അള്‍ജിയേഴ്സ്: യു.എ.ഇയുമായുള്ള എല്ലാ നയതന്ത്ര ബന്ധങ്ങളും വിച്ഛേദിച്ചതായി അറബ് ആഫ്രിക്കന്‍ രാജ്യമായ അള്‍ജീരിയ. യു.എ.ഇയുടെ ഭാഗത്ത് നിന്നുള്ള നിരന്തരമായ ശത്രുതാപരവും പ്രകോപനപരവുമായ നടപടികളാണ് തീരുമാനത്തിന് പിന്നിലെന്ന് അള്‍ജീരിയ അറിയിച്ചു.
ഉഭയകക്ഷി ബന്ധം മുന്നോട്ട് കൊണ്ടുപോവാനുള്ള എല്ലാ വഴികളും അടഞ്ഞതിനെ തുടര്‍ന്നാണ് ബന്ധം വിഛേദിക്കാന്‍ തീരുമാനിച്ചതെന്ന് വിദേശകാര്യ മന്ത്രാലയം പറയുന്നു. അള്‍ജീരിയയിലെ യു.എ.ഇ അംബാസഡറെ വിദേശകാര്യ മന്ത്രാലയത്തിലേക്ക് വിളിച്ച് വരുത്തി തീരുമാനം ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. രാജ്യം വിടാന്‍ 48 മണിക്കൂറാണ് സമയം നല്‍കിയിരിക്കുന്നത്.
ബന്ധം വിച്ഛേദിച്ചതിന് പിന്നാലെ യു.എ.ഇയില്‍ രജിസ്റ്റര്‍ ചെയ്ത സിവിലിയന്‍, സൈനിക വിമാനങ്ങള്‍ക്ക് അള്‍ജീരിയന്‍ വ്യോമപാത അടച്ചു. എന്നാല്‍ അള്‍ജീരിയയില്‍ നിന്ന് യു.എ.ഇയിലേക്കും തിരിച്ചുമുള്ള യാത്രാ വിമാനങ്ങള്‍ക്ക് നിലവിലെ കരാര്‍ അവസാനിക്കുന്ന 2026 അവസാനം വരെ സര്‍വീസ് നടത്താന്‍ അനുമതിയുണ്ടായിരിക്കും.
എന്നാല്‍ അള്‍ജീരിയയുടെ തീരുമാനം താത്ക്കാലികമാണെന്നാണ് പ്രതീക്ഷിക്കുന്നതെന്നായിരുന്നു യു.എ.ഇയുടെ പ്രതികരണം. ഇരു രാജ്യങ്ങളും തമ്മിലുള്ള സാഹോദര്യ ബന്ധം നിലനില്‍ക്കുമെന്നാണ് കരുതുന്നതെന്നും എല്ലാ രാജ്യങ്ങളുമായും മികച്ച ബന്ധം കാത്തുസൂക്ഷിക്കാനാണ് യു.എ.ഇ ആഗ്രഹിക്കുന്നതെന്നും യു.എ.ഇ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
നയതന്ത്രം എന്നത് യുക്തിയിലും ആശയവിനിമയത്തിലും അധിഷ്ഠിതമായിരിക്കണമെന്നും അവ്യക്തത ഒരു നയമല്ലെന്നും യു.എ.ഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് അന്‍വര്‍ ഗര്‍ഗാഷ് റഞ്ഞു. എക്സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
മേഖലയിലെ നിര്‍ണായക വിഷയങ്ങളില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ഭിന്നതകള്‍ നിലനിന്നിരുന്നു. ഇസ്രഈലുമായി ബന്ധം സ്ഥാപിക്കുന്നതിനെ അള്‍ജീരിയ ശക്തമായി എതിര്‍ത്തിരുന്നു. എന്നാല്‍ യു.എ.ഇയും അള്‍ജീരിയയുടെ മുഖ്യ എതിരാളികളായ മൊറോക്കോയും 2020 ലെ അബ്രഹാം കരാറിലൂടെ ഇസ്രഈലുമായി നയതന്ത്ര ബന്ധം സ്ഥാപിച്ചിരുന്നു. ഇതാണ് ഭിന്നിപ്പിനുള്ള പ്രധാന കാരണം.
അള്‍ജീരിയന്‍ ആഭ്യന്തര കാര്യങ്ങളില്‍ യു.എ.ഇ ഇടപെടുന്നുവെന്നും ഉത്തര ആഫ്രിക്കയിലും ലിബിയ, മാലി, നൈജര്‍ തുടങ്ങിയ രാജ്യങ്ങളിലും അസ്ഥിരതയുണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്നും അള്‍ജീരിയന്‍ പ്രസിഡന്റ് അബ്ദെല്‍മദ്ജിദ് തെബൂന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ നേരത്തെ ആരോപിച്ചിരുന്നു. 2021 ല്‍ അള്‍ജീരിയ മൊറോക്കോയുമായുള്ള ബന്ധം വിച്ഛേദിച്ചിരുന്നു. സമാനമായ നടപടി സ്വീകരിക്കുന്ന രണ്ടാമത്തെ അറബ് രാജ്യമാണ് യു.എ.ഇ.
Content Highlight: Algeria severs diplomatic ties with the UAE; UAE says the decision is likely temporary.
