2026 ബാലണ്‍ ഡി ഓര്‍ അവാര്‍ഡിനുള്ള 30 താരങ്ങളുടെ നോമിനേഷന്‍ പട്ടിക കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പട്ടികയില്‍ പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് ഇടം നേടാന്‍ സാധിച്ചിരുന്നില്ല.

തുടര്‍ച്ചയായ നാലാം തവണയാണ് റൊണാള്‍ഡോക്ക് നോമിനേഷനില്‍ സ്ഥാനം നഷ്ടമാവുന്നത്. ഇത്തവണയും ബാലണ്‍ ഡി ഓര്‍ ലിസ്റ്റില്‍ പോര്‍ച്ചുഗീസ് ഇതിഹാസത്തിന്റെ സ്ഥാനമില്ലെങ്കിലും മറ്റൊരു റെക്കോഡ് ലിസ്റ്റില്‍ ഇപ്പോഴും റൊണാള്‍ഡോ ആധിപത്യം തുടരുകയാണ്.

ബാലണ്‍ ഡി ഓര്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ നോമിനേഷനുകളില്‍ ഇടം നേടുന്ന താരമാണ് റൊണാള്‍ഡോ. 18 തവണയാണ് റൊണാള്‍ഡോ ഈ ലിസ്റ്റില്‍ ഇടം നേടിയത്. ഇത്തവണയും ബാലണ്‍ ഡി ഓര്‍ നോമിനേഷനില്‍ ഇടം നേടിയ അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസി പോലും ഈ കാര്യത്തില്‍ റൊണാള്‍ഡോക്ക് പുറകിലാണ്.

മെസി 17ാം തവണയാണ് ഈ ലിസ്റ്റില്‍ ഇടം നേടിയത്. പൗലോ മാൽഡീനി 13 നോമിനേഷന്‍ ലിസ്റ്റില്‍ ഇടം നേടി മൂന്നാം സ്ഥാനത്ത് തുടരുമ്പോള്‍ യോഹാന്‍ ക്രൈഫ്, കരിം ബെന്‍സിമ, ഫ്രാന്‍സ് ബെക്കന്‍ബോവര്‍ എന്നിവര്‍ നാലാം സ്ഥാനത്തുമുണ്ട്. മൂവരും 12 തവണയാണ് ഈ ലിസ്റ്റില്‍ ഇടം പിടിച്ചത്.

റൊണാള്‍ഡോയുടെ 25 വര്‍ഷത്തെ ഫുട്‌ബോള്‍ കരിയറില്‍ അഞ്ച് തവണയാണ് ബാലണ്‍ ഡി ഓര്‍ സ്വന്തമാക്കിയിട്ടുള്ളത്. 2008, 2013, 2014, 2016, 2017 എന്നീ വര്‍ഷങ്ങളിലായിരുന്നു റൊണാള്‍ഡോയുടെ ബാലണ്‍ ഡി ഓര്‍ നേട്ടം.

റൊണാള്‍ഡോ തന്റെ 41ാം വയസിലും പ്രായത്തെ വെല്ലുന്ന പോരാട്ടവീര്യമാണ് ഫുട്‌ബോളില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. സൗദി പ്രൊ ലീഗില്‍ അല്‍ നസറിന് വേണ്ടി ഈ സീസണിലും കളത്തിലിറങ്ങി ഗോള്‍ വേട്ട തുടരുകയാണ് റൊണാള്‍ഡോ.

ഫുട്ബോള്‍ ചരിത്രത്തില്‍ തുടര്‍ച്ചയായി 25 സീസണുകളിലും ഗോള്‍ നേടുന്ന ആദ്യ താരവും റൊണാള്‍ഡോ തന്നെയാണ്.

ഈ സീസണായിരിക്കും ഫുട്ബോളിലെ തന്റെ അവസാന വര്‍ഷമെന്ന് റൊണാള്‍ഡോ തുറന്നു പറഞ്ഞിരുന്നു. നിലവില്‍ ഇതുവരെ 978 ഗോളുകള്‍ നേടിയ റൊണാള്‍ഡോക്ക് 22 ഗോളുകള്‍ കൂടി നേടാന്‍ സാധിച്ചാല്‍ 1000 ഗോളുകളെന്ന ചരിത്ര നേട്ടത്തിലേക്കും നടന്നുകയറാന്‍ സാധിക്കും.

 

Content Highlight: Cristiano Ronaldo great record in Ballon d or nomination list