മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രങ്ങളിലൊന്നായ ഐ ആം ഗെയിം രണ്ടാം വാരത്തിലേക്ക് കടക്കുകയാണ്. വന്‍ ഹൈപ്പിലെത്തിയ ചിത്രം തരക്കേടില്ലാത്ത പ്രതികരണങ്ങളുമായിട്ടാണ് ബോക്‌സ് ഓഫീസില്‍ മുന്നേറുന്നത്. ആദ്യവാരത്തില്‍ തന്നെ 50 കോടിയിലേറെ ചിത്രം സ്വന്തമാക്കുമെന്നാണ് കണക്കുകൂട്ടലുകള്‍.

മൂന്ന് വര്‍ഷത്തിന് ശേഷം ദുല്‍ഖര്‍ മോളിവുഡിലേക്ക് തിരിച്ചെത്തിയ ചിത്രമാണ് ഐ ആം ഗെയിം. നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ചിത്രം മോളിവുഡില്‍ ഇതുവരെ പരീക്ഷിക്കാത്ത കഥയാണ് പറഞ്ഞത്. ആക്ഷനും ഫാന്റസിയും സ്‌പോര്‍ട്‌സും ചേര്‍ത്ത് കഥ പറഞ്ഞ ചിത്രം മികച്ചൊരു തിയേറ്റര്‍ എക്‌സ്പീരിയന്‍സാണ്.

ദുല്‍ഖര്‍ അവതരിപ്പിച്ച ഡാന്‍ ജോണ്‍ എന്ന കഥാപാത്രമാണ് ഐ ആം ഗെയിമിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. സിനിമയെ ആദ്യാവസാനം താങ്ങിനിര്‍ത്തിയത് ദുല്‍ഖറിന്റെ പ്രകടനമാണ്. രണ്ടാം പകുതിയില്‍ ദുല്‍ഖറിനെ കാണിക്കാത്ത രംഗങ്ങളാണ് സിനിമയെ പിന്നോട്ട് വലിച്ചത്. ഒന്ന് പാളിയാല്‍ വലിയ ട്രോള്‍ മെറ്റീരിയലായേക്കാവുന്ന പല സീനുകളും ദുല്‍ഖറിന്റെ പ്രകടനം കൊണ്ട് ഗംഭീരമായി അനുഭവപ്പെട്ടു. അതിലൊന്നാണ് പ്രീ ഇന്റര്‍വെല്‍ ഫൈറ്റ്.

ഇന്ത്യന്‍ സിനിമയില്‍ പല തരത്തിലുള്ള ഹാന്‍ഡ് ടു ഹാന്‍ഡ് ഫൈറ്റുകള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്തമായ ഒരു ഹാന്‍ഡ് ടു ഹാന്‍ഡ് ഫൈറ്റായിരുന്നു ഐ ആം ഗെയിമിലേത്. നായകനല്ലാതെ മറ്റാരും ഈ ഫൈറ്റ് സീനില്‍ സ്‌ക്രീനിലില്ല. ഡാന്‍ ജോണും വിക്കിയുടെ കൈയും തമ്മിലുള്ള ഫൈറ്റ് സീന്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു.

ഈ സീനില്‍ ദുല്‍ഖര്‍ എന്ന നടനെ മാക്‌സിമം ഊറ്റിയെടുക്കാന്‍ സംവിധായകന്‍ നഹാസിന് സാധിച്ചിട്ടുണ്ട്. തന്റെ നിയന്ത്രണത്തിലല്ലാത്ത കൈയുമായി ഫൈറ്റ് ചെയ്യുക, അതിനനുസരിച്ച് റിയാക്ഷന്‍ നല്‍കുക എന്നീ കാര്യങ്ങള്‍ ദുല്‍ഖര്‍ ഭംഗിയായി ചെയ്തുവെച്ചു. വേറെ ആരെയും ഈ സീനില്‍ ആലോചിക്കാന്‍ പോലും പറ്റാത്ത രീതിയിലായിരുന്നു ദുല്‍ഖറിന്റെ പെര്‍ഫോമന്‍സ്.

ആദ്യപകുതിയിലെ ബാര്‍ ഫൈറ്റും ഗംഭീര എക്‌സിക്യൂഷനായിരുന്നു. തനിക്ക് ലഭിച്ച പവറിനെക്കുറിച്ച് നായകന്‍ ആദ്യമായി തിരിച്ചറിയുന്ന മൊമന്റും അത് അയാള്‍ ഉപയോഗിക്കുന്ന രീതിയും മികച്ച രീതിയില്‍ ഒരുക്കിയിട്ടുണ്ട്. ഫസ്റ്റ് ഹാഫിലെ ഈ രണ്ട് ഫൈറ്റിന്റെയും ഒപ്പം നില്‍ക്കുന്ന ഒരു ആക്ഷന്‍ സീന്‍ രണ്ടാം പകുതിയില്‍ ഇല്ലാതെ പോയിട്ടുണ്ട്. പ്രെഡിക്ടബിള്‍ ഫ്‌ളാഷ്ബാക്ക് ക്ലൈമാക്‌സ് ഫൈറ്റിന്റെ ഇംപാക്ട് ഇല്ലാതാക്കുകയും ചെയ്തു. എന്നിരുന്നാലും ദുല്‍ഖര്‍ എന്ന സ്റ്റാറും പെര്‍ഫോമറും ഒരുപോലെ തിളങ്ങിയ ചിത്രം തന്നെയാണ് ഐ ആം ഗെയിം.

Content Highlight: Dulquer’s performance in interval fight of I’m Game movie