ദുലീപ് ട്രോഫിയിലെ ഫൈനലില്‍ ഈസ്റ്റ് സോണിന് വേണ്ടി തകര്‍പ്പന്‍ പ്രകടനം നടത്തിയതിന് പിന്നാലെ ക്യാപ്റ്റന്‍ ഇഷാന്‍ കിഷനെ പ്രശംസിക്കുകയാണ് മുന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റുമായ ആകാശ് ചോപ്ര. ഇഷാന്‍ കിഷന്‍ ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയതിന് ശേഷം റെഡ് -ബോള്‍ ക്രിക്കറ്റിനോട് വലിയ ആത്മാര്‍ത്ഥത കാണിക്കുന്നുണ്ടെന്നും ഇപ്പോള്‍ കിഷന്‍ ശരിയായ പാതയിലാണെന്നും ചോപ്ര പറഞ്ഞു.
‘ഇഷാന്‍ തിരിച്ചെത്തിയതിന് ശേഷം റണ്‍സ് നേടുകയും റെഡ്-ബോള്‍ ക്രിക്കറ്റിനോട് വലിയ ആത്മാര്‍ഥത കാണിക്കുകയും ചെയ്യുന്നു. പ്രതിബദ്ധതയും ക്ഷമയും അദ്ദേഹം പ്രകടിപ്പിക്കുന്നുണ്ട്. ഈ ഫോര്‍മാറ്റില്‍ റണ്‍സ് നേടുന്നത് വ്യത്യസ്തമായ കാര്യമാണ്.
ഇഷാന്‍ ഇപ്പോള്‍ അതിനെ ഒട്ടും ലാഘവത്തോടെ കാണുന്നില്ല. ഒരു സമയത്ത് ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ടതില്‍ അദ്ദേഹത്തിന് അതൃപ്തിയുണ്ടായിരുന്നു. കാര്യങ്ങള്‍ കൈവിട്ടുപോയ അവസ്ഥയുമുണ്ടായിരുന്നു.
ഇപ്പോള്‍ ഇഷാന്‍ വീണ്ടും ശരിയായ പാതയിലെത്തിയിരിക്കുകയാണ്. ടീമിലെ സ്ഥാനത്തിനായി വലിയ മത്സരമാണുള്ളതെന്ന് അദ്ദേഹം മനസിലാക്കിയിട്ടുണ്ട്. അതുകൊണ്ട് ടീമില്‍ നിന്ന് അധികം അകന്നുനില്‍ക്കാന്‍ കഴിയില്ലെന്നും അദ്ദേഹം തിരിച്ചറിഞ്ഞു.
ഇഷാന്‍ കിഷന്‍
റിഷബ് പന്തും ധ്രുവ് ജുറെലും ടെസ്റ്റ് ടീമിലെ സ്ഥിരം അംഗങ്ങളാണ്. അവരുടെ തൊട്ടുപിന്നിലാണ് ഇഷാന്‍ കിഷന്‍. എല്ലാ ഫോര്‍മാറ്റുകളിലും തന്നെ പരിഗണിക്കണമെന്ന് സെലക്ടര്‍മാരോട് അദ്ദേഹം തന്റെ പ്രകടനത്തിലൂടെ ആവശ്യപ്പെടുകയാണ്,’ തന്റെ യൂട്യൂബ് ചാനലില്‍ അദ്ദേഹം പറഞ്ഞു.
ദുലീപ് ട്രോഫി ഫൈനലില്‍ ഇഷാന്‍ കിഷന്റെ ഈസ്റ്റ് സോണ്‍ തിലക് വര്‍മയുടെ സൗത്ത് സോണിനെ നേരിടുകയാണ്. ചെന്നൈയില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഈസ്റ്റ് സോണ്‍ 708 റണ്‍സ് നേടി ആദ്യ ഇന്നിങ്സില്‍ ഓള്‍ ഔട്ട് ആയിരിക്കുകയാണ്. നായകന്‍ ഇഷാന്‍ കിഷന്റെ ഇരട്ട സെഞ്ച്വറി കരുത്തിലാണ് ഈസ്റ്റ് സോണ്‍ കൂറ്റന്‍ സ്‌കോറിലെത്തിയത്.
334 പന്തില്‍ 270 റണ്‍സാണ് ഇഷാന്‍ കിഷന്‍ സ്വന്തമാക്കിയത്. 30 ഫോറും ഏഴ് സിക്സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. ദുലീപ് ട്രോഫിയില്‍ ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ ഈസ്റ്റ് സോണ്‍ താരം, ദുലീപ് ട്രോഫി ഫൈനലില്‍ സെഞ്ച്വറി നേടുന്ന രണ്ടാമത് ക്യാപ്റ്റന്‍, ഫൈനലിലെ രണ്ടാമത് മികച്ച സ്‌കോര്‍ തുടങ്ങി ഒട്ടനേകം നേട്ടങ്ങളുമായാണ് ഇഷാന്‍ കിഷന്‍ ഒന്നാം ഇന്നിങ്സ് ബാറ്റിങ് അവസാനിപ്പിച്ചത്.
നിലവില്‍ ആദ്യ ഇന്നിങ്‌സില്‍ ബാറ്റ് ചെയ്ത സൗത്ത് സോണ്‍ 336 റണ്‍സിനും ഓള്‍ ഔട്ട് ആയിരിക്കുകയാണ്.
