നൈനിറ്റാള്‍: ഹല്‍ദ്വാനിയിലെ രാംലീല മൈതാനത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പങ്കെടുത്ത റാലിക്ക് പിന്നാലെ വേദിയില്‍ ശുദ്ധീകരണം നടത്തിയ സംഭവത്തില്‍ എഫ്.ഐ. ആര്‍ രജിസ്റ്റര്‍ ചെയ്ത് ഉത്തരാഖണ്ഡ് പൊലീസ്. സംഭവം നടന്ന് ഒരു മാസത്തിനു ശേഷമാണ് പൊലീസ് കേസെടുക്കുന്നത്.

മുതിര്‍ന്ന അഭിഭാഷകയായ അഞ്ജു നല്‍കിയ പരാതിയിലാണ് കേസ്. സംഭവത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി എണ്‍പതിലേറെ പരാതികളാണ് ലഭിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇതില്‍ പത്തൊന്‍പതെണ്ണം നൈനിറ്റാള്‍ ജില്ലയില്‍ നിന്നു മാത്രമാണ്.

ഭാരതീയ ന്യായ സംഹിത 196, 299, പട്ടികജാതി-പട്ടികവര്‍ഗ അതിക്രമങ്ങള്‍ തടയുന്നതിനുള്ള നിയമം 3(1)(6) വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ആഗസ്റ്റ് എട്ടിനാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പങ്കെടുത്ത റാലി നടന്നത്. ആഗസ്റ്റ് പതിനൊന്നിനാണ് ശ്രീരാം സേന ധര്‍മ്മാര്‍ത്ഥ് സേവാ സംഘടന്‍ ‘ശുദ്ധീകരണയജ്ഞം’ നടത്തിയത്. ചടങ്ങിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഖാര്‍ഗെ ദളിതനായതുകൊണ്ടാണ് ഇത് ചെയ്തതെന്ന് ആരോപിച്ച് കോണ്‍ഗ്രസ് പൊലീസ്‌നടപടി ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു. പൊലീസ് സൂപ്രണ്ട് ഡോക്ടര്‍ ജഗദീശ് ചന്ദ്രയാണ് കേസ് അന്വേഷിക്കുന്നത്.

സംഭവത്തിനുപിന്നില്‍ ഏതെങ്കിലും വ്യക്തിയോ സംഘടനയോ ആണോ എന്ന് അറിയാന്‍ ചടങ്ങ് നടത്തിയവരെ തിരച്ചറിയാനുള്ള ശ്രമത്തിലാണ് പോലിസ്. ഇതിനായി പൊലീസ് ഡിജിറ്റല്‍ തെളിവുകള്‍ പരിശോധിച്ചേക്കും.

എന്നാല്‍ ചടങ്ങിന് ജാതിപ്രേരണയില്ലെന്ന് സംഘാടകര്‍ അറിയിച്ചു. പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി ഇത് സംബന്ധിച്ച് നടത്തിയ പ്രസ്താവനകള്‍ക്കെതിരെ ശ്രീരാം സേന ധര്‍മ്മാര്‍ത്ഥ് സേവാ സംഘടന്‍ പ്രവര്‍ത്തകരായ വിനോദ് കുമാര്‍ ആര്യ, അമിത് കുമാര്‍ എന്നിവര്‍ നല്‍കിയ പരാതിയില്‍ പൊലീസ്‌കേസെടുത്തിരുന്നു.

താന്‍ പട്ടികജാതി വിഭാഗത്തില്‍ പെട്ട ആളാണെന്നും രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനകള്‍ തന്റെ വികാരം വ്രണപ്പെടുത്തി എന്നുമാണ് അമിത് കുമാര്‍ പരാതിയില്‍ പറഞ്ഞത്.

ഇതേത്തുടര്‍ന്ന് സംഭവത്തില്‍ മുന്‍പ് പരാതി നല്‍കിയ അഞ്ജു പൊലീസ് സൂപ്രണ്ടിന്റെ ഓഫീസിലെത്തി നാലു മണിക്കൂറോളം പ്രതിഷേധിച്ചു. അതോടെയാണ് പൊലീസ് എഫ്.ഐ.ആര്‍. ഫയല്‍ ചെയ്തത്. തനിക്ക് രാഷ്ട്രീയ പാര്‍ട്ടികളുമായി ബന്ധമില്ലെന്നും ഖാര്‍ഗെയുടെ പ്രസംഗം കേള്‍ക്കാനാണ് സംഭവസ്ഥലത്ത് എത്തിയതെന്നും അഞ്ജു പറഞ്ഞു.

Nainital Police register FIR against ‘unknown persons’ for performing ‘purification’ of Mallikarjun Kharge’s rally venue