ന്യൂദല്‍ഹി: യെമനിലെ ഹൂത്തികള്‍ വിവിധ സൗദി നഗരങ്ങളില്‍ നടത്തിയ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് ഇന്ത്യ. ആക്രമണങ്ങള്‍ പ്രാദേശിക സുരക്ഷയെയും സ്ഥിരതയെയും ദുര്‍ബലപ്പെടുത്തുന്നതാണെന്ന് വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ ദേശീയ മാധ്യമങ്ങളോട് പറഞ്ഞു.

സൗദിയിലെ എണ്ണസാമ്പത്തിക കേന്ദ്രങ്ങളും മറ്റ് പ്രദേശങ്ങളും ലക്ഷ്യമിട്ട ആക്രമണങ്ങളില്‍ 73 പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.

സൗദി അറേബ്യയിലെ അഭ, നജ്‌റാന്‍, ജിസാന്‍ മേഖലകളിലെ ഊര്‍ജ അടിസ്ഥാന സൗകര്യങ്ങള്‍ക്കും കമീസ് മുഷൈത്തിലെ വ്യോമതാവളത്തിനും നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തെ തുടര്‍ന്ന് ചില എണ്ണ സംവിധാനങ്ങളില്‍ തീപിടിത്തവും പ്രവര്‍ത്തന തടസ്സങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

ആക്രമണങ്ങള്‍ ബാബ് അല്‍മന്ദബ് കടലിടുക്കിലെ സ്വതന്ത്ര നാവിഗേഷനും ഭീഷണിയാകുമെന്ന ആശങ്കയും ദേശൂയ പ്രതിനിധികള്‍ പ്രകടിപ്പിച്ചു. ആഗോള വ്യാപാരത്തിനും ഊര്‍ജ ഗതാഗതത്തിനും നിര്‍ണായകമായ സമുദ്രമാര്‍ഗമാണ് ബാബ് അല്‍മന്ദബ്.

യമനിലെ ഹൂത്തികളും സൗദി പിന്തുണയുള്ള സേനകളും തമ്മിലുള്ള സംഘര്‍ഷം വീണ്ടും രൂക്ഷമാകുന്നതിനിടെയാണ് പുതിയ ആക്രമണം.

മേഖലയില്‍ സംഘര്‍ഷം വ്യാപിക്കുന്നത് പശ്ചിമേഷ്യയിലെ സുരക്ഷയ്ക്കും ആഗോള എണ്ണവിപണിക്കും കൂടുതല്‍ സമ്മര്‍ദമുണ്ടാക്കുമെന്ന ആശങ്ക ശക്തമാണ്. ആക്രമണത്തെ തുടര്‍ന്ന് എണ്ണവിലയും ഉയര്‍ന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

സൗദിയുടെ നാല് തെക്കന്‍ നഗരങ്ങളിലാണ് ഹൂത്തി വ്യോമാക്രമണങ്ങളുണ്ടായത്. ആക്രമണമുണ്ടായ സ്ഥലങ്ങളില്‍ തീപ്പിടിത്തമുണ്ടായെന്ന് സൗദി അധികൃതര്‍ അറിയിച്ചു.

സൗദിയെ ലക്ഷ്യമിട്ട് തങ്ങള്‍ സൈനിക നടപടി ആരംഭിച്ചതായി ഹൂത്തികള്‍ ചൊവ്വാഴ്ച അറിയിച്ചിരുന്നു.

സൗദിയുടെ തെക്കന്‍ നഗരമായ ഖമീസ് മുഷൈത്തിലെ ഒരു വ്യോമതാവളവും നഗരങ്ങളിലെ സൗദി എണ്ണക്കമ്പനി ആസ്തികളും ആക്രമിക്കാന്‍ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് സൈനിക നടപടി ആരംഭിക്കുകയായിരുന്നെന്ന് ഹൂത്തികളുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

യെമനില്‍ ഹൂത്തികള്‍ക്കെതിരെ സൗദി നേതൃത്വത്തിലുള്ള അറബ് സഖ്യം സൈനിക നടപടി തുടരുകയായിരുന്നു. സമീപ വര്‍ഷങ്ങളില്‍ യുദ്ധം ശാന്തമായെങ്കിലും പിന്നീട് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കപ്പെട്ട് വീണ്ടും ഇരു പക്ഷവും സംഘര്‍ഷങ്ങളിലേക്ക് പോവുകയായിരുന്നു.

Content Highlights: Houthi attack in Saudi Arabia: India strongly condemns it; warns of threat to regional security.