ചരിത്രത്തിലെ ആദ്യ ചാമ്പ്യന്‍സ് ലീഗ് മത്സരത്തില്‍ വമ്പന്‍ വിജയം സ്വന്തമാക്കിയിരിക്കുകയാണ് ഇറ്റാലിയന്‍ ക്ലബ്ബ് കോമോ എഫ്.സി. ചാമ്പ്യന്‍സ് ലീഗിന്റെ കളിത്തട്ടിലേക്ക് ആദ്യമായി പോരാട്ടത്തിനിറങ്ങിയ കോമോ ജര്‍മന്‍ ക്ലബ്ബ് ആര്‍.ബി ലെപ്‌സിക്കിനെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് കീഴടക്കിയത്.
മത്സരത്തില്‍ കോമോക്ക് വേണ്ടി മാര്‍ട്ടിന്‍ ബറ്റുറിന, അനസ്താസിയോസ് ഡൂവികാസ്, അസെയ്ന്‍ ഡിയാവോ, മാക്‌സിമോ പെറോണ്‍ എന്നിവരാണ് ഗോളുകള്‍ നേടിയത്. ആന്‍ഡ്രിജ മാക്‌സിമോവിച്ച് ആണ് ജര്‍മന്‍ ക്ലബ്ബിന് വേണ്ടി ആശ്വാസ ഗോള്‍ കണ്ടെത്തിയത്.
മത്സരത്തില്‍ ഏറെ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചത് അര്‍ജന്റൈന്‍ യുവതാരം നിക്കോ പാസ് ആയിരുന്നു. മത്സരത്തില്‍ രണ്ട് അസിസ്റ്റുകള്‍ നേടിയാണ് പാസ് തിളങ്ങിയത്. അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിക്ക് ശേഷം യുവേഫ ചാമ്പ്യന്‍സ് ലീഗിലെ ഒരു മത്സരത്തില്‍ രണ്ടോ അതിലധികമോ അസിസ്റ്റ് സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരമാണ് പാസ്.
2008ല്‍ 21 വയസും 120 ദിവസവും പ്രായമുള്ളപ്പോഴായിരുന്നു മെസിയുടെ നേട്ടം. ഇപ്പോള്‍ 18 വര്‍ഷങ്ങള്‍ക്ക് ശേഷം പാസും ഈ നേട്ടം കൈവരിച്ചിരിക്കുകയാണ്. 22 വയസും രണ്ട് ദിവസവും പ്രായമുള്ളപ്പോഴാണ് താരത്തിന്റെ നേട്ടം.

ഇന്റര്‍നാഷണല്‍ ഫുട്‌ബോളില്‍ നിന്നും അടുത്തിടെ വിരമിച്ച മെസിയുടെ ഐക്കോണിക് ജേഴ്‌സി നമ്പറായ പത്താം നമ്പറിന്റെ പുതിയ അവകാശി പാസ് ആവുമെന്ന വാര്‍ത്തകള്‍ ഫുട്‌ബോള്‍ സര്‍ക്കിളുകള്‍ക്കിടയില്‍ വലിയ രീതിയില്‍ നിറഞ്ഞു നില്‍ക്കുമ്പോഴാണ് താരത്തിന്റെ ഈ നേട്ടമെന്നതും ശ്രദ്ധേയമാണ്. അര്‍ജന്റീനക്ക് വേണ്ടി 11 മത്സരങ്ങളില്‍ കളിച്ച താരമാണ് പാസ്.
ദേശീയ ടീമില്‍ അര്‍ജന്റീനക്ക് വേണ്ടിയും സ്‌പെയ്‌നിന് വേണ്ടിയും കളിക്കാന്‍ പാസിന് അനുമതി ലഭിച്ചിരുന്നു. താരം സ്‌പെയ്‌നിനെ മറികടന്ന് അര്‍ജന്റീനക്കായി ബൂട്ട് കെട്ടാന്‍ തീരുമാനിക്കുകയായിരുന്നു.
2026 ഫിഫ ലോകകപ്പില്‍ പാസ് അര്‍ജന്റീനയുടെ നിരയില്‍ ഉണ്ടായിരുന്നു. അര്‍ജന്റീനയിലെ ഒരു ക്ലബ്ബിന്റെയോ അക്കാദമിയുടെയോ ഭാഗമാവാതെ ആദ്യമായി അര്‍ജന്റീനക്ക് വേണ്ടി ലോകകപ്പ് കളിച്ച താരം കൂടിയായിരുന്നു പാസ്.

2016ല്‍ സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡിന്റെ അക്കാദമയിലൂടെയാണ് പാസ് തന്റെ ഫുട്‌ബോള്‍ കരിയര്‍ ആരംഭിച്ചത്. 2023 സീസണിലാണ് താരം റയല്‍ മാഡ്രിഡിന്റെ സീനിയര്‍ ടീമില്‍ അരങ്ങേറ്റം കുറിച്ചത്. 2024ലാണ് റയല്‍ വിട്ട് താരം കോമോ എഫ്.സിയിലേക്ക് ചേക്കേറിയത്.
202526 സീരി എ സീസണിലെ മികച്ച യുവതാരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കിയതും നിക്കോ പാസ് തന്നെയാണ്. ഇറ്റാലിയന്‍ ലീഗില്‍ കഴിഞ്ഞ സീസണില്‍ പാസ് 35 മത്സരങ്ങളില്‍ നിന്നും 12 ഗോളുകളും ആറ് അസിസ്റ്റുകളും നേടിയാണ് തിളങ്ങിയത്.
Content Highlight: Nico Paz create huge record UEFA champions league
