ഈ വര്‍ഷത്തെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ അധികം വൈകാതെ പ്രഖ്യാപിക്കുമെന്നാണ് സിനിമാപേജുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2025ല്‍ പ്രേക്ഷകരെ വിസ്മയിപ്പിച്ച സിനിമകള്‍ക്കും പ്രകടനങ്ങള്‍ക്കും അവാര്‍ഡുകള്‍ ലഭിക്കുമെന്നുള്ള ചര്‍ച്ചകള്‍ സിനിമാപേജുകളില്‍ ആരംഭിച്ചുകഴിഞ്ഞു. മികച്ച നടനുള്ള അവാര്‍ഡ് ആര് സ്വന്തമാക്കുമെന്നാണ് പ്രധാന ചര്‍ച്ചാവിഷയം.
2025ലെ ഗംഭീര പ്രകടനങ്ങളുടെ ലിസ്റ്റില്‍ ആദ്യസ്ഥാനത്തുള്ളത് ബേസില്‍ ജോസഫാണ്. പൊന്മാന്‍ എന്ന ചിത്രത്തിലെ അജേഷായി കരിയര്‍ ബെസ്റ്റ് പ്രകടനമാണ് ബേസില്‍ കാഴ്ചവെച്ചത്. മികച്ച നടനായി ബേസിലിനെ തെരഞ്ഞെടുത്താന്‍ അത് അര്‍ഹിച്ച കരങ്ങളിലെത്തുമെന്നും കാവ്യനീതിയാകുമെന്നുമാണ് പലരും അഭിപ്രായപ്പെടുന്നത്.

എന്നാല്‍ ഈ ലിസ്റ്റില്‍ ഇടംപിടിച്ച അച്ഛനും മകനുമാണ് മറ്റ് ചിലരുടെ ചര്‍ച്ചാവിഷയം. മോഹന്‍ലാലും മകന്‍ പ്രണവും ഇത്തവണ മികച്ച നടനുള്ള അവാര്‍ഡിനായി പലരും പരിഗണിക്കുന്നുണ്ട്. ഏറെക്കാലത്തിന് ശേഷം മോഹന്‍ലാലിലെ നടനെയും താരത്തെയും ഒരുപോലെ ഉപയോഗിച്ച തുടരുമിലെ പ്രകടനം അവാര്‍ഡ് തന്റെ ഷെല്‍ഫിലെത്തിക്കുമെന്നാണ് ആരാധകരുടെ അഭിപ്രായം.
ഡീയസ് ഈറേയിലെ പ്രകടനം പ്രണവിനും അര്‍ഹനാക്കിയേക്കുമെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. ഹൊറര്‍ ഴോണറിലൊരുങ്ങിയ ചിത്രത്തില്‍ പ്രണവിന്റെ പെര്‍ഫോമന്‍സ് പലരെയും ഞെട്ടിച്ചിരുന്നു. 11 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സ്റ്റേറ്റ് അവാര്‍ഡില്‍ അച്ഛനും മകനും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നത്. 2015 സംസ്ഥാന അവാര്‍ഡില്‍ മമ്മൂട്ടിയും ദുല്‍ഖറുമാണ് അവസാന റൗണ്ടില്‍ ഏറ്റുമുട്ടിയത്.

പത്തേമാരി എന്ന ചിത്രത്തിലെ പ്രകടനത്തിന് മമ്മൂട്ടിയും ചാര്‍ളിയിലെ പെര്‍ഫോമന്‍സിലൂടെ ദുല്‍ഖറും അവസാന റൗണ്ടിലെത്തിയിരുന്നു. പത്തേമാരിയിലെ നാരായണന്‍ അവാര്‍ഡ് സ്വന്തമാക്കുമെന്ന് കരുതിയെങ്കിലും എല്ലാവരെയും സര്‍പ്രൈസ് ചെയ്തുകൊണ്ട് ദുല്‍ഖര്‍ മികച്ച നടനായി. അന്നത്തെ ട്വിസ്റ്റ് 2026ല്‍ ആവര്‍ത്തിക്കുമോ എന്നാണ് പലരും ഉറ്റുനോക്കുന്നത്.

മോഹന്‍ലാല്‍, പ്രണവ്, ബേസില്‍ എന്നിവര്‍ക്കൊപ്പം മമ്മൂട്ടിയും ഇത്തവണ മത്സരിക്കാനുണ്ട്. 2024ല്‍ ഭ്രമയുഗമായിരുന്നെങ്കില്‍ ഇത്തവണ കളങ്കാവലുമായാണ് മമ്മൂട്ടിയുടെ വരവ്. വില്ലനായി ആരാധകരെ ഞെട്ടിച്ച പ്രകടനമായിരുന്നു കളങ്കാവലില്‍ കാഴ്ചവച്ചത്. മികച്ച നടന്‍ ആരാകുമെന്നറിയാന്‍ കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍.
Content Highlight: Mohanlal and Pranav competing in Kerala State Film awards
