ലണ്ടന്‍: വെസ്റ്റ്ബാങ്കിലെ അനധികൃത ഇസ്രഈലി കുടിയേറ്റക്കാരുടെ അക്രമങ്ങളെ വിമര്‍ശിച്ച് ബ്രിട്ടനിലെ ജൂത പുരോഹിതന്‍. വെസ്റ്റ്ബാങ്കില്‍ ഇസ്രഈലി കുടിയേറ്റക്കാര്‍ നടത്തുന്ന അക്രമങ്ങള്‍ ‘ജൂതമതത്തിന്റെ വിശുദ്ധിക്ക് കളങ്കം വരുത്തുന്ന പ്രവൃത്തി’ ആണെന്ന് മസോര്‍ട്ടി ജൂത വിഭാഗത്തിലെ മുതിര്‍ന്ന പുരോഹിതനായ റബ്ബി ജോനാഥന്‍ വിറ്റന്‍ബെര്‍ഗ് അഭിപ്രായപ്പെട്ടു.
ന്യൂ നോര്‍ത്ത് ലണ്ടന്‍ സിനഗോഗിലെ മുന്‍ റബ്ബി കൂടിയായിരുന്നു ജോനാഥന്‍ വിറ്റന്‍ബെര്‍ഗ്. സ്‌കൈ ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
താന്‍ അടുത്തിടെ നടത്തിയ സന്ദര്‍ശനത്തില്‍ വെസ്റ്റ്ബാങ്കില്‍ നടക്കുന്ന കാര്യങ്ങള്‍ നേരിട്ട് കണ്ടതായും റബ്ബി വിറ്റന്‍ബെര്‍ഗ് പറഞ്ഞു. ബ്രിട്ടിഷ് വിദേശകാര്യ സെക്രട്ടറി എഡ് മിലിബാന്‍ഡ് ഇസ്രഈല്‍ കുടിയേറ്റക്കാര്‍ക്കെതിരെ ഉപരോധം പ്രഖ്യാപിക്കുമ്പോള്‍ താന്‍ വെസ്റ്റ്ബാങ്കിലെ അല്‍ ഖൈര്‍ ഗ്രാമത്തിലായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം അവിടെവെച്ച് അല്‍ ഖൈറില്‍ ഔദ ഹത്തലീന്‍ എന്ന വ്യക്തിയെ ഒരു കുടിയേറ്റക്കാരന്‍ കൊലപ്പെടുത്തിയിരുന്നു. ഔദ ഹത്തലീന്റെ കുടുംബത്തെ കാണാനാണ് താന്‍ വീണ്ടും അവിടെ പോയതെന്നും വിറ്റന്‍ബെര്‍ഗ് പറഞ്ഞു.
2024-ല്‍ പുറത്തിറങ്ങിയ ‘നോ അദര്‍ ലാന്‍ഡ്’ (No Other Land) എന്ന ഡോക്യുമെന്ററിയുടെ കണ്‍സള്‍ട്ടന്റും ഫലസ്തീനിയന്‍ ആക്ടിവിസ്റ്റുമായിരുന്ന ഹത്തലീന്‍ 2025 ജൂലൈ 28-നായിരുന്നു കൊല്ലപ്പെട്ടത്. വെസ്റ്റ് ബാങ്കിലെ സൗത്ത് ഹെബ്രോണ്‍ ഹില്‍സിലുള്ള ഉം അല്‍-ഖൈറില്‍ വെച്ച് ഇസ്രഈലി കുടിയേറ്റക്കാരനായ യീനോന്‍ ലെവിയുടെ അദ്ദേഹത്തെ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു.
വെസ്റ്റ്ബാങ്കില്‍ ഇസ്രഈല്‍ കുടിയേറ്റവും സൈന്യത്തിന്റെ ഇടപെടലും കാരണം പ്രദേശവാസികള്‍ ഒറ്റപ്പെട്ടതായും വിറ്റന്‍ബെര്‍ഗ് ചൂണ്ടിക്കാട്ടി. ഗാമവാസികളുടെ വീടുകളില്‍ നിന്ന് വെറും 10 മീറ്റര്‍ അകലെയായാണ് പുതിയ കുടിയേറ്റക്കാരുടെ വീടുകള്‍ നിര്‍മിച്ചിരിക്കുന്നത്. സൈന്യം നിശ്ചയിച്ച പ്രത്യേക മേഖല കാരണം (മിലിട്ടറി സോണ്‍) ഗ്രാമവാസികള്‍ ഒറ്റപ്പെട്ട അവസ്ഥയിലായതും ഞാന്‍ നേരിട്ട് കണ്ടു,’ അദ്ദേഹം പറഞ്ഞു.
ഇസ്രഈല്‍ കുടിയേറ്റക്കാരുടെ പ്രവൃത്തിയെ ജൂതമതം അംഗീകരിക്കുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇസ്രഈല്‍ ഭരണകൂടത്തിന്റെ പിന്തുണയോടെയാണ് ഇത്തരം പ്രവൃത്തികള്‍ നടക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
‘ഇത് തെറ്റായ കാര്യമാണ്. ഓരോ മനുഷ്യനെയും ദൈവത്തിന്റെ പ്രതിച്ഛായയിലാണ് സൃഷ്ടിച്ചിരിക്കുന്നത് എന്ന് പഠിപ്പിക്കുന്ന ജൂതമതം ഇതിനെ ഒട്ടും അംഗീകരിക്കുന്നില്ല. ഇത് ചില വ്യക്തികളുടെ മാത്രം തെറ്റായ പ്രവൃത്തിയല്ല. പലപ്പോഴും ഉന്നത അധികാരികളുടെ പിന്തുണയും ഇതിനുണ്ട് എന്നത് വ്യക്തമാണ്,’ കുടിയേറ്റ അക്രമങ്ങളെക്കുറിച്ച് വിറ്റന്‍ബെര്‍ഗ് പറഞ്ഞു.
വെസ്റ്റ് ബാങ്കിലെ അനധികൃത ഇസ്രഈല്‍ കുടിയേറ്റ കേന്ദ്രങ്ങളുമായുള്ള എല്ലാ വ്യാപാരങ്ങള്‍ക്കുമെതിരെ അടുത്തിടെ ബ്രിട്ടന്‍ അടക്കമുള്ള രാജ്യങ്ങള്‍ ഉപരോധം പ്രഖ്യാപിച്ചിരുന്നു. ഉപരോധത്തിന് പുറമെ ബ്രിട്ടിഷ് സര്‍ക്കാരില്‍ നിന്ന് ഇസ്രഈലിനെതിരെ വലിയ രീതിയിലുള്ള വിമര്‍ശനങ്ങളും സമീപ ദിവസങ്ങളില്‍ ഉയര്‍ന്നിരുന്നു. നെതന്യാഹു സര്‍ക്കാരിന്റെ നിശബ്ദ പിന്തുണയോടെ നടത്തിയ ‘വംശീയ ഉന്മൂലനം’ ആണ് വെസ്റ്റ്ബാങ്കില്‍ നടക്കുന്നതെന്ന് ബ്രിട്ടിഷ് വിദേശകാര്യ സെക്രട്ടറി എഡ് മിലിബാന്‍ഡ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ഇതിന് പിന്നാലെ ബ്രിട്ടനെതിരെ ഇസ്രഈല്‍ ഇസ്രഈല്‍ പ്രതികാര നടപടികള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. കിഴക്കന്‍ ജെറുസലേമിലെ ബ്രിട്ടീഷ് കോണ്‍സുലേറ്റ് അടച്ച് പൂട്ടാന്‍ ഉത്തരവിടുന്നതടക്കമുള്ള നടപടികളാണ് ഇസ്രഈല്‍ സ്വീകരിച്ചത്. ഇതിന് പുറമെ ബ്രിട്ടിഷ് എം.പിമാര്‍ക്കെതിരെ പ്രവേശന വിലക്കും ഇസ്രഈല്‍ പ്രഖ്യാപിച്ചിരുന്നു.
മുന്‍ ലേബര്‍ നേതാവ് ജെറമി കോര്‍ബിന്‍, യുവര്‍ പാര്‍ട്ടി എം.പി. സാറാ സുല്‍ത്താന, ലേബര്‍ എം.പിമാരായ ഡയാന്‍ ആബട്ട്, നാസ് ഷാ, ജോണ്‍ മക്ഡൊണല്‍, റിച്ചാര്‍ഡ് ബര്‍ഗണ്‍, ഗ്രീന്‍ പാര്‍ട്ടി എം.പിമാരായ ഹന്ന സ്പെന്‍സര്‍, കാര്‍ല ഡെന്യര്‍, സിയാന്‍ ബെറി, എല്ലി ചൗണ്‍സ് എന്നിവരുള്‍പ്പെടെ ബ്രിട്ടനിലെ മിക്ക ഇടതുപക്ഷ എം.പിമാര്‍ക്കും ഇസ്രഈല്‍ ഇത്തരത്തില്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ബ്രിട്ടന് പുറമെ ഫ്രാന്‍സും കാനഡയും വെസ്റ്റ്ബാങ്കിലെ അനധികൃത കുടിയേറ്റങ്ങള്‍ക്കെതിരെ വ്യാപാര ഉപരോധം പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് ഒമ്പത് രാജ്യങ്ങളും ഇസ്രഈലിന്റെ അനധികൃത കുടിയേറ്റങ്ങള്‍ക്കെതിരെ സമാന നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു.
Content Highlight: Senior Rabbi calls settler violence ‘desecration of Judaism’
