”എന്തായാലും ഉറക്കം പോയി… നമുക്ക് അപ്പുറത്തെ മുറിയിലേക്ക് പോയാലോ?” കേള്‍ക്കുമ്പോള്‍ വളരെ സാധാരണമായി തോന്നാവുന്നൊരു ചോദ്യം. പക്ഷേ മലയാള സിനിമയുടെ പതിവ് അവതരണരീതികള്‍ക്കുള്ളില്‍ നിന്ന് നോക്കുമ്പോള്‍ ഈ രംഗത്തിന് അത്ര സാധാരണമായ സ്ഥാനമല്ല ഉള്ളത്.

മലയാള സിനിമയില്‍ പ്രണയവും ദാമ്പത്യവും അവതരിപ്പിക്കുമ്പോള്‍ ചില പതിവ് രീതികള്‍ നമ്മള്‍ നിരന്തരം കണ്ടിട്ടുണ്ട്. പ്രത്യേകിച്ച് ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള സ്വകാര്യ നിമിഷങ്ങളിലേക്ക് എത്തുമ്പോള്‍, അവിടെ ‘കാര്യങ്ങള്‍ക്ക് തുടക്കമിടുന്നത്’ പുരുഷ കഥാപാത്രമായിരിക്കും. എന്നാല്‍ അതിനെ അപ്പാടെ മാറ്റിമറിക്കുന്നുണ്ട് ഉന്മാദത്തിലെ ഈ രംഗം.

രാത്രിയില്‍ ഉറക്കം നഷ്ടപ്പെട്ട് നില്‍ക്കുന്ന നായകനോട് അടുത്ത മുറിയിലേക്ക് പോകാമെന്ന് പറയുന്നത് നായികയായി വേഷമിട്ട ലിജോ മോളാണ്. അതില്‍ യാതൊരു പ്രത്യേക പ്രഖ്യാപനമോ നാടകീയതയോ ഇല്ല. ജീവിതത്തില്‍ സംഭവിക്കാവുന്ന ഒരു കാര്യത്തെ അതേ സ്വാഭാവികതയോടെയാണ് അവതരിപ്പിക്കുകയാണ്. ഈ ചെറിയ നിമിഷത്തിന്റെ ഭംഗിയും അതുതന്നെയാണ്.

പ്രത്യേകിച്ച് കുട്ടികള്‍ വന്നതിന് ശേഷം ഒരു ദമ്പതികളുടെ ജീവിതത്തില്‍ ഉണ്ടാകുന്ന സ്വകാര്യതയുമായി ബന്ധപ്പെട്ട മാറ്റങ്ങളും പരസ്പരം കണ്ടെത്തേണ്ട പുതിയ വഴികളും സിനിമ വളരെ ലളിതമായി സ്പര്‍ശിക്കുന്നു.

ഒപ്പം ഈ സിനിമയിലുടനീളമുള്ള കുഞ്ചാക്കോ ബോബേന്റേയും ലിജോയുടേയും സ്വാഭാവിക അഭിനയവും എടുത്തുപറയേണ്ടതാണ്.

സിനിമയില്‍ ‘റിയലിസം’ എന്ന വാക്ക് പലപ്പോഴും ഉപയോഗിക്കാറുണ്ട്. എന്നാല്‍ ജീവിതത്തിലെ ഇത്തരം ചെറിയ, പറയാന്‍ മടിക്കുന്ന, സാധാരണയായി മറച്ചുവയ്ക്കപ്പെടുന്ന നിമിഷങ്ങളെ യാതൊരു കൃത്രിമത്വവുമില്ലാതെ അവതരിപ്പിക്കുമ്പോഴാണ് അതിന്റെ യഥാര്‍ഥ അര്‍ത്ഥം പ്രതിഫലിപ്പിക്കപ്പെടുന്നത്.

അത്തരത്തില്‍ നോക്കുമ്പോള്‍ ‘ഉന്മാദ’ത്തിലെ ഈ രംഗം വെറുമൊരു ക്ലീഷേ ബ്രേക്കിങ് സീന്‍ മാത്രമല്ല. ദാമ്പത്യത്തെ സിനിമയില്‍ കുറച്ചുകൂടി മനുഷ്യസഹജമായും സ്വാഭാവികമായും കാണാനുള്ള ഒരു ശ്രമം കൂടിയാണ്.

ഇവിടെ മറ്റൊരു പ്രധാനപ്പെട്ട കാര്യം കൂടിയുണ്ട്. ദാമ്പത്യത്തിലെ ലൈംഗികതയെ സിനിമ കൈകാര്യം ചെയ്യുമ്പോള്‍ അതിനെ ഒന്നുകില്‍ അമിതമായി റൊമാന്റിക് ആക്കുകയോ, അല്ലെങ്കില്‍ വെറും തമാശയ്ക്കുള്ള ഉപാധിയാക്കുകയോ ചെയ്യുന്ന പ്രവണതയുണ്ട്. എന്നാല്‍ ഈ രംഗം അതിന്റെ രണ്ടിനും പുറത്താണ് നില്‍ക്കുന്നത്. കഥാപാത്രങ്ങളുടെ ബന്ധത്തിന്റെ സ്വാഭാവികമായൊരു ഭാഗമായാണ് ആ ആഗ്രഹത്തെ സിനിമ കാണുന്നത്.

മലയാള സിനിമയില്‍ സ്ത്രീയുടെ ആഗ്രഹങ്ങളെയും ദാമ്പത്യത്തിലെ പരസ്പരതയെയും കുറിച്ച് ഇപ്പോഴും നിലനില്‍ക്കുന്ന ചില പതിവ് ധാരണകളെ വളരെ നിശബ്ദമായി സിനിമ ചോദ്യം ചെയ്യുന്നുണ്ട്.

ഷാഹി കബീർ. ലിജോമോൾ ജോസ്. Screen grab/ Youtube

ഇതിന് വേണ്ടി സിനിമ കഥാപാത്രങ്ങളെ പ്രസംഗിപ്പിക്കുന്നില്ല. ‘സ്ത്രീകള്‍ക്കും ആഗ്രഹങ്ങളുണ്ട്’ എന്ന് പ്രത്യേകം പറഞ്ഞുപഠിപ്പിക്കുന്നുമില്ല. പകരം, ഒരു സ്ത്രീ സ്വാഭാവികമായി തന്റെ ആഗ്രഹം പ്രകടിപ്പിക്കുന്ന ഒരു സാഹചര്യം മാത്രം കാണിക്കുന്നു.

റിയലിസ്റ്റിക് സിനിമയുടെ യഥാര്‍ഥ സൗന്ദര്യം പലപ്പോഴും ഇത്തരം ചെറിയ നിമിഷങ്ങളിലാണ്. വലിയ ട്വിസ്റ്റുകളോ അതിശയിപ്പിക്കുന്ന സംഭാഷണങ്ങളോ ഇല്ലാതെ, നമ്മുടെ ചുറ്റുമുള്ള ജീവിതത്തില്‍ നമ്മള്‍ കണ്ടിട്ടുള്ളതും അനുഭവിച്ചിട്ടുള്ളതുമായ കാര്യങ്ങളെ യാതൊരു മേക്കപ്പുമില്ലാതെ സ്‌ക്രീനിലേക്ക് കൊണ്ടുവരുമ്പോള്‍ സിനിമയ്ക്ക് ലഭിക്കുന്ന വിശ്വാസ്യത വേറെത്തന്നെയാണ്. ‘ഉന്മാദ’ത്തിലെ ഈ രംഗവും അത്തരത്തിലുള്ള ഒന്നാണ്.

Content Highlight:  When the woman takes the initiative in bed; why that particular scene in ‘Unmadam’ is striking