ദമാസ്‌കസ്: മൗണ്ട് ഹെര്‍മോണ്‍ മേഖലയില്‍ ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നിയമവിരുദ്ധമായി പ്രവേശിച്ചതിനെ സിറിയ അപലപിച്ചു. സിറിയയിലെ മൗണ്ട് ഹെര്‍മോണില്‍ നെതന്യാഹുവും ഇസ്രഈല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സും അനധികൃതമായി പ്രവേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടിയെ അപലപിച്ച് സിറിയന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിറക്കിയത്.
ഇത് തങ്ങളുടെ പരമാധികാരം, പ്രാദേശിക അഖണ്ഡത, അന്താരാഷ്ട്ര നിയമം എന്നിവയുടെ നഗ്‌നമായ ലംഘനമാണെന്ന് സിറിയ വിശേഷിപ്പിച്ചു. ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ഇസ്രഈല്‍ നെസെറ്റ് തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ക്കിടയിലാണ് നെതന്യാഹുവിന്റെ ഈ സന്ദര്‍ശനം നടക്കുന്നത്.
സിറിയന്‍ പ്രദേശത്തേക്കുള്ള നെതന്യാഹുവിന്റെ നിയമവിരുദ്ധമായ പ്രവേശനത്തെയും മൗണ്ട് ഹെര്‍മോണ്‍ സന്ദര്‍ശനത്തെയും സിറിയ ശക്തമായി അപലപിക്കുന്നതായി മന്ത്രാലയം അറിയിച്ചു. സിറിയന്‍ അറബ് റിപ്പബ്ലിക്കിന്റെ പരമാധികാരത്തിനും പ്രാദേശിക അഖണ്ഡതയ്ക്കും അന്താരാഷ്ട്ര നിയമത്തിനും എതിരായ പ്രകോപനപരമായ നടപടിയും നഗ്‌നമായ ലംഘനവുമാണ് ഇതെന്നും മന്ത്രാലയം വ്യക്തമാക്കി.
സിറിയന്‍ പ്രദേശത്തിനുള്ളില്‍ ഇസ്രഈല്‍ തുടരുന്ന നുഴഞ്ഞുകയറ്റങ്ങളും ആക്രമണങ്ങളും മേഖലയിലെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയാകുന്നു. അപകടകരമായ സ്ഥിതിവിശേഷമാണ് ഇത് സൃഷ്ടിക്കുന്നതെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.
ഈ ലംഘനങ്ങളുടെ അനന്തരഫലങ്ങള്‍ക്ക് ഇസ്രഈല്‍ അധിനിവേശ ഭരണകൂടം പൂര്‍ണ്ണ ഉത്തരവാദിയാണ്. ആക്രമണങ്ങള്‍ അവസാനിപ്പിക്കാനും 1974-ലെ ‘സൈനിക പിന്മാറ്റ കരാറിലേക്ക്’ മടങ്ങാനും നടപടിയെടുക്കാന്‍ ഐക്യരാഷ്ട്രസഭയോടും അന്താരാഷ്ട്ര സംഘടനകളോടും സ്വാധീനമുള്ള രാജ്യങ്ങളോടും ആവശ്യപ്പെടുന്നതായും സിറിയ വ്യക്തമാക്കി.
മൗണ്ട് ഹെര്‍മോണ്‍ മേഖലയിലേക്ക് നെതന്യാഹു അനധികൃതമായി പ്രവേശിക്കുന്നതിന്റെ വീഡിയോ അടുത്തിടെ പുറത്ത് വന്നിരുന്നു. മൗണ്ട് ഹെര്‍മോണ്‍ മുതല്‍ യാര്‍മൗക്ക് നദി വരെയുള്ള പ്രദേശത്ത് ഇസ്രഈല്‍ പൂര്‍ണ നിയന്ത്രണം സ്ഥാപിച്ചിട്ടുണ്ടെന്ന് നെതന്യാഹു അവകാശപ്പെടുകയും ചെയ്തിരുന്നു.
ഹെര്‍മോണില്‍ തങ്ങളുടെ അധിനിവേശം തുടരാനാണ് പദ്ധതിയെന്ന് ഇസ്രഈല്‍ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് സൂചന നല്‍കി. ‘ഞങ്ങള്‍ മൗണ്ട് ഹെര്‍മോണിലാണ്, ഞങ്ങള്‍ ഇവിടെ നിന്ന് മാറില്ല,’ എന്ന് കാറ്റസ് പറയുന്ന ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
സുരക്ഷാ ഭീഷണി നിലനില്‍ക്കുന്നിടത്തോളം കാലം തെക്കന്‍ സിറിയയിലെ ബഫര്‍ സോണില്‍ തങ്ങളുടെ സൈനിക സാന്നിധ്യം നിലനിര്‍ത്തുമെന്നും ഇസ്രഈല്‍ കാറ്റ്‌സ് ചൊവ്വാഴ്ച പറഞ്ഞിരുന്നു. ‘ഇസ്രായേല്‍ രാഷ്ട്രത്തിന് ജിഹാദിസ്റ്റ് ഭീഷണികള്‍ നിലനില്‍ക്കുന്നിടത്തോളം കാലം ഞങ്ങള്‍ മൗണ്ട് ഹെര്‍മോണില്‍ നിന്നും സുരക്ഷാ മേഖലയില്‍ നിന്നും പിന്മാറില്ല,’ എന്നും കാറ്റ്‌സ് പറഞ്ഞു. ജോര്‍ദാനില്‍ സിറിയന്‍-ഇസ്രഈല്‍ ഉദ്യോഗസ്ഥര്‍ കൂടിക്കാഴ്ച നടത്തി രണ്ട് ദിവസത്തിന് ശേഷമാണ് കാറ്റ്‌സിന്റെ ഈ പ്രസ്താവന.
കഴിഞ്ഞ ആഴ്ച സിറിയയിലെ ഒരു വ്യോമതാവളത്തില്‍ ഇസ്രഈല്‍ ആക്രമണം നടത്തിയിരുന്നു. ഇസ്രായേലിന്റെ സുരക്ഷയെ ബാധിക്കുന്ന രീതിയില്‍ സിറിയയില്‍ നിലയുറപ്പിക്കാനുള്ള തുര്‍ക്കിയുടെ ശ്രമത്തെ ചെറുക്കാനാണ് ഈ ആക്രമണം നടത്തിയതെന്ന് കാറ്റ്‌സ് പറഞ്ഞു.
‘സിറിയയില്‍ തങ്ങളുടെ സാന്നിധ്യം ഉറപ്പിക്കാനുള്ള തുര്‍ക്കിയുടെ നീക്കം ഇസ്രഈലിന്റെ സുരക്ഷാ താത്‌ര്യങ്ങളെ അപകടത്തിലാക്കുന്നതായിരുന്നു. അതിനെതിരെ ഇസ്രഈല്‍ നടപടി സ്വീകരിച്ചു,’ എന്നും കാറ്റ്‌സ് പറഞ്ഞു.
1967 മുതല്‍ സിറിയയുടെ ഗോലാന്‍ ഹൈറ്റ്സ് ഇസ്രായേല്‍ കൈവശം വെച്ചിരിക്കുകയാണ്. 1981-ല്‍ ഈ പ്രദേശം തങ്ങളുടേതാണെന്ന് ഇസ്രഈല്‍ ഏകപക്ഷീയമായി പ്രഖ്യാപിച്ചിരുന്നു എന്നാല്‍ ആ നടപടി അന്താരാഷ്ട്ര സമൂഹം അംഗീകരിച്ചിട്ടില്ല. ഇതിന് പുറമെയാണ് ഹെര്‍മോണ്‍ കൈയടക്കാനുള്ള ഇസ്രഈല്‍ നീക്കം
Content Highlight: Syria condemns Netanyahu’s ‘illegal entry’ into its territory on Mount Hermon
