മെസി പറഞ്ഞു.
യമാല്‍ തന്റെ കരിയറില്‍ മൂന്നാം തവണയാണ് ബാലണ്‍ ഡി ഓറിന് നാമനിര്‍ദേശം ചെയ്യപ്പെടുന്നത്. ഇതിന് മുമ്പ് 2024ലും 2025ലും താരത്തിന്റെ പേര് ബാലണ്‍ ഡി ഓര്‍ പട്ടികയിലുണ്ടായിരുന്നു.
കഴിഞ്ഞ സീസണില്‍ സ്പാനിഷ് ലീഗില്‍ ബാഴ്‌സയെ ചാമ്പ്യന്മാരാക്കുന്നതില്‍ യമാല്‍ വഹിച്ച പങ്ക് വളരെ വലുതായിരുന്നു. 28 മത്സരങ്ങളില്‍ നിന്നും ബാഴ്‌സക്ക് വേണ്ടി 16 ഗോളുകളും 11 അസിസ്റ്റുകളുമാണ് യമാല്‍ നേടിയത്. ബാഴ്‌സയ്ക്ക് വേണ്ടി ഇതുവരെ 53 ഗോളുകളാണ് താരം സ്വന്തമാക്കിയത്.
രാജ്യാന്തര തലത്തില്‍ സ്‌പെയ്‌നിനൊപ്പം 2026 ഫിഫ ലോകകപ്പും താരം സ്വന്തമാക്കി. അന്താരാഷ്ട്ര ഫുട്‌ബോളില്‍ സ്‌പെയ്‌നിന് വേണ്ടി ഏഴ് ഗോളുകളാണ് യമാല്‍ നേടിയത്.
Content Highlight: Lionel Messi Talks About Lamine Yamal
