ദുലീപ് ട്രോഫിയിൽ ചരിത്രം കുറിച്ച് ഇന്ത്യൻ വിക്കറ്റ് കീപ്പർ ഇഷാൻ കിഷൻ. ദുലീപ് ട്രോഫി ഫൈനൽ പോരാട്ടത്തിൽ സൗത്ത് സോണിനെതിരെ നടത്തിയ മിന്നും പ്രകടനമാണ് ഈസ്റ്റ് സോൺ ക്യാപ്റ്റനായ ഇഷാനെ പുതിയ മൈൽസ്റ്റോണിന് അർഹനാക്കിയത്.
ആദ്യ ഇന്നിങ്സിൽ ഡബിൾ സെഞ്ച്വറിയും രണ്ടാം ഇന്നിങ്സിൽ അർധ സെഞ്ച്വറിയും നേടിയാണ് താരം തിളങ്ങിയത്. 334 പന്തിൽ 270 റൺസാണ് ഇഷാൻ കിഷൻ സ്വന്തമാക്കിയത്. 30 ഫോറും ഏഴ് സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. രണ്ടാം ഇന്നിങ്സിൽ 98 പന്തിൽ 80 റൺസുമാണ് താരം നേടിയത്. ഒമ്പത് ഫോറുകളും മൂന്ന് സിക്സുകളുമാണ് താരം നേടിയത്.

ദുലീപ് ട്രോഫി ഫൈനലിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമായാണ് ഇഷാൻ മാറിയത്. 350 റൺസാണ് താരത്തിന്റെ ബാറ്റിൽ നിന്നും കലാശപ്പോരാട്ടത്തിൽ പിറന്നത്. 39 വർഷം പഴക്കമുള്ള രമൺ ലാംബയുടെ പേരിലുണ്ടായിരുന്ന റെക്കോഡാണ് ഈസ്റ്റ് സോൺ ക്യാപ്റ്റൻ തകർത്തത്. 1987ൽ വെസ്റ്റ് സോണിനെതിരെ നോർത്ത് സോൺ താരമായ രമൺ 320 റൺസായിരുന്നു നേടിയിരുന്നത്.
ഇതിന് പുറമെ ദുലീപ് ട്രോഫിയിൽ ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ ഈസ്റ്റ് സോൺ താരം, ദുലീപ് ട്രോഫി ഫൈനലിൽ സെഞ്ച്വറി നേടുന്ന രണ്ടാമത് ക്യാപ്റ്റൻ, ഫൈനലിലെ രണ്ടാമത് മികച്ച സ്‌കോർ തുടങ്ങി ഒട്ടനേകം നേട്ടങ്ങളുമായാണ് ഇഷാൻ കിഷൻ ഒന്നാം ഇന്നിങ്‌സ് ബാറ്റിങ് അവസാനിപ്പിച്ചത്.
മത്സരത്തിൽ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഈസ്റ്റ് സോൺ 708 റൺസിന് ഓൾ ഔട്ട് ആവുകയായിരുന്നു. ഇഷാന്റെ സെഞ്ച്വറിക്ക് പുറമെ കുമാർ കുശാഗ്രയും സെഞ്ച്വറിയടിച്ച് മികച്ച പ്രകടനം കാഴ്ചവെച്ചു. 132 പന്തിൽ 101 റൺസാണ് താരം സ്വന്തമാക്കിയത്.
ശിഖർ മോഹൻ (120 പന്തിൽ 85), അഭിമന്യു ഈശ്വരൻ (86 പന്തിൽ 72), അനുകുൽ റോയ് (98 പന്തിൽ 45), മുഹമ്മദ് ഖുറേഷി (91 പന്തിൽ 40) എന്നിവരും ഈസ്റ്റ് സോണിനായി തിളങ്ങി.
സൗത്ത് സോണിനായി ത്രിപുരാന വിജയ് നാല് വിക്കറ്റെടുത്തപ്പോൾ ശ്രേയസ് ഗോപാലും ചാമ മിലിന്ദും രണ്ട് വീതം വിക്കറ്റുകളും ഷെയ്ഖ് റഷീദ് ഒരു വിക്കറ്റും വീഴ്ത്തി.
ഒന്നാം ഇന്നിങ്സിൽ സൗത്ത് സോൺ107.3 ഓവറിൽ 336 റൺസിനാണ് സൗത്ത് സോൺ ഓൾ ഔട്ട് ആയത്. മത്സരത്തിൽ സൗത്തിന് വേണ്ടി മികച്ച ബാറ്റിങ് പ്രകടനം നടത്തിയത് ക്യാപ്റ്റൻ തിലക് വർമയാണ്. അവസാന വിക്കറ്റ് വരെ പിടിച്ചുനിന്ന തിലക് 211 പന്തിൽ നിന്ന് ഒമ്പത് ഫോർ ഉൾപ്പെടെ 99 റൺസ് നേടി പുറത്താകുകയായിരുന്നു. തിലകിന് പുറമെ 104 പന്തിൽ നാല് ഫോർ ഉൾപ്പെടെ 62 റൺസ് നേടിയ ദേവ്ദത്ത് പടിക്കലും മികവ് പുലർത്തി.
അവസാന ഘട്ടത്തിൽ ചാമ മിലിന്ദ് 68 പന്തിൽ 43 റൺസ് നേടി. ഈസ്റ്റിന് വേണ്ടി മികച്ച ബൗളിങ് പ്രകടനം നടത്തിയത് മുകേഷ് കുമാറാണ്. മൂന്ന് വിക്കറ്റുകളാണ് താരം നേടിയത്. മുകേഷിന് പുറമെ മുഹമ്മദ് ഷമി, കോനൈൻ ഖുറേഷി, ശിഖാർ മോഹൻ എന്നിവർ രണ്ട് വിക്കറ്റുകളും നേടി.
നാലാം ദിവസം കളി നിർത്തുമ്പോൾ ഈസ്റ്റ് സോൺ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 212 റൺസ് എന്ന നിലയിലാണ്. ടീമിന് 584 റൺസിന്റെ കൂറ്റൻ ലീഡാണ് ടീമിനുള്ളത്.
Content Highlight: Ishan Kishan create a huge record in Duleep trophy final
