ന്യൂദല്‍ഹി: വിദ്യാര്‍ഥി യൂണിയന് പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സമരം തുടരുന്ന ദല്‍ഹി ജാമിയ മിലിയ സര്‍വകലാശാലയില്‍ ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക് മാറ്റി. വിദ്യാര്‍ഥികളുടെ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കുന്നതിനായാണ് ഈ തീരുമാനമെടുത്തതെന്ന് സര്‍വകലാശാല ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.
2006ല്‍ പിരിച്ചുവിട്ട വിദ്യാര്‍ഥി യൂണിയന് പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് ജാമിയ മിലിയ സര്‍വകലാശാലയില്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധിക്കുന്നത്.
‘നിലവിലെ സാഹചര്യത്തില്‍ യൂണിവേഴ്സിറ്റി കാമ്പസിലെ ‘യഥാര്‍ത്ഥ’ വിദ്യാര്‍ഥികളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനായി, യൂണിവേഴ്സിറ്റിയിലെ എല്ലാ ക്ലാസുകളും ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ഓണ്‍ലൈന്‍ വഴി നടത്താന്‍ തീരുമാനിച്ചിരിക്കുന്നു’, ഒക്ടോബര്‍ 24ാം തീയതി രേഖപ്പെടുത്തിയ ജാമിയ മിലിയ രജിസ്ട്രാര്‍ മുഹമ്മദ് മഹ്താഹ് ആലം റിസ് വി ഒപ്പുവെച്ച നോട്ടീസില്‍ പറയുന്നു.
അതേസമയം, യൂണിവേഴ്സിറ്റി കാമ്പസ് ഗേറ്റ് നമ്പര്‍ ഏഴിന് സമീപം ഗുലിസ്ഥാന്‍-ഇ-ഗാലിബ് ഗാര്‍ഡനില്‍ വിദ്യാര്‍ഥികള്‍ സ്ഥാപിച്ച സമരപന്തല്‍ സര്‍വകലാശാല അധികൃതര്‍ നീക്കം ചെയ്തു. സമരപ്പന്തല്‍ പൊളിച്ചുനീക്കുന്നവര് വിദ്യാര്‍ഥികളോട് പിരിഞ്ഞുപോകാന്‍ ആവശ്യപ്പെടുന്ന വീഡിയോ പ്രചരിച്ചിരുന്നു.
ഒക്ടോബര്‍ 16 മുതല്‍ വിദ്യാര്‍ഥികള്‍ നിരാഹാരസമരത്തിലായിരുന്നു. ശനിയാഴ്ച രാവിലെ അധികൃതര്‍ വിദ്യാര്‍ഥികളുമായി ചര്‍ച്ച നടത്തിയെങ്കിലും ഫലം കാണാതെ വന്നതോടെ പ്രതിഷേധം തുടരുമെന്ന് സമരക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സുരക്ഷാജീവനക്കാര്‍ സമരപ്പന്തല്‍ പൊളിച്ചുനീക്കിയത്.
സര്‍വകലാശാല അധികൃതര്‍ രൂപീകരിച്ച ഒരു കമ്മിറ്റിയുമായി ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോഴും പ്രതിഷേധത്തെ നിയന്ത്രിക്കാനും കൂടുതല്‍ വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്നതില്‍ നിന്നും നിരുത്സാഹപ്പെടുത്താനുമാണ് ഈ നീക്കമെന്ന് ഐസ സെക്രട്ടറി സൗരഭ് ത്രിപാഠി മാധ്യമങ്ങളോട് പറഞ്ഞു.
സര്‍വകലാശാല വിദ്യാര്‍ഥി യൂണിയന് തെരഞ്ഞെടുപ്പ് വിജ്ഞാപനം സമയബന്ധിതമായി പുറപ്പെടുവിക്കണമെന്നും യൂണിയന് ഭരണഘടന തയ്യാറാക്കുന്നതിനുള്ള നിശ്ചിത ഷെഡ്യൂളും തെരഞ്ഞെടുപ്പിനുള്ള നിശ്ചിത തീയതിയും നല്‍കണമെന്നുമാണ് സമരക്കാരുടെ ആവശ്യം.
പ്രതിഷേധക്കാര്‍ക്കെതിരെ സ്വീകരിച്ച അച്ചടക്കനടപടികള്‍ പിന്‍വലിക്കണമെന്നും പ്രതിഷേധത്തില്‍ പങ്കെടുത്തതിന് ഒരു വിദ്യാര്‍ഥിക്കെതിരെയും തുടര്‍നടപടികള്‍ സ്വീകരിക്കില്ലെന്ന രേഖാമൂലം ഉറപ്പുനല്‍കണമെന്നും വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു. സുരക്ഷാ ഉപദേഷ്ടാവിനെയും ചീഫ് പ്രോക്ടറെയും നീക്കം ചെയ്യണമെന്നും വിദ്യാര്‍ഥികള്‍ ആവശ്യപ്പെടുന്നുണ്ട്.
സര്‍വകലാശാല നിയമത്തിലെ (ജെ.എം.ഐ ആക്ട്) 23(ജെ), (കെ) ആര്‍ട്ടിക്കിളുകള്‍ ഇരുപത് വര്‍ഷത്തിലേറെയായി തടസപ്പെട്ടിരിക്കുകയാണെന്ന് എച്ച്.എല്‍.സി തന്നെ സമ്മതിച്ചിട്ടുണ്ടെന്ന് അവര്‍ ചൂണ്ടിക്കാട്ടി. ഇരുപത് വര്‍ഷത്തെ മൗനം ഭരണകൂടത്തിന്റെ സ്വന്തം പരാജയമാണെന്നും അത് ഇപ്പോള്‍ തിരഞ്ഞെടുപ്പ് വൈകിപ്പിക്കുന്നതിനുള്ള ഒരു കാരണമായി ഉപയോഗിക്കാന്‍ കഴിയില്ലെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.
വിദ്യാര്‍ത്ഥി യൂണിയന് തിരഞ്ഞെടുപ്പുകളെ ഒരു ജനാധിപത്യ അവകാശമാണെന്ന് സുപ്രീം കോടതി ശരിവെച്ച ലിങ്ദോ കമ്മിറ്റി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി വിദ്യാര്‍ഥികള്‍ പറയുന്നു.
Content Highlight: Jamia Millia Islamia protest turned violent after campus security personnel forcibly tore down protest tent.
