അഫ്ഗാനിസ്ഥാനിസ്ഥാനെതിരായ ടി-20 പരമ്പരയ്ക്കുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. സെപ്റ്റംബര്‍ 13നാണ് മൂന്ന് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരക്ക് തുടക്കമാവുക.മത്സരങ്ങള്‍ക്ക് മുന്നോടിയായി ഇന്ത്യ തങ്ങളുടെ 15 അംഗ സ്‌ക്വാഡും പ്രഖ്യാപിച്ചിരുന്നു. സ്‌ക്വാഡില്‍ മലയാളി താരം സഞ്ജു സാംസണും ഇടം നേടിയിട്ടുണ്ട്.

വലിയ ഇടവേളക്ക് ശേഷമാണ് സഞ്ജു വീണ്ടും ഇന്ത്യന്‍ കുപ്പായമണിയാന്‍ ഒരുങ്ങുന്നത്. കഴിഞ്ഞ സിംബാബ്വേ പരമ്പരയില്‍ ടീമില്‍ ഇടം നേടാന്‍ സഞ്ജുവിന് സാധിച്ചിരുന്നില്ല. അയര്‍ലാന്‍ഡിനെതിരെയും ഇംഗ്ലണ്ടിനെതിരെയുമുള്ള പരമ്പരയില്‍ തിളങ്ങാന്‍ സാധിക്കാതെ വന്നതോടെ സഞ്ജുവിന് സിംബാബ്വേക്കെതിരായ ടി-20 പരമ്പരയില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു.

ഇപ്പോള്‍ അഫ്ഗാനെതിരെ സഞ്ജു വമ്പന്‍ തിരിച്ചുവരവ് നടത്താന് കളത്തിലിറങ്ങുന്നത്. പരമ്പരയില്‍ സഞ്ജു കളത്തിലിറങ്ങിയാല്‍ ഒരു മിന്നും നേട്ടവും താരത്തെ തേടിയെത്തും. ടി-20 കരിയറില്‍ 350 മത്സരങ്ങള്‍ പൂര്‍ത്തിയാക്കാനാണ് സഞ്ജുവിന് സാധിക്കുക.

ഇതുവരെ 348 ടി-20 മത്സരങ്ങളിലാണ് സഞ്ജു കളത്തിലിറങ്ങിയിട്ടുള്ളത്. ഇന്ത്യ, കേരളം, രാജസ്ഥാന്‍ റോയല്‍സ്, ചെന്നൈ സൂപ്പര്‍ കിങ്സ്, ദല്‍ഹി ഡെയര്‍ ഡെവിള്‍സ്, കൊച്ചി ബ്ലൂ ടൈഗേഴ്‌സ് എന്നീ ടീമുകള്‍ക്ക് വേണ്ടിയാണ് സഞ്ജു ടി-20യില്‍ കളത്തില്‍ ഇറങ്ങിയിട്ടുള്ളത്.

ടി-20യില്‍ ഇത്രയധികം മത്സരങ്ങളില്‍ നിന്നും 8910 റണ്‍സാണ് സഞ്ജു നേടിയിട്ടുള്ളത്. എട്ട് സെഞ്ച്വറികളും 55 അര്‍ധ സെഞ്ച്വറികളും ആണ് കുട്ടിക്രിക്കറ്റില്‍ സഞ്ജുവിന്റെ അക്കൗണ്ടിലുള്ളത്. ഇന്ത്യക്ക് വേണ്ടി 66 ടി-20യില്‍ കളത്തിലിറങ്ങിയ സഞ്ജു 1432 റണ്‍സാണ് നേടിയിട്ടുള്ളത്. മൂന്ന് സെഞ്ച്വറികളും ആറ് അര്‍ധ സെഞ്ച്വറികളും സഞ്ജു സ്വന്തമാക്കിയിട്ടുണ്ട്. താരത്തിന്റെ ഈ മിന്നും പ്രകടനം അഫ്ഗാനെതിരെയും ആവര്‍ത്തിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

അഫ്ഗാനിസ്ഥാനെതിരായ ടി-20 പരമ്പരക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡ്

ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, വൈഭവ് സൂര്യവംശി, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍) ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ, ശിവം ദുബെ, നിതീഷ് കുമാര്‍ റെഡ്ഡി, അക്സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്ണോയ്, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ.

 

Content Highlight: Sanju Samosn Need Two More Matches To Complete 350 T-20 Matches