2026ലെ മികച്ച ഫുട്‌ബോള്‍ താരത്തിന് നല്‍കുന്ന പ്രശസ്ത ബാലണ്‍ ഡി ഓര്‍ പുരസ്‌കാരത്തില്‍ ഇതിഹാസ താരം ലയണല്‍ മെസിയും നാമനിര്‍ദേശ പട്ടികയില്‍ ഇടം നേടിയിരുന്നു. 2026 ലോകകപ്പില്‍ നടത്തിയ തകര്‍പ്പന്‍ പ്രകടനങ്ങളാണ് മെസിയെ വീണ്ടും പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. എട്ട് ഗോളുകളും നാല് അസിസ്റ്റുകളും നേടിയാണ് മെസി തിളങ്ങിയത്.
എന്നാല്‍ ബാലണ്‍ ഡി ഓര്‍ പട്ടികയില്‍ പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് ഇടം നേടാന്‍ സാധിച്ചിരുന്നില്ല. തുടര്‍ച്ചയായ നാലാം തവണയാണ് റൊണാള്‍ഡോക്ക് നോമിനേഷനില്‍ സ്ഥാനം നഷ്ടമാവുന്നത്.
ഇത്തവണ ബാലണ്‍ ഡി ഓര്‍ നോമിനേഷനില്‍ മെസി ഇടം പിടിച്ചതോടെ റൊണാള്‍ഡോയുടെ പേരിലുണ്ടായിരുന്ന ഒരു വമ്പന്‍ റെക്കോഡും അര്‍ജന്റൈന്‍ ഇതിഹാസം തകര്‍ത്തു. 21ാം നൂറ്റാണ്ടില്‍ ബാലണ്‍ ഡി ഓര്‍ അവാര്‍ഡിന് നാമനിര്‍ദേശം ചെയ്യപ്പെടുന്ന ഏറ്റവും പ്രായം കൂടിയ താരമായാണ് മെസി മാറിയത്. 39ാം വയസിലാണ് മെസിയുടെ നേട്ടം.

2022ല്‍ റൊണാള്‍ഡോ സ്വന്തമാക്കിയ നേട്ടമാണ് മെസി മറികടന്നത്. 2022ല്‍ ബാലണ്‍ ഡി ഓര്‍ ലിസ്റ്റില്‍ റൊണാള്‍ഡോ ഇടം നേടുമ്പോള്‍ പ്രായം 37 വയസായിരുന്നു.
ബാലണ്‍ ഡി ഓര്‍ നേടിയ ഏറ്റവും പ്രായം കൂടിയ താരം മുന്‍ ഇംഗ്ലീഷ് താരം സ്റ്റാന്‍ലി മാത്യൂസാണ്. 1956ല്‍ ആദ്യ ബാലണ്‍ ഡി ഓര്‍ നേടുമ്പോള്‍ 41 വയസായിരുന്നു താരത്തിന്റെ പ്രായം.
ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ ബാലണ്‍ ഡി ഓര്‍ സ്വന്തമാക്കിയ താരവും മെസി തന്നെയാണ്. എട്ട് തവണയാണ് മെസി ഈ നേട്ടം സ്വന്തമാക്കിയത്. 2009, 2010, 2011, 2012, 2015, 2019, 2021, 2023 എന്നീ വര്‍ഷങ്ങളിലായിരുന്നു മെസി ബാലണ്‍ ഡി ഓര്‍ സ്വന്തമാക്കിയിരുന്നത്.

മെസി അടുത്തിടെ ഇന്റര്‍നാഷണല്‍ ഫുട്ബോളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ചുകൊണ്ട് മെസി വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. 2028 കോപ്പ അമേരിക്കയില്‍ അര്‍ജന്റീനക്കായി മെസി കളത്തിലിറങ്ങുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ആരാധകരെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയായിരുന്നു ഇതിഹാസത്തിന്റെ പടിയിറക്കം. തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിലൂടെ കുറിപ്പ് പങ്കുവെച്ചാണ് മെസി വിരമിക്കല്‍ പ്രഖ്യാപിച്ചത്.
Content Highlight: Lionel Messi break Cristiano Ronaldo record in Ballon d or
