ഇന്ത്യ-ന്യൂസിലാൻഡ് അഞ്ച് ടി-20 മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം മത്സരം ഇന്നാണ് നടക്കുന്നത്. ക്രൈസ്റ്റ്ചർച്ചിൽ നടന്ന ആദ്യ മത്സരത്തിൽ നേടിയ ചരിത്ര വിജയത്തിന്റെ ആത്മവിശ്വാസവുമായാണ് ശ്രേയസ് അയ്യരും സംഘവും രണ്ടാം മത്സരത്തിനിറങ്ങുന്നത്. മറുഭാഗത്ത് പരമ്പരയിൽ സമനില പിടിക്കാനാണ് സ്വന്തം മണ്ണിൽ കിവികൾ പോരാട്ടത്തിനിറങ്ങുന്നത്.
ആദ്യ മത്സരത്തിൽ മിന്നും പ്രകടനം പുറത്തെടുത്ത മലയാളി സൂപ്പർ താരം സഞ്ജു സാംസൺ രണ്ടാം മത്സരത്തിലും തിളങ്ങുമെന്നാണ് ആരാധകർ വിശ്വസിക്കുന്നത്.
മത്സരത്തിൽ വെടിക്കെട്ട് പ്രകടനം ആവർത്തിക്കുകയാണെങ്കിൽ സഞ്ജുവിന് ഒരു പുതിയ നാഴികക്കല്ലും സ്വന്തമാക്കാൻ സാധിക്കും. ടി-20യിൽ 450 സിക്സുകൾ പൂർത്തിയാക്കാനുള്ള അവസരമാണ് സഞ്ജുവിന്റെ മുന്നിലുള്ളത്. ഇതുവരെ ടി-20യിൽ 443 സിക്സുകൾ നേടിയ സഞ്ജുവിന് ഏഴ് സിക്സുകൾ കൂടി നേടാനായാൽ ഈ തകർപ്പൻ നേട്ടത്തിലേക്ക് നടന്നു കയറാൻ സാധിക്കും.

ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രത്തിൽ രണ്ട് താരങ്ങൾ മാത്രമാണ് ടി-20യിൽ 450 സിക്സുകൾ നേടിയിട്ടുള്ളൂ. രോഹിത് ശർമയും വിരാട് കോഹ്ലിയും. ഈ ഇതിഹാസങ്ങൾക്ക് ശേഷം മൂന്നാമനായി സഞ്ജുവിനും തന്റെ പേര് സിക്സുകളുടെ റെക്കോർഡിൽ എഴുതിച്ചേർക്കാൻ സാധിക്കും.
ഇന്ത്യ, കേരളം രാജസ്ഥാൻ റോയൽസ്, ദൽഹി ഡെയർ ഡെവിൾസ്, ചെന്നൈ സൂപ്പർ കിങ്സ് എന്നീ ടീമുകൾക്ക് വേണ്ടിയാണ് സഞ്ജു ടി-20 യിൽ കളത്തിലിറങ്ങിയിട്ടുള്ളത്.
പരമ്പരയിലെ ആദ്യ മത്സരത്തിൽ 33 പന്തിൽ നിന്നും 67 റൺസ് നേടിയാണ് സഞ്ജു തിളങ്ങിയത്. എട്ട് ഫോറുകളും നാല് സിക്സുമാണ് മലയാളി താരം അടിച്ചെടുത്തത്. മത്സരത്തിലെ പ്ലെയർ ഓഫ് ദി മാച്ച് അവാർഡ് സ്വന്തമാക്കിയതും സഞ്ജു തന്നെയായിരുന്നു. രണ്ടാം മത്സരത്തിലും സഞ്ജുവിന്റെ ബാറ്റിൽ നിന്നും വെടിക്കെട്ട് പ്രകടനം ഉണ്ടാവുമെന്നാണ് ആരാധകർ ഉറച്ചു വിശ്വസിക്കുന്നത്.
ന്യൂസിലാൻഡ് പരമ്പരക്കുള്ള ഇന്ത്യൻ ടി-20 സ്ക്വാഡ്
ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), അഭിഷേക് ശർമ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), വൈഭവ് സൂര്യവംശി, തിലക് വർമ (വൈസ് ക്യാപ്റ്റൻ), അക്സർ പട്ടേൽ, ശിവം ദുബെ, നിതീഷ് കുമാർ റെഡ്ഡി, നമൻ ധിർ, മായങ്ക് യാദവ്, പ്രിൻസ് യാദവ്, അർഷ്ദീപ് സിങ്, ഭുവനേശ്വർ കുമാർ, വരുൺ ചക്രവർത്തി, കുൽദീപ് യാദവ്.
Content Highlight: Sanju Samson need 7 six to complete 450 sixes in T20
