യുവേഫ ചാമ്പ്യന്‍സ് ലീഗിലെ ആദ്യ മത്സരത്തില്‍ വമ്പന്‍ വിജയം സ്വന്തമാക്കി വരവറിയിച്ചിരിക്കുകയാണ് ജര്‍മന്‍ വമ്പന്മാരായ ബയേണ്‍ മ്യൂണിക്. നോര്‍വീജിയന്‍ ക്ലബ്ബ് എഫ്.കെ ബോഡോയെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് ബയേണ്‍ തകര്‍ത്തത്.

മത്സരത്തിലെ ഈ വമ്പന്‍ വിജയത്തിനൊപ്പം ഒരു ചരിത്രനേട്ടമാണ് ബയേണ്‍ സ്വന്തമാക്കിയത്. യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ ചരിത്രത്തില്‍ 900 ഗോളുകള്‍ പൂര്‍ത്തിയാക്കുന്ന രണ്ടാമത്തെ ടീമായി മാറിയാണ് ജര്‍മന്‍ വമ്പന്‍മാര്‍ ചരിത്രം സൃഷ്ടിച്ചത്.

ഇതുവരെ 904 ഗോളുകളാണ് ബയേണ്‍ എതിരാളികളുടെ വലയിലെത്തിച്ചത്. ബയേണ്‍ മ്യൂണിക്കിന് മുമ്പ് ഈ മാന്ത്രിക സംഖ്യത്തിലെത്തിയത് സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡ് ആണ്. 1139 ഗോളുകളാണ് ലോസ് ബ്ലാങ്കോസ് അടിച്ചുകൂട്ടിയത്.

ബയേണിന്റെ തട്ടകമായ അലയന്‍സ് അരീനയില്‍ നടന്ന മത്സരത്തില്‍ ആദ്യ പകുതിയില്‍ ഇരു ടീമുകള്‍ക്കും ഗോള്‍ നേടാന്‍ സാധിച്ചിരുന്നില്ല. രണ്ടാം പകുതിയിലാണ് മത്സരത്തിലെ അഞ്ച് ഗോളുകളും പിറന്നത്.

47ാം മിനിട്ടില്‍ ജര്‍മന്‍ യുവതാരം ജമാല്‍ മുസിയാലയാണ് ബയേണ്‍ മ്യൂണിക്കിനായി ആദ്യ ഗോളും ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തിലെ ടീമിന്റെ 900ാം ഗോളും സ്വന്തമാക്കിയത്. 61ാം മിനിട്ടില്‍ ഇംഗ്ലണ്ട് താരം ഹാരി കെയ്‌നും 71ാം മിനിട്ടില്‍ കാനഡ താരം അല്‍ഫോന്‍സോ ഡേവിസും ജര്‍മന്‍ ക്ലബ്ബിനായി ലീഡുയര്‍ത്തി.

ഫ്രഞ്ച് താരം മൈക്കല്‍ ഒലീസയുടെ ഇരട്ട ഗോളുകള്‍ കൂടി പിറന്നതോടെ നോര്‍വീജിയന്‍ ക്ലബ്ബിന്റെ പതനം പൂര്‍ത്തിയായി. 83ാം മിനിട്ടിലും ഇഞ്ചുറി ടൈമിലുമായിരുന്നു താരത്തിന്റെ ഗോളുകള്‍ പിറന്നത്.

മത്സരത്തിന്റെ 87ാം മിനിട്ടില്‍ എഫ്.കെ ബോഡോ താരം ഓഡിന്‍ ബോര്‍ടഫ്റ്റ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതും ടീമിന് തിരിച്ചടിയായി.

ഈ കൂറ്റന്‍ വിജയത്തോടെ യു.സി.എല്‍ പോയിന്റ് പട്ടികയില്‍ നിലവിലെ ചാമ്പ്യന്മാരായ പാരീസ് സെയ്ന്റ് ജെര്‍മെയ്‌ന് താഴെ രണ്ടാം സ്ഥാനത്തെത്താനും ബയേണ്‍ മ്യൂണിക്കിന് സാധിച്ചു.

സെപ്റ്റംബര്‍ 13ന് ബുണ്ടസ്‌ലീഗയിലാണ് ബയേണ്‍ മ്യൂണിക് അടുത്ത മത്സരത്തിനിറങ്ങുന്നത്. എസ്.വി എല്‍വേഴ്‌സ്ബര്‍ഗാണ് ടീമിന്റെ എതിരാളികള്‍. ജര്‍മന്‍ ലീഗില്‍ നിലവില്‍ ആറാം സ്ഥാനത്താണ് ബയേണ്‍. രണ്ട് മത്സരങ്ങളില്‍ നിന്നും ഒരു ജയവും സമനിലയുമായി നാല് പോയിന്റാണ് ബയേണിന്റെ അക്കൗണ്ടിലുള്ളത്.

 

Content Highlight: Bayern Munich create a historical record in UEFA Champions league