ദുബായ്: യു.എസും ഇസ്രഈലും ചേര്‍ന്ന് ആക്രമിച്ചാല്‍ ഗള്‍ഫ് മേഖലയിലെ കടലിനടിയിലെ ഇന്റര്‍നെറ്റ് കേബിളുകള്‍ ആക്രമിക്കാന്‍ വിശദമായ പദ്ധതി ഇറാന് തയ്യാറാക്കിയതായി റിപ്പോര്‍ട്ട്. ഇറാനിലെ രണ്ട് മുതിര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിറ്റേഴ്സാണ് ഈ കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
തങ്ങള്‍ക്കെതിരെ യു.എസിന്റെയോ ഇസ്രഈലിന്റെയോ ഭാഗത്ത് നിന്ന് പുതിയ ആക്രമണമുണ്ടായാല്‍ ഗള്‍ഫിലെ ഏഴ് രാജ്യങ്ങളിലെയും എണ്ണ കേന്ദ്രങ്ങളെയും ഡാറ്റാ സെന്ററുകളെയും ആക്രമിക്കുമെന്ന് ഇറാന് പരമോന്നത ദേശീയ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടറി മൊഹ്സെന്‍ റെസായി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് പുറമെ ഈ രാജ്യങ്ങളിലെ എല്ലാ എ.ഐ സംവിധാനങ്ങളും ഇന്റര്‍നെറ്റിന് വേണ്ടിയുള്ള കടലിനടിയിലെ കേബിളുകളും തകര്‍ക്കുമെന്നും റെസായി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഇറാന് സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുകൊണ്ടുള്ള റോയിറ്റേഴ്സ് റിപ്പോര്‍ട്ട് പുറത്തുവരുന്നത്.
ഇന്റര്‍നെറ്റ് അടക്കമുള്ള ആശയ വിനിമയ സംവിധാനങ്ങള്‍ നീണ്ട കാലം തടസ്സപ്പെടുന്ന തരത്തിലാവും ആക്രമണം എന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞതായി റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തിന് ശേഷം കേബിളുകള്‍ അറ്റകുറ്റപ്പണി നടത്തി പുനസ്ഥാപിക്കുന്നത് തടയും. അതുവഴി ഇന്റര്‍നെറ്റ് ഉള്‍പ്പെടെയുള്ള ആശയവിനിമയ സംവിധാനങ്ങളുടെ തടസ്സം ദീര്‍ഘിപ്പിക്കാനും ഇറാന് ലക്ഷ്യമിടുന്നതായി ഉദ്യോഗസ്ഥരിലൊരാള്‍ പറഞ്ഞു.
ഇറാന് ആക്രമിക്കപ്പെട്ടാല്‍ പിന്നെ വിലക്കപ്പെട്ട വഴികളൊന്നുമുണ്ടാവില്ല. കടലിനടിയിലുള്ള കേബിളുകള്‍ മുതല്‍ രഹസ്യ സൈനിക താവളങ്ങള്‍ വരെ എന്തിനെയും തങ്ങള്‍ ലക്ഷ്യമിടുമെന്നും ഉദ്യോഗസ്ഥരിലൊരാള്‍ പറഞ്ഞു. കടലിനടിയിലുള്ള കേബിളുകള്‍ മുഴുവന്‍ ഇറാന് എത്തിപ്പിടിക്കാന്‍ പറ്റും. അവ എളുപ്പത്തില്‍ നശിപ്പിക്കാന്‍ ഇറാന് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കടലിനടിയിലെ കേബിളുകള്‍ക്ക് നാശനഷ്ടമുണ്ടായാല്‍ അതിന് ഉത്തരവാദി യു.എസ് ആയിരിക്കുമെന്നും ഇറാന് സുരക്ഷാ ഉദ്യോഗസ്ഥരിലൊള് അഭിപ്രായപ്പെട്ടതായി റോയിറ്റേഴ്സ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഗള്‍ഫ് മേഖലയിലെ കേബിളുകള്‍ നശിപ്പിക്കുമെന്ന റെസായിയുടെ പ്രസ്താവനക്ക് പുറമെ ഇറാന് റെവല്യൂഷണറി ഗാര്‍ഡ്സിന്റെ പൊളിറ്റിക്കല്‍ അഫയേഴ്സ് ഡെപ്യൂട്ടി ഹെഡ് ആയ യദൊല്ല ജവാനിയും സമാന പരാമര്‍ശം നടത്തിയിരുന്നു. ഇറാനിലെ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടായാല്‍ ഹോര്‍മുസ് കടലിടുക്കിനടിയിലുള്ള ഏഴ് പ്രധാന ഇന്റര്‍നെറ്റ് കേബിളുകള്‍ തങ്ങള്‍ ലക്ഷ്യമിട്ടേക്കാം എന്നായിരുന്നു ജവാനി പറഞ്ഞത്.
കടലിനടിയിലെ കേബിളുകള്‍ നശിപ്പിക്കുന്ന ഒന്നിലധികം സംഭവങ്ങളുണ്ടായാല്‍ അത് ഇന്റര്‍നെറ്റ് സേവനങ്ങളെ മന്ദഗതിയിലാക്കുമെന്ന്് ഈ രംഗത്തെ വിദഗ്ധരെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. സാമ്പത്തിക ഇടപാടുകള്‍, ഇ-കൊമേഴ്സ്, ക്ലൗഡ് കമ്പ്യൂട്ടിങ് എന്നിവയെ അത് തടസ്സപ്പെടുത്തും. യുദ്ധസമയത്ത് ഈ കണക്ഷനുകള്‍ പുനസ്ഥാപിക്കുന്നത് ബുദ്ധിമുട്ടായിരിക്കുമെന്നും വിദഗ്ധര്‍ പറഞ്ഞു, ഉയര്‍ന്ന ഇന്‍ഷുറന്‍സ് ചെലവുകളും രാജ്യങ്ങളുടെ പ്രാദേശിക അധികാര പരിധിയിലുള്ള സമുദ്ര ഭാഗങ്ങളില്‍ കടക്കുന്നതിനുള്ള പെര്‍മിറ്റുകള്‍ പെര്‍മിറ്റുകള്‍ നേടുന്നതിലെ കാലതാമസവും അറ്റകുറ്റപ്പണികളെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടി.
നവംബര്‍ മൂന്നിന് നടക്കുന്ന യു.എസ് ഇടക്കാല തെരഞ്ഞെടുപ്പിന് ശേഷം ഇറാനെതിരായ പുതിയ യു.എസ്-ഇസ്രഈല്‍ സംയുക്ത ആക്രമണത്തിനു സാധ്യതയുണ്ടെന്ന തരത്തില്‍ യു.എസ് മാധ്യമങ്ങളില്‍ അടുത്തിടെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് റെസായിയും യദൊല്ല ജവാനിയും ഇന്റര്‍നെറ്റ് കേബിളുകളെ അടക്കം ലക്ഷ്യം വെച്ച് പ്രത്യാക്രമണം നടത്തുമെന്ന് പറഞ്ഞത്.
അതേസമയം, ഇറാനെതിരെ മറ്റൊരു സൈനിക നടപടി കൂടി സ്വീകരിക്കാന്‍ സാധ്യതയുണ്ടെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. കടലിനടിയിലെ കേബിളുകളെ ഇറാന് ആക്രമിക്കാന്‍ തയ്യാറാകുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയായിരുന്നു ട്രംപിന്റെ പ്രതികരണം.
ഇറാനെതിരായ യുദ്ധത്തിന് യുഎസ് സൈന്യം നല്കിയ പേരായ ‘എപ്പിക് ഫ്യൂറി’ എന്ന പേര് ഉപയോഗിച്ചുകൊണ്ട് ഫ്ലോറിഡയില്‍ നടന്ന ഒരു റാലിയില്‍ സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. ‘ഞങ്ങള്‍ മറ്റൊരു ‘എപ്പിക് ഫ്യൂറി’ കൂടി നടത്തിയേക്കാം,’ എന്ന് ട്രംപ് പറഞ്ഞു.
യു.എസുമായി സമാധാന കരാറിലെത്താന്‍ ഇറാന് തയ്യാറാണോ എന്ന കാര്യത്തില്‍ ട്രംപ് സംശയം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. അവര്‍ ബുദ്ധിമാന്മാരാണെങ്കില്, ‘നമുക്ക് കാര്യത്തിലേക്ക് കടക്കാം’ എന്ന് അവര്‍ പറയും. എന്നാല്‍, അവര്‍ അങ്ങനെ ചെയ്യുമെന്ന് എനിക്ക് തോന്നുന്നില്ല. ഒരുപക്ഷേ അവര്‍ അത്ര ബുദ്ധിയില്ലായിരിക്കാമെന്നും ഇറാനെക്കുറിച്ച് ട്രംപ് പറഞ്ഞിരുന്നു.
Content Highlight: Iran has detailed plans to hit Gulf undersea cables if war resumes-Report
