ഇന്ത്യയിലെ ഏറ്റവും വലിയ താരങ്ങളിലൊരാളാണ് പ്രഭാസ്. ബാഹുബലിയിലൂടെ പാന്‍ ഇന്ത്യന്‍ സ്റ്റാറായി മാറിയ പ്രഭാസിന്റെ ഏറ്റവും പുതിയ ചിത്രമാണ് ഫൗജി. വന്‍ ബജറ്റിലൊരുങ്ങുന്ന ചിത്രത്തിന്റെ ആദ്യ ഗ്ലിംപ്സ് ആരാധകര്‍ ഏറ്റെടുത്തു. രണ്ടാം ലോക മഹായുദ്ധ കാലത്ത് ഇന്ത്യ കണ്ട ഏറ്റവും വലിയ സ്പൈയുടെ കഥയാണ് ചിത്രം പറയുന്നത്.
നേതാജി സുഭാഷ് ചന്ദ്രബോസ് ഹിറ്റ്ലറിനോട് നായകനെക്കുറിച്ച് വലിയ ബില്‍ഡപ്പ് നല്കിയ ശേഷമാണ് പ്രഭാസിനെ കാണിക്കുന്നത്. സിഗരറ്റ് കടിച്ചുപിടിച്ചുകൊണ്ട് പഴയ മോഡല്‍ മെഷീന് ഗണ്‍ ലോഡ് ചെയ്യുന്ന പ്രഭാസിനെ കാണിച്ചുകൊണ്ടാണ് ടീസര്‍ അവസാനിച്ചത്. പ്രഭാസിന്റെ സ്ക്രീന്‍ പ്രസന്‍സാണ് ടീസറിന്റെ ഹൈലൈറ്റ്.

എന്നാല്‍ ഈയൊരു ഭാഗം ട്രോളന്മാര് തങ്ങളുടെ ക്രിയേറ്റിവിറ്റി കാണിക്കാന്‍ ഉപയോഗിച്ചിരിക്കുകയാണ്. മെഷീന് ഗണ്ണിന് പകരം മറ്റ് വസ്തുക്കള്‍ എ.ഐ ഉപയോഗിച്ച് റീപ്ലേസ് ചെയ്ത് വീഡിയോകള്‍ പലരിലും ചിരിയുണര്‍ത്തി. മെഷീന് ഗണ്‍ ലോഡ് ചെയ്യുന്നതിന് പകരം കരിമ്പ് ജ്യൂസുണ്ടാക്കുന്ന വീഡിയോയാണ് ആദ്യത്തേത്.
ഒറിജിനലിനെ തോല്പിക്കുന്ന തരത്തില്‍ നിര്‍മിച്ച ഈ വീഡിയോ ടീസറിനെക്കാള്‍ വലിയ ചര്‍ച്ചയായി. ഇതിന് പിന്നാലെ ഓട്ടോ ഓടിക്കുന്നത്, നൂഡില്‍സ് ഉണ്ടാക്കുന്നത്. തയ്യല്‍ മെഷീന് ഉപയോഗിക്കുന്നത് എന്നിങ്ങനെ പല തരത്തിലുള്ള വീഡിയോകള്‍ ഓരോരുത്തര് പടച്ചുവിട്ടു. എല്ലാം ഒന്നിനൊന്ന് മികച്ചതാണെന്ന് പലരും അഭിപ്രായപ്പെട്ടു.

ഈ ഷോട്ടിലെ പ്രഭാസിന്റെ ലുക്കും ട്രോളിന് ഇരയാകുന്നുണ്ട്. ഫസ്റ്റ് ലുക്ക് പോസ്റ്റില്‍ നിന്ന് ഒരുപാട് വ്യത്യാസമുള്ള ലുക്കാണ് ടീസറിലുള്ളത്. 1940കളില്‍ മോഡേണ്‍ സ്റ്റൈല്‍ ഹെയര്‍കട്ടില്‍ പ്രത്യക്ഷപ്പെട്ടതും ഇതിനോടകം ചര്‍ച്ചയായി. ഫാന്‍സിനെ ഹാപ്പിയാക്കാനാണെങ്കിലും ഇത്തരം മിസ്റ്റേക്കുകള് ആവര്‍ത്തിക്കരുതെന്നാണ് പലരുടെയും കമന്റ്.
രാജാസാബിന്റെ വന്‍ പരാജയത്തിന് ശേഷം പ്രഭാസ് നായകനാകുന്ന ചിത്രമാണ് ഫൗജി. സീതാ രാമം അണിയിച്ചൊരുക്കിയ ഹനു രാഘവപുടിയാണ് ചിത്രത്തിന്റെ സംവിധായകന്. 500 കോടിക്കടുത്ത് ചെലവഴിച്ച് ഒരുക്കുന്ന ചിത്രം 2027 മാര്‍ച്ചില്‍ തിയേറ്ററുകളിലെത്തും. ബോക്സ് ഓഫീസില്‍ പ്രഭാസിന്റെ തിരിച്ചുവരവായിരിക്കും ഫൗജിയെന്ന് ആരാധകര്‍ അവകാശപ്പെടുന്നുണ്ട്.
Content Highlight: Social media trolls Prabhas machine gun scene in Fauzi movie
